സദ്യ കഴിച്ച് വയറുനിറഞ്ഞ് വല്ലാതെ വീര്‍പ്പുമുട്ടുകയാണോ? ദഹനം എളുപ്പമാക്കാന്‍ ഇതുകഴിച്ചാല്‍ മതി

ചായയില്‍ ഇട്ടും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചവച്ചിറക്കിയും സ്മൂത്തിയില്‍ ചേര്‍ത്തും ഇത് കഴിക്കാം.

വേനലവധിയാണ്, ഒപ്പം വിവിധ ആഘോഷങ്ങളുടെ കാലവും. വയറുനിറയെ ഭക്ഷണം കഴിച്ച് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടിയ സമയം. ഹെവി മീലിന് ശേഷം ദഹനം ശരിയായി നടക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

ഇഞ്ചി

ദഹനത്തിന് ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി. കൂടുതല്‍ കഴിച്ചതിന്റെ ഭാഗമായി ചിലര്‍ക്കുണ്ടാകുന്ന ഛര്‍ദി, വയര്‍ സ്തംഭനം, അപ്‌സെറ്റ് സ്റ്റൊമക് എന്നിവ പരിഹരിക്കാന്‍ ഇഞ്ചി കഴിക്കുന്നത് നന്നായിരിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ കോമ്പൗണ്ടുകള്‍ ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കും. അത് നിങ്ങള്‍ കഴിച്ച ഭക്ഷണം എളുപ്പത്തില്‍ വിഘടിക്കുന്നതിന് സഹായിക്കും. ചായയില്‍ ഇട്ടും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചവച്ചിറക്കിയും സ്മൂത്തിയില്‍ ചേര്‍ത്തും ഇത് കഴിക്കാം. വയറുനിറയെ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അസ്വസ്ഥത കുറയ്ക്കാന്‍ ഇത് സഹായിക്കും.

പൈനാപ്പിള്‍

ബിരിയാണി വയറുനിറയെ കഴിച്ചതിന് ശേഷം പലരും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് കണ്ടിട്ടില്ലേ. രുചികരമാണ് എന്നതിനൊപ്പം ദഹനത്തിന് സഹായിക്കുന്നതാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ ബ്രോമലെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ പ്രോട്ടീന്‍ വിഘടിക്കുന്നതിന് സഹായിക്കും. അതിനാല്‍ അമിