ഒരു സെലിബ്രിറ്റി സ്റ്റൈലിസ്റ്റിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ്

ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്

'സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഒരു വര്‍ക്കിന് ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയോ അതില്‍ക്കൂടുതലോ ആണ് പ്രതിഫലമായി വാങ്ങുക. ഇത് ഒരു ഏകദേശ കണക്ക് മാത്രമാണ്. സ്റ്റൈലിസ്റ്റിന്റെ എക്‌സ്പീരിയന്‍സ്, ലൊക്കേഷന്‍, അവര്‍ വാഗ്ദാനം ചെയ്യുന്ന സര്‍വ്വീസുകള്‍ എന്നിവയെ ആശ്രയിച്ച് തുകയില്‍ മാറ്റം വരും'. ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടി രാകുല്‍ പ്രീത് സിംഗാണ്. ഫിഗറിംഗ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റികളുടെ റെഡ് കാര്‍പ്പറ്റ് ലുക്കിനെക്കുറിച്ചും അതിന് വരുന്ന ചിലവിനെക്കുറിച്ചുമുളള ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

'അതിനായി ഒരു ടീമുണ്ടാകും. നമ്മള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല. കുറച്ച് ചെലവേറിയ പരിപാടിയാണ്. ഒരു റെഡ് കാര്‍പ്പറ്റ് ലുക്കിനായി ഇരുപതിനായിരം മുതല്‍ ഒരുലക്ഷം രൂപയോ അതില്‍ കൂടുതലോ ആണ് ഒരു സെലബ്രിറ്റി സ്‌റ്റൈലിസ്റ്റ് വാങ്ങുക. അഭിനേതാവ് സ്‌റ്റൈലിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും ഹെയര്‍ ആന്‍ഡ് മേക്കപ് ടീമിനും പ്രതിഫലം കൊടുക്കണം. ഞാന്‍ ആറ് വര്‍ഷമായി ഒരേ മേക്കപ്പ് ആന്‍ഡ് ഹെയര്‍ ടീമിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അവരിപ്പോള്‍ എന്റെ കുടുംബം പോലെയാണ്. ചിലപ്പോള്‍ അവര്‍ എന്നോട് പ്രതിഫലം ചോദിക്കാറുപോലുമില്ല', രാകുല്‍ പറഞ്ഞു.

റെഡ് കാര്‍പ്പറ്റില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഡിസൈനേഴ്‌സിന് പണം നല്‍കുമോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. 'വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് നാം സ്റ്റൈലിസ്റ്റുകള്‍ക്കാണ് പ്രതിഫലം നല്‍കുന്നത്. അവര്‍ അവരുടെ അസിസ്റ്റന്റുമാര്‍ക്കുളള ശമ്പളം മുതല്‍ കൊറിയര്‍ ചാര്‍ജ് വരെയുളള തുക നമ്മളില്‍ നിന്ന് ഈടാക്കും. അതുകൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഡിസൈനറാണ് നമ്മുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതെങ്കില്‍ ചെലവ് കൂടും. ഡിസൈനര്‍മാര്‍ ഒരു സെലിബ്രിറ്റിക്ക് വസ്ത്രം കൊടുക്കുന്നത് അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെടും എന്നതുകൊണ്ടാണ്. അതുവഴി അവര്‍ക്കും വിസിബിലിറ്റിയുണ്ടാകും. എന്റെ സ്റ്റൈലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറുളളത്. അവ സൗജന്യമായി എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല'- നടി കൂട്ടിച്ചേര്‍ത്തു.

Content Highlights: How much does a celebrity stylist charge? rakul preet singh reveals

To advertise here,contact us