പത്ത് മിനിറ്റില്‍ ഭക്ഷണം കഴിച്ചുതീർക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

സമയം ലാഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന ഇക്കാര്യം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്നത് എങ്ങനെയാണ്? ഭക്ഷണം കഴിച്ചിട്ട് വേണം അടുത്ത കാര്യങ്ങളിലേക്ക് കടക്കാന്‍ എന്നൊക്കെയുള്ള മനോഭാവമാണോ? പക്ഷേ ഇങ്ങനെ പെട്ടന്ന് ഭക്ഷണം അകത്താക്കുന്ന ശീലം അത്ര നല്ലതല്ല കേട്ടോ... സമയം ലാഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന ഇക്കാര്യം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.

പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

10 മിനിറ്റോ അതില്‍ കുറവോ സമയത്തിനുളളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും പോഷകങ്ങളെ ആഗീരണം ചെയ്യുന്നത് തടയുകയും ചെയ്യുമെന്നാണ് പോഷകാഹാരവിദഗ്ധയായ ആശ്ലേഷ ജോഷി പറയുന്നത്. ദഹനത്തിന്റെ ആരംഭം ഭക്ഷണം വായില്‍ ചവച്ചരയ്ക്കുന്നതുമുതല്‍ ആരംഭിക്കുന്നു. ഈ ആഹാരം വായിലെ ഉമിനീരുമായി കലര്‍ത്തുകയും ചെയ്യും. തിരക്കിട്ട് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഈ ചവച്ചരയ്ക്കല്‍ പ്രക്രീയ കുറയ്ക്കുന്നു. ഇതുമൂലം വലിയ ഭക്ഷണഘടകങ്ങള്‍ ആമാശയത്തിലേക്ക് ചെല്ലാനിടയാകുന്നു. ഇത് ആമാശയത്തിലും കുടലിലും ഭക്ഷണം വിഘടിപ്പിക്കുന്നതിന് ആയാസമുണ്ടാക്കും. ഇത് ദഹനക്കേടിനും പോഷക ഘടകങ്ങള്‍ അപൂര്‍ണ്ണമായി വേര്‍തിരിച്ചെടുക്കാനും കാരണമാകും. ആമാശയത്തിലെത്തുന്ന വലിയ ഭക്ഷണഘടകങ്ങളെ വിഘടിപ്പിക്കുന്നതിനായി ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ദ്ധിക്കും. ഇത് നെഞ്ചെരിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. കൂടാതെ ഈ പാറ്റേണ്‍ അമിതമായി പൊണ്ണത്തടി, മെറ്റബോളിക് സിന്‌ഡ്രോം തുടങ്ങിയവ ഉണ്ടാകാന്‍ കാരണമാകുന്നു.

Also Read:

Health
ഡയറ്റ് സോഡകള്‍ ആരോഗ്യകരമാണോ? മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

എങ്ങനെയാണ് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്?

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും ശരീരഭാരം വര്‍ദ്ധിക്കാനും ആസിഡ് റിഫ്‌ളക്‌സ്, ഉപാപചയ അസന്തുലിതാവസ്ഥ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം എന്ന് കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യനായ കനിക മല്‍ഹോത്ര പറയുന്നു. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് കുടല്‍ മസ്തിഷ്‌ക അച്ചുതണ്ടിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണ്‍ സിഗ്നലുകള്‍ വൈകിപ്പിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകുകയും ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല രക്താതിമര്‍ദ്ദം, ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടിവി കാണുമ്പോഴോ, ജോലി ചെയ്യുമ്പോഴോ, ഫോണ്‍ കണ്ടുകൊണ്ടോ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം കുറയ്ക്കുന്നു. ഇങ്ങനെ കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയോ ഗുണമോ പോലും മനസിലാകുന്നില്ല. അതുപോലെ നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. അപ്പോള്‍ ഭക്ഷണത്തിന്റെ രുചിയും ഗന്ധവും ഒക്കെ ആസ്വദിക്കാന്‍ കഴിയും.

Content Highlights :If you are someone who eats in 10 minutes or less, you should know this

To advertise here,contact us