ആരാണ് മേക്കപ്പ് കണ്ടുപിടിച്ചത്, അറിയാമോ?

മേക്കപ്പ് കണ്ടുപിടിച്ചതും ആദ്യം ഉപയോഗിച്ചതും ആരാണെന്നുള്ള കഥയറിയാം

സുന്ദരിയായ ക്ലിയോപാട്രയ്ക്ക് ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമുണ്ടായിരുന്നു. പച്ച ഐഷാഡോ, കറുത്ത ഐലൈനര്‍, ചുവന്ന ലിപ്സ്റ്റിക് എന്നിവയൊക്കെയിട്ട് അവര്‍ അക്കാലത്ത് സൗന്ദര്യത്തിന് പുതിയ മാനം കൊണ്ടുവന്നിരുന്നു. നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ എങ്ങനെയാണ് അന്നത്തെ കാലത്ത് അവര്‍ ഇത്ര സുന്ദരിയായി ഒരുങ്ങിയതെന്നും എന്ത് മേക്കപ്പ് പ്രോഡക്ടുകളാണ് അവര്‍ ഉപയോഗിച്ചിരുന്നതെന്നും ഒക്കെ.

ഈജിപ്തുകാരാണ് ആദ്യമായി മേക്കപ്പ് കണ്ടുപിടിച്ചത്. അവരുടെ ചില സാങ്കേതിക വിദ്യകളും മറ്റും ഇന്ന് നമ്മള്‍ ഉപയോഗിക്കന്ന രീതിയുമായി സാമ്യമുള്ളതാണ്. മേക്കപ്പിന്റെ ഷെല്‍ഫ് ലൈഫ് ആയുസ് ഏതാനും മാസങ്ങളോ വര്‍ഷമോ ആയിരിക്കുമല്ലോ. ആ രീതികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്തുടര്‍ന്നവരാണ് ഈജിപ്തുകാര്‍. സമ്പന്നരായ ഈജിപ്തുകാര്‍ അവരുടെ ചര്‍മ്മം സംരക്ഷിക്കാനായി പല കാര്യങ്ങളും ചെയ്തിരുന്നു. ചര്‍മ്മം വൃത്തിയാക്കാന്‍ ഉപ്പ്, ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും പോഷിപ്പിക്കാനും ഫേസ്മാസ്‌കുകള്‍. പാലും തേനും ചേര്‍ത്തുള്ള കുളി, അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ ഷുഗറിംഗ് ടെക്‌നിക് ഇതൊക്കെ കാലങ്ങള്‍ക്ക് മുന്‍പേ അവര്‍ ഉപയോഗിച്ചിരുന്നു.

പുരാതന ഈജിപ്തുകാര്‍ ഉപയോഗിച്ചിരുന്ന പ്രധാന ഉത്പന്നങ്ങള്‍ പച്ച ഐഷാഡോ, കറുത്ത ഐലൈനര്‍, ചുവന്ന ലിപ്സ്റ്റിക് എന്നിവയ്ക്ക് സമാനമായതായിരുന്നു. മലാക്കൈഡ് എന്ന പച്ച ധാതു മൃഗക്കൊഴുപ്പുമായി കലര്‍ത്തിയാണ് ഐഷാഡോ നിര്‍മ്മിച്ചത്.ഐഷാഡോയ്ക്ക് ശേഷം പിന്നീടവര്‍ ഉപയോഗിച്ചത് ഐലൈനര്‍ ആയിരുന്നു. ആധുനിക കാലത്തെപ്പോലെ കണ്ണുകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ കോള്‍ എന്ന് അറിയപ്പെടുന്ന ഐലൈനര്‍ ഉപയോഗിച്ചിരുന്നു. അതുപോലെ മൃഗകൊഴുപ്പുമായി കളിമണ്‍ പിഗ്മെന്റ് കലര്‍ത്തി ചുവന്ന ലിപ്സ്റ്റിക് ഉണ്ടാക്കി. ഈ ലിപ്സ്റ്റിക് കവിളില്‍ ബ്‌ളഷ് ആയും പുരട്ടിയിരുന്നു. ഈജിപ്ത്യന്‍ ശവകുടീരങ്ങളില്‍ നിന്ന് ചില മേക്കപ്പ് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മേക്കപ്പ് ആത്മീയ വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നതായും ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. ബ്രഷുകള്‍, സ്പൂണുകള്‍ തുടങ്ങിയ വിവിധ മേക്കപ്പ് ഉപകരണങ്ങളില്‍ വിശുദ്ധ ചിഹ്നങ്ങളുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട് .

