പത്തും പതിനഞ്ചുമല്ല 400 വര്‍ഷം ആയുര്‍ദൈര്‍ഘ്യം;ഗ്രീന്‍ലന്‍ഡ് സ്രാവിന്റെ ആയുസ്സിന്റെ രഹസ്യം

ട്യൂമറോ, കാന്‍സറോ ബാധിക്കാതെ ഇത്രയധികം വര്‍ഷം എങ്ങനെ ഇവ ജീവിക്കുന്നു എന്നത് സംബന്ധിച്ച നിഗൂഢതകളിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് പുതിയ പഠനം

400 വര്‍ഷം ആയുസ്സ്.. വിശ്വസിക്കാനാവുമോ? അതേ, ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ ആയുസ്സ് 400 വര്‍ഷം വരെയാണ്. 20 അടിയോളം വളരുന്ന ഇവ ഏകദേശം 1400 കിലോഗ്രാം ഭാരവും കൈവരിക്കും. ഉത്തര അറ്റ്‌ലാന്റിക്- ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന ഇവയുടെ ആയുസ്സിന്റെ ദൈര്‍ഘ്യം നിഗൂഢമായിരുന്നു. ട്യൂമറോ, കാന്‍സറോ ബാധിക്കാതെ ഇത്രയധികം വര്‍ഷം എങ്ങനെ ഇവ ജീവിക്കുന്നു എന്നത് സംബന്ധിച്ച ആ രഹസ്യത്തിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് പുതിയ പഠനം.

കൂടുതല്‍ ആയുസ്സുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഡിഎന്‍എയില്‍ തകാറുണ്ടാകുന്നതിനാല്‍ അര്‍ബുദം സാധ്യത ഏറെയാണ്. ധാരാളം കോശങ്ങളുള്ള ഇവയില്‍ കോശവിഭജനം തെറ്റായി വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് സാധാരണഗതിയില്‍ ശാസ്ത്രം പറയുന്നത്. എന്നാല്‍ ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ കാര്യത്തില്‍ ഈ ശാസ്ത്രനിഗമനം അപ്പാടെ തെറ്റുകയായിരുന്നു.

സ്രാവിന്റെ സങ്കീര്‍ണമായ ജനിതക ഘടന പരിശോധിച്ച ശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ സമസ്യയുടെ ഉത്തരം ഒടുവില്‍ കണ്ടെത്തി. സ്രാവിന്റെ ജനികഘടനയിലുള്ള രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ജീനുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സ്രാവിന്റെ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവ പരിഹരിക്കുന്നതും മെച്ചപ്പെടുത്തുന്നതും ഈ ജീനുകളാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ജീനുകള്‍ പ്രോട്ടീന്‍ എന്‍എഫ്-കെബി ഇവ ഉല്പാദിപ്പിക്കുന്നതായും അത് വീക്കം, പ്രതിരോധശക്തി, കോശങ്ങളുടെ അതിജീവനം എന്നിവയെ സഹായിക്കുന്നതായും കണ്ടെത്തി. ഈ പ്രക്രിയയാണ് ട്യൂമറോ, കാന്‍സറോ ബാധിക്കുന്നതില്‍ നിന്ന് സ്രാവുകളെ സംരക്ഷിക്കുന്നത്. വളരെക്കുറച്ചുകാലം ജീവിക്കുന്ന സ്രാവുകളെ അപേക്ഷിച്ച് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ക്ക് ഈ ജീനുകള്‍ കൂടുതലാണെന്നും അവര്‍ കണ്ടെത്തി. ഇത് അവരുടെ ജനിതകഘടനയെ കൂടുതല്‍ സുസ്ഥിരമാക്കി നിര്‍ത്താന്‍ സഹായിക്കുകയും കേടുപാടുകളുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

Content Highlights: Greenland sharks lead perfectly healthy lives up to 400 years

To advertise here,contact us