അടുക്കള വൃത്തിയാക്കാൻ എളുപ്പമാണ്. പക്ഷേ ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നത് വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല. ഭക്ഷണം പാകം ചെയ്ത ശേഷം കൃത്യമായി അടുക്കളയും പരിസരവും വൃത്തിയാക്കുന്നത് പലവിധ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ നിങ്ങളെ സഹായിക്കും. ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നത് പലപ്പോഴും പ്രയാസമുണ്ടാക്കുമെങ്കിലും അത് കൃത്യമായി ചെയ്യാത്ത പക്ഷം ഗ്യാസ് സ്റ്റൗവിന് തകരാറുകൾ സംഭവിക്കാനും കാരണമായേക്കും.
ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,
ചൂടാറുന്നതിന് മുന്നേ ബർണറുകൾ വൃത്തിയാക്കൽഭക്ഷണം പാകം ചെയ്ത ശേഷം സ്റ്റൗ ഉൾപ്പെടെ വൃത്തിയാക്കാനുള്ള ആഗ്രഹം മനസിലാക്കാം. പക്ഷേ ഭക്ഷണം പാകം ചെയ്തയുടനെ ബർണറുകൾ വൃത്തിയാക്കുന്നത് നല്ലതല്ല. കൈകൾക്ക് പൊള്ളലേൽക്കുന്നതിന് പുറമെ ഗ്യാസ് സ്റ്റൗവിന്റെ ഉപരിതലത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിന് ഇത് കാരണമാകും. അതിനാൽ വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് കൃത്യമായി ബർണറിന്റെ ചൂട് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ബർണറുകൾ വൃത്തിയാക്കുന്നതോടൊപ്പം ഡ്രിപ്പ് പാനുകളും നീക്കം ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നേരിയ ചൂട് വെള്ളത്തിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വെച്ച ശേഷം വൃത്തിയാക്കുന്നതായിരിക്കും ഉചിതം.
കുക്ക് ടോപ്പുകളിലെ ലിഫ്റ്റ് ഫീച്ചർ ഉപയോഗിക്കാറുണ്ടോ?
പല ഗ്യാസ് കുക്ക് ടോപ്പുകളിലും ഇന്ന് ലിഫ്റ്റ് ഫീച്ചർ ലഭ്യമാണ്. ഈ ലിഫ്റ്റ് ഫീച്ചർ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന തെറ്റ്. ഈ ഫീച്ചർ ഉപയോഗിക്കുന്നത് വഴി സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ സധിക്കും. നിങ്ങളുടെ സ്റ്റൗവിന് ഈ ഫീച്ചറുണ്ടോ എന്ന് ഉറപ്പില്ലെങ്കിൽ, മാനുവൽ പരിശോധിച്ച് വ്യക്തത വരുത്താൻ ശ്രദ്ധിക്കുക.
ശരിയായ ക്ലീനർ തിരഞ്ഞെടുക്കാതിരിക്കുക
തെറ്റായ ക്ലീനർ തിരഞ്ഞെടുക്കുന്നതാണ് മറ്റൊരു തെറ്റ്. ബ്ലീച്ച് അഥവാ അമോണിയ ഉൾപ്പെടെയുള്ള കഠിനമായ രാസവസ്തുക്കൾ ഒഴിവാക്കുന്നതാണ് ഉചിതം. ഇത്തരം ക്ലീനറുകൾ ഉപയോഗിക്കുന്നത് സ്റ്റൗവിന്റെ ഉപരിതലത്തെ നശിപ്പിക്കാൻ ഇടയാക്കും. വീര്യം കുറഞ്ഞ ക്ലീനറുകളാണ് സ്റ്റൗ വൃത്തിയാക്കാൻ ഏറ്റവും ഉചിതം. ഡിഷ് സോപ്പും വെള്ളവും പോലുള്ളവയും സ്റ്റൗ വൃത്തിയാക്കാൻ ഉപയോഗിക്കാം.
കൃത്യമായി ഉണങ്ങാതെ ബർണറുകൾ ഘടിപ്പിക്കുന്നത്
ഗ്യാസ് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി വൃത്തിയാക്കിയ ശേഷം നനവോടെ വീണ്ടും ഘടിപ്പിക്കുന്ന ശീലമുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. ഇത്തരത്തിൽ നനവോടെ ഭാഗങ്ങളെ ഘടിപ്പിക്കുന്നത് ഗ്യാസ് സ്റ്റൗവിൽ തുരുമ്പുണ്ടാക്കാൻ കാരണമാകും. പെട്ടെന്ന് ഇവ ഉണങ്ങിക്കിട്ടാൻ മൈക്രോഫൈബർ പോലുള്ള തുണികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതായിരിക്കും.
Content Highlight: Tips for cleaning gas stoves efficiently