ലോകമെമ്പാടുമുള്ള ക്വീര് മനുഷ്യര് തങ്ങളുടെ അവകാശങ്ങള്ക്കും നിലനില്പ്പിന് പോലും വേണ്ടി പോരാടുന്ന സമയത്താണ് പരമ്പരാഗത ആചാരങ്ങള് പൊളിച്ചെഴുതി ഫ്രാന്സിസ് മാര്പാപ്പ തന്റെ നിലപാടുകള് വ്യക്തമാക്കിയത്. ക്വീര് സമൂഹത്തെ കുറിച്ചുള്ള ചര്ച്ചകളോട് കൂടുതല് തുറന്ന മനസും മാനവിക സമീപനവും പുലര്ത്തിയ നേതാവായിരുന്നു ഫാന്സിസ് മാര്പാപ്പയെന്ന് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് റിയാസ് സലീം പറഞ്ഞു. സ്വവര്ഗാനുരാഗത്തെ ക്രിമിനലൈസ് ചെയ്യന്നതിനെതിരെ അദ്ദേഹത്തിന്റെ നിലപാടും സ്വവര്ഗ ദമ്പതികള്ക്ക് ആശീര്വാദം നല്കാന് കത്തോലിക്ക വൈദികര്ക്ക് അനുവാദം നല്കുന്ന അദ്ദേഹത്തിന്റെ ഉത്തരവും ഏറെ പ്രസക്തമായ തീരുമാനങ്ങളായിരുന്നുവെന്നും റിയാസ് റിപ്പോര്ട്ടറിനോട് വ്യക്തമാക്കി.
'ക്രിസ്ത്യന് മതനേതൃത്വത്തിനുള്ളില്, ക്വിയര് സമൂഹത്തെ കുറിച്ചുള്ള സംഭാഷണങ്ങള്ക്കായി കൂടുതല് തുറന്ന മനസ്സും മാനുഷ്യത്വപരമായ സമീപനവും കാണിച്ചയാളായിരുന്നു ഫ്രാന്സിസ് മാര്പാപ്പ. 'Who am I to judge?' എന്ന പ്രസ്താവന, സ്വവര്ഗ ദമ്പതികള്ക്ക് അനുഗ്രഹം അനുവദിച്ചുകൊണ്ടുള്ള തീരുമാനം, സ്വവര്ഗാനുരാഗത്തെ ക്രിമിനലൈസ് ചെയ്യുന്നതിന് എതിരായ നിലപാട്… ഇതെല്ലാം സ്തുത്യര്ഹമായ മുന്നേറ്റങ്ങളാണ്.
ക്വീര് വിഷയങ്ങളില് അദ്ദേഹം ഉല്ക്കാള്ളലിന് തയ്യാറായതും കരുണയ്ക്ക് വഴി തുറന്നതിലും സന്തോഷമുണ്ട്. പക്ഷെ അത് മാത്രമല്ല. അംഗീകാരവും സമത്വവുമാണ് ഒരു ക്വിയര് മനുഷ്യന് വേണ്ടത്. ഉള്ക്കൊള്ളല് എന്നത് സഹിഷ്ണുതയിലല്ല, സമത്വത്തിലായിരിക്കണം. ക്വീർ സമൂഹത്തിന്റെ അവകാശങ്ങള് ഉറപ്പാക്കുക എന്നതും പ്രധാനമാണ്', റിയാസ് പറഞ്ഞു.
മാര്പാപ്പയ്ക്ക് വിട
ഈസ്റ്റര് പിറ്റേന്ന് പ്രാദേശിക സമയം 7.35നാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് മാര്പ്പാപ്പ കാലം ചെയ്തതെന്ന് വത്തിക്കാൻ അറിയിച്ചു. 88 വയസായിരുന്നു. ബെനഡിക്റ്റ് പതിനാറാമന് മാര്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്ന്ന് 2013 മാര്ച്ച് 19 ന് ആണ് ഫ്രാന്സിസ് മാര്പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.
35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്ച്ച് 23നായിരുന്നു ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില് ഈസ്റ്റര് ദിനത്തിലും മാര്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില് വിശ്വാസികളെ കണ്ടിരുന്നു. ഗാസയില് ഉടന് തന്നെ വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര് സന്ദേശത്തില് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള് അനുഭവിക്കുന്നവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില് ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്മാര് മാര്പാപ്പയ്ക്ക് നിര്ദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില് നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു.
Content Highlights: Pope Francis' stance on the queer community