എവിടെത്തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം മത്തി മാത്രം....!! വലഞ്ഞ് മത്സ്യത്തൊഴിലാളികൾ; എന്താണ് കാരണം?

കിലോയ്ക്ക് 400 രൂപ വരെയൊക്കെ ഉയർന്നതോടെ എങ്കിലുമെന്റെ മത്തീ എന്ന് മീൻ പ്രേമികൾ വിളിച്ചുപോയ അവസ്ഥയായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ഡിമാൻഡുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ 'അൽ മത്തി' ആയ നമ്മുടെ കു‍ഞ്ഞൻ മീൻ വീണ്ടും 'പവനായി അങ്ങനെ ശവമായി' അവസ്ഥയിലേക്ക് തിരിച്ചെത്തി.

മത്തി കിട്ടാനില്ലേ എന്ന് മലയാളി കരഞ്ഞത് കുറച്ചു നാളുകൾക്ക് മുമ്പാണ്. കടകളിലെങ്ങും മത്തിയില്ലായിരുന്നു. എങ്ങാനും ഉണ്ടെങ്കിലോ വൻ വിലയും. കിലോയ്ക്ക് 400 രൂപ വരെയൊക്കെ ഉയർന്നതോടെ എങ്കിലുമെന്റെ മത്തീ എന്ന് മീൻ പ്രേമികൾ വിളിച്ചുപോയ അവസ്ഥയായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ഡിമാൻഡുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ അൽ മത്തി ആയ നമ്മുടെ കു‍ഞ്ഞൻ മീൻ വീണ്ടും പവനായി അങ്ങനെ ശവമായി അവസ്ഥയിലേക്ക് തിരിച്ചെത്തി. 400ൽ നിന്ന് കിലോയ്ക്ക് 15 രൂപ എന്ന തരത്തിലേക്ക് മത്തിവില താഴുന്ന കാഴ്ച്ചയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. കടകളിൽ ഇന്ന് ഒരു കിലോ മത്തിക്ക് വില 100 മുതൽ 150 വരെയാണ്. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം ഇതൊന്നുമല്ല. കടലിൽ എവിടെ നോക്കിയാലും മത്തി മാത്രേ ഉള്ളു എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവലാതി.

വടക്കൻ മേഖലയെന്നോ തെക്കൻ മേഖലയെന്നോ വ്യത്യാസമില്ലാതെ സ്ഥിതി ഇതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരു മാസത്തിലേറെയായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന മീനുകളിൽ 90 ശതമാനത്തിലേറെയും മത്തിയാണ്. ഇതോടെ മത്തിയുടെ വിലയുമിടിഞ്ഞു. അതിനിടെ, മത്തി കൂട്ടത്തോടെ തിരയ്ക്കൊപ്പം കരയിലേക്കു കയറുന്ന പ്രതിഭാസം കൂടി ഉണ്ടായതോടെ വിലത്തകർച്ച പാരമ്യത്തിലെത്തി. കിലോയ്ക്ക് 25-30 രൂപ നിരക്കിലാണ് ഇപ്പോൾ ഹാർബറുകളിൽനിന്ന് കമ്പനികൾ മത്തി വാങ്ങുന്നത്.

Also Read:

Environment
പുഷ്പ ഒരിക്കലും ചന്ദന കടത്ത് നിർത്തില്ല...അതിന് ഒരു കാരണമുണ്ട്!

മത്തി ധാരാളമായി വള്ളക്കാർക്ക് ലഭിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു മീനെടുക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീൻതീറ്റ നിർമാണ കമ്പനികളുടെ പ്രതിനിധികൾ ഹാര്‍ബറുകളിൽ സജീവമാണ്. ഇപ്പോൾ ലഭിക്കുന്ന മത്തിയുടെ വലിയ പങ്കും തീറ്റ നിർമാണം, വളം, മീൻ ഓയിൽ ഉപയോഗിച്ചുള്ള ഔഷധങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് ഉപയോ​ഗിക്കുന്നത്. എന്തായാലും എവിടെത്തിരിഞ്ഞാലും മത്തി എന്ന അവസ്ഥയായത് തങ്ങൾക്ക് ​ഗുണകരമല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

എന്താണ് കാരണം?

മഴ കൂടുതലായി ലഭിച്ചത് കടലിൽ മത്തിയുടെ എണ്ണം കൂടാൻ കാരണമായെന്നാണ് മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ.) പറയുന്നത്. മത്തിയുടെ പ്രധാന ആഹാരം സസ്യ പ്ലവകങ്ങളാണ്. മഴ കൂടുതലായതോടെ ഇവ വൻതോതിൽ ഉണ്ടായത് മത്തിക്കൂട്ടത്തിന്റെ പെരുകലിന് കാരണമായെന്നാണ് വിലയിരുത്തൽ. കടലിൽ ഓക്സിജന്റെ അളവു കുറഞ്ഞ മേഖലകളുണ്ട്. ഈ മേഖല മാറി മാറി വരും. തീരക്കടലിൽ ഈ മേഖലയെത്തുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ രക്ഷപ്പെടാനായി മത്തിക്കൂട്ടം തിരയോടൊപ്പം കരയിലെത്തും. അതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഭാസത്തിന് കാരണം.

Content Highlights:

To advertise here,contact us