മുണ്ടക്കൈ-ചൂരല്മല ദുരന്തം; വിദഗ്ധ പഠനത്തിന് ജനകീയ ശാസ്ത്ര സംഘം

തൃശൂര് ആസ്ഥാനമായുള്ള ട്രാന്സിഷന് സ്റ്റഡീസ് കേരളയുമായി ചേര്ന്നാണ് പശ്ചിമഘട്ട സംരക്ഷണ സമിതി വിവിധ മേഖലകളിലെ വിദഗ്ധര് ഉള്പ്പെടുന്ന അന്വേഷണ സംഘത്തെ വിദഗ്ധ പഠനത്തിനായി ചുമതലപ്പെടുത്തിയത്.

കല്പറ്റ: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് പശ്ചിമ ഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള് കണ്ടെത്താന് ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ച് പരിസ്ഥിതി സംഘടനയായ പശ്ചിമഘട്ട സംരക്ഷണ സമിതി. തൃശൂര് ആസ്ഥാനമായുള്ള ട്രാന്സിഷന് സ്റ്റഡീസ് കേരളയുമായി ചേര്ന്നാണ് പശ്ചിമഘട്ട സംരക്ഷണ സമിതി വിവിധ മേഖലകളിലെ വിദഗ്ധര് ഉള്പ്പെടുന്ന അന്വേഷണ സംഘത്തെ വിദഗ്ധ പഠനത്തിനായി ചുമതലപ്പെടുത്തിയത്.

പ്രകൃതിദുരന്തങ്ങളുടെ ചരിത്ര പശ്ചാത്തലം, ഇത്തരം സന്ദര്ഭങ്ങളില് ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന-കേന്ദ്ര സര്ക്കാരുകളുടെയും പ്രതികരണം എന്നിവ മനസ്സിലാക്കുവാന് സംഘം ശ്രമിക്കും. അപകട സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ പരാധീനത അന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്തും. ദുരന്ത പൂര്വ്വ ഘട്ടങ്ങളിലെ തയ്യാറെടുപ്പുകള് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള് സംബന്ധിച്ച് സംസ്ഥാന സര്ക്കാരുകള്ക്ക് നിര്ദ്ദേശങ്ങള് സമര്പ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് പഠനം.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ മേരി ജോര്ജ്ജ്, ജിയോളജിസ്റ്റും നാഷണല് സെന്റര് ഫോര് അഡ്വാന്സ് സ്റ്റഡീസിലെ പ്രൊഫസറുമായ സി പി രാജേന്ദ്രന്, കേരള വന ഗവേഷണ കേന്ദ്രത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ ടി വി സജീവ്, യുഎന്ഇപിയില് റിസ്ക് അനലിസ്റ്റ് കണ്സള്ട്ടന്റായിരുന്ന സാഗര് ധാര, കുസാറ്റ് അഡ്വാന്സ്ഡ് റഡാര് റിസര്ച്ച് സെന്ററിലെ ശാസ്ത്രജ്ഞനും ക്ലൈമറ്റോളജിസ്റ്റുമായ ഡോ. എസ് അഭിലാഷ്, തദ്ദേശീയ നെല്വിത്തിനങ്ങളുടെ സംരക്ഷകനായ പരമ്പരാഗത കര്ഷകന് ചെറുവയല് രാമന്, കാര്ഷിക ശാസ്ത്രജ്ഞനായ ഡോ എന് അനില് കുമാര്, സസ്യശാസ്ത്ര വിദഗ്ധന് ഡോ പ്രകാശ് സി ഝാ (എന്വയോണ്മെന്റ് എന്ജിനിയറിംഗ്) സസ്റ്റൈനബിലിറ്റി എക്സ്പേര്ട്ട് ഡോ ശ്രീകുമാര്, പൊതുജനാരോഗ്യ പ്രവര്ത്തകനായ ഡോ ജിആര് സന്തോഷ് കുമാര്, ഡോ സ്മിത പി കുമാര് (ബോട്ടണിസ്റ്റ്), സി കെ വിഷ്ണുദാസ് (ഹ്യൂം സെന്റര് ഫോര് ഇക്കോളജി) തുടങ്ങിയവരാണ് ജനകീയ ശാസ്ത്ര സമിതി അംഗങ്ങള്.

To advertise here,contact us