ഗ്രീക്കുകാരുടെ ചര്‍മ്മ സംരക്ഷണം

പുരാതന ഗ്രീക്ക്കാര്‍ ഈജിപ്തുകാരുടെ ചില ആശയങ്ങള്‍ സ്വീകരിച്ചിരുന്നു. മേക്കപ്പിനോട് അവര്‍ക്ക് വളരെയധികം താല്‍പര്യവുമായിരുന്നു. കോസമറ്റിക്ക എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് കോസ്‌മെറ്റിക്ക് എന്ന വാക്ക് ഉണ്ടാകുന്നത്. പുരാതന ഗ്രീക്കുകാര്‍ ഇളം നിറമുള്ള ചര്‍മ്മമാണ് സൗന്ദര്യമെന്ന് കരുതി ചര്‍മ്മത്തിന്റെ നിറത്തിന് വൈറ്റ്‌നറുകള്‍ ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ ചോക്കും വെളുത്ത ലെഡും ചര്‍മ്മത്തില്‍ പുരട്ടാന്‍ ഉപയോഗിച്ചു. പക്ഷേ പലപ്പോഴും ഇവ വിഷവസ്തുക്കളായതുകൊണ്ടുതന്നെ ചര്‍മ്മത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈജിപ്തുകാരെപ്പോലെ തന്നെ കണ്ണുകള്‍ സുന്ദരമാക്കാന്‍ അവര്‍ ഐലൈനറുകളും ഉപയോഗിച്ചു. ഒലിവ് ഓയിലും കരിയും ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് അവര്‍ കണ്ണിന്റെ ഭംഗിക്കായി ഉപയോഗിച്ചത്.

റോമക്കാര്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു

പുരാതന റോമക്കാര്‍ മേക്കപ്പിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ മാറ്റിമറിക്കുകയാണുണ്ടായത്. അവര്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നത്തെ സംഗ്രഹിച്ചത് സ്‌കിന്‍ കെയര്‍ എന്നാണ്. അവര്‍ കൂടുതലായും രൂപ ഭംഗി ഇഷ്ടപ്പെടുന്നവരായിരുന്നു. അവര്‍ അധികം മേക്കപ്പ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നില്ല, കൂടുതലും ചര്‍മ്മ സംരക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുഖക്കുരുവും ചുളിവുകളും മായ്ക്കാന്‍ വിവിധ ലോഷനുകള്‍ ഉപയോഗിച്ചു. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാന്‍ മാസ്‌കുകള്‍ ഉപയോഗിച്ചു. എണ്ണ, തേനീച്ച മെഴുക്, ഔഷധ സസ്യങ്ങള്‍, പൂക്കള്‍ തുടങ്ങിയവയില്‍ നിന്നാണ് അവര്‍ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

മേക്കപ്പ് ഒരു വ്യക്തി കണ്ടുപിടിച്ചതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ചരിത്രത്തില്‍ നിലവിലുണ്ട്. അതിന് പല രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ഇത്രയധികം മേക്കപ്പ് ടെക്‌നിക്കുകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് ചിന്തിക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലേ.

Content Highlights :Do you know the story of who invented makeup and who first used it?

To advertise here,contact us