കോവയ്ക്കകൊണ്ട് കറികള് എന്തെങ്കിലും വയ്ക്കുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ചിലര്ക്ക് അതിന്റെ രുചി ഇഷ്ടമായിരിക്കും എന്നാല് മറ്റ് ചിലര്ക്കാണെങ്കിലോ, ' കോവയ്ക്കയോ ഒരു വികാരവും ഇല്ലാത്ത പച്ചക്കറി ' എന്നായിരിക്കും അഭിപ്രായം. എന്നാല് അടുത്തിടെ സോഷ്യല് മീഡിയയില് വൈറലായ ജാഫര് ഇടുക്കിയുടെ കോവയ്ക്ക ഉപ്പേരി ഒന്നുപരീക്ഷിച്ചാലോ. അദ്ദേഹം കോവയ്ക്ക എണ്ണയില്കിടന്ന് മൊരിഞ്ഞുവരുന്നതിനെക്കുറിച്ച് പറയുമ്പോള്ത്തന്നെ നാവില് വെള്ളമൂറും.
അഭിമുഖങ്ങള്ക്കിടയില് തനിക്കിഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ച് ഇടയ്ക്കിടെ ജാഫര് ഇടുക്കി പറയാറുണ്ട്. അക്കൂട്ടത്തിലാണ് കോവയ്ക്ക ഉപ്പേരിയുടെ റെസിപ്പിയെക്കുറിച്ചും പറയുന്നത്. എത്ര അരപ്പ് ചേര്ത്താലും ഒരു രസവുമില്ലാത്ത കറിയാണ് കോവയ്ക്ക കറിയെങ്കിലും ഉപ്പേരി രസമാണെന്നും തന്റെ വീട്ടില് അത് പാകം ചെയ്യാറുണ്ടെന്നും ജാഫര് ഇടുക്കി പറയുന്നു.
ഇനി എങ്ങനെയാണ് ജാഫര് ഇടുക്കിയുടെ കോവയ്ക്ക ഉപ്പേരി ഉണ്ടാക്കുന്നതെന്നല്ലേ. സംഗതി വളരെ സിംപിളാണ്. കോവയ്ക്ക, മുളകുപൊടി, ഉപ്പ്, എണ്ണ ആകെ ഇത്രയും ചേരുവകള് മാത്രംമതി ഈ ഉപ്പേരിക്ക്. കോവയ്ക്ക ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകുപൊടിയും(അല്ലെങ്കില് മുളകുപൊടി) പുരട്ടി വെയിലത്ത് വച്ച് ഉണക്കുക. പിന്നീട് എണ്ണ ചൂടാക്കി കുറേശെയായി വറുത്ത് കോരിയെടുക്കാം. ഇതാണ് ജാഫര് ഇടുക്കിയുടെ കോവയ്ക്ക ഉപ്പേരി. എന്നാ ഒന്ന് തയ്യാറാക്കി നോക്കിയാലോ?