വിദേശത്ത് ഇരുന്നും ഇനി ഓര്‍ഡര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി സ്വിഗ്ഗി

വിദേശ രാജ്യങ്ങളിലുൽ നിന്നും ഇനി മുതല്‍ അവിടെയിരുന്ന് ഇന്ത്യയിലുള്ളവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി സ്വിഗ്ഗി

വിദേശ രാജ്യങ്ങളിൽ നിന്ന് ഇനി മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് പുതിയതായി വരുന്നത്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഷോപ്പിങ് നടത്താനും ആപ്പ് ഉപയോഗിച്ച് റസ്റ്റോറൻ്റിൽ ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയും.

അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേക അവസരങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ അത്ഭുതപ്പെടുത്താനാകുമെന്നും ഉത്സവ സീസണില്‍ ഫീച്ചര്‍ തുടങ്ങുമെന്നും സ്വിഗ്ഗിയുടെ കോ-ഫൗണ്ടര്‍ ഫാനി കിഷന്‍ പറഞ്ഞു.

'സ്വിഗ്ഗി സീല്‍ ബാഡ്ജ്' എന്ന ഫീച്ചറും കവിഞ്ഞ ദിവസം സ്വിഗ്ഗി അവതരിപ്പിച്ചിരുന്നു. വൃത്തിയുടെ കാര്യത്തില്‍ ഹോട്ടലുകളെ ഒരു 'പാഠം പഠിപ്പിക്കുക'. ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഭക്ഷണം പാക്ക് ചെയ്ത രീതി, അവ സെര്‍വ് ചെയ്ത രീതി എന്നതെല്ലാം വെച്ച് റേറ്റിംഗ് നല്‍കാവുന്നതാണ്. ഇവ കൂടാതെ ഭക്ഷണം പാകം ചെയ്ത രീതി ശരിയല്ലെങ്കിലും ഉപഭോക്താവിന് സ്വിഗിയോട് പരാതിപ്പെടാം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വിഷയമാണെങ്കില്‍ സ്വിഗ്ഗി ഹോട്ടലുകള്‍ക്ക് സീല്‍ ബാഡ്ജ് നല്‍കില്ല. ഇത് ഹോട്ടലുകളുടെ കച്ചവടത്തെ ബാധിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ ഡെലിവറിക്ക് പലപ്പോഴുമായി വൃത്തിയില്ലാത്ത പാക്കിംഗ് രീതികള്‍ കാണുന്നതുകൊണ്ടാണ് സ്വിഗ്ഗി ഇത്തരമൊരു പുതിയ ബാഡ്ജ് തയ്യാറാക്കിയത്. റെസ്റ്റോറന്റ് നടത്തിപ്പുകാര്‍ക്ക് നേരിട്ട് ഭക്ഷണം ഇരുന്നു കഴിക്കുന്നവരോടുളള താത്പര്യം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവരോട് ഇല്ല എന്ന പരാതി മുന്‍പേ ഉള്ളതാണ്. ഈ വിടവ് പരിഹരിക്കാനാണ് സ്വിഗ്ഗി 'സീല്‍ ബാഡ്ജ്' കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ കൂടുതല്‍ വൃത്തി പുലര്‍ത്തുന്ന ഹോട്ടലുകള്‍ക്ക് സ്വിഗ്ഗി സീല്‍ ബാഡ്ജ് നല്‍കുകയും, അതുവഴി ആ ഹോട്ടലിന്റെ വിശ്വാസ്യത വര്‍ധിക്കുകയും ചെയ്യും. നിലവില്‍ പൂനെയില്‍ മാത്രമുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ തങ്ങള്‍ക്ക് ഡെലിവറിയുള്ള 650ഓളം നഗരങ്ങളിലേക്ക് സ്വിഗ്ഗി വ്യാപിപ്പിക്കും.

ഇതിനിടെ, കഴിഞ്ഞ ദിവസം തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് സ്വിഗ്ഗി വര്‍ധിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. എതിരാളിയായ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചത്. സൊമാറ്റോയുടേത് പോലെ 10 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചത്. ആപ്പില്‍ വര്‍ധന എഴുതിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈടാക്കിത്തുടങ്ങിയിട്ടില്ല.

CONTENT HIGHLIGHTS:Swiggy launches feature to let people living abroad order food for loved ones in India

To advertise here,contact us