10 സംസ്ഥാനങ്ങളിലായി നിരവധി പേർക്ക് ഭക്ഷ്യവിഷബാധ; അമേരിക്കയിൽ വില്ലനായി മക്‌ഡൊണാൾഡ്‌സ്

കടുത്ത പനി, ശർദ്ദി, വയറിളക്കം എന്നിവയാണ് 10 സംസ്ഥാനങ്ങളിലായി നിരവധി പേർക്ക് അനുഭവപ്പെട്ടത്

ലോകത്തെത്തന്നെ ഏറ്റവും പ്രശസ്തമായ ഫാസ്റ്റ് ഫുഡ് ചെയിനാണ് മക്‌ഡൊണാൾഡ്‌സ്. ലോകമെമ്പാടും നിരവധി ഔട്ട്‌ലെറ്റുകളുള്ള മക്‌ഡൊണാൾഡ്‌സ് ഏറ്റവും ഡിമാന്റുളള ബർഗർ സ്റ്റോപ്പ് കൂടിയാണ്. അമേരിക്കയിലെല്ലാം നിരവധി ആളുകളാണ് മക്‌ഡൊണാൾഡ്‌സ് ദിവസേന ഉപയോഗിക്കുന്നത്. ബർഗറും ഫ്രയ്‌സും എല്ലാം അടങ്ങുന്ന പാശ്ചാത്യ ഭക്ഷ്യ സംസ്കാരത്തിൽ മക്‌ഡൊണാൾഡ്സിന് വലിയ പങ്കുള്ളതിനാൽ അമേരിക്കക്കാരുടെ ഭക്ഷണശീലങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഭക്ഷ്യവിതരണ ശൃംഖലമാണ് മക്‌ഡൊണാൾഡ്‌സ്.

എന്നാൽ അമേരിക്കയിൽ ഇപ്പോൾ വില്ലൻ മക്‌ഡൊണാൾഡ്‌സാണ്. വിവിധ സംസ്ഥാനങ്ങളാകെ പടർന്നുപിടിച്ച ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണം. അമേരിക്കയിലെ 10 സംസ്ഥാനങ്ങളിലായി അമ്പതോളം ആളുകൾക്കാണ് മക്‌ഡൊണാൾഡ്സിൽ നിന്നുള്ള ഭക്ഷണം മൂലം ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. കൊളറാഡോ, നെബ്രാസ്ക സംസ്ഥാനങ്ങളിലാണ് സ്ഥിതി അല്പം ഗുരുതരമായിരിക്കുന്നത്. നിലവിൽ 10 പേർ ആശുപത്രിയിലാണെന്നും, അവരിൽ ഉൾപ്പെട്ട ഒരു കുട്ടിക്ക് കിഡ്നികളിലെ രക്തധമനികളെ ബാധിക്കുന്ന ഹെമോലൈറ്റിക്ക് യുറീമിക്‌ സിൻഡ്രോം ബാധിച്ചിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം. ക്വാർട്ടർ പൗണ്ടർ എന്ന ബീഫ് പാറ്റി ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എവിടെനിന്നാണ് ഉണ്ടായതെന്ന കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ബർഗറിനായി ഉപയോഗിക്കുന്ന സ്‌ലൈസ്ഡ് ഒണിയൻസ്, ബീഫ് പാറ്റികൾ എന്നിവയിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് നിഗമനം. അതിനാൽ തത്കാലത്തേക്ക് ക്വാർട്ടർ പൗണ്ടർ ബർഗർ മെനുവിൽ നിന്ന് ഒഴിവാക്കാൻ മക്‌ഡൊണാൾഡ്സിനോട് യുഎസ് ആരോഗ്യവിഭാഗം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കടുത്ത പനി, ശർദ്ദി, വയറിളക്കം എന്നിവയാണ് 10 സംസ്ഥാനങ്ങളിലായി നിരവധി പേർക്ക് അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ച് മൂന്ന് ദിവസത്തോടടുത്താണ് പലർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നും ചിലർക്ക് ഉടൻ ബദ്ധമായെന്നും എന്നാൽ ചിലർക്ക് ആശുപത്രിവാസം വേണ്ടിവന്നെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

To advertise here,contact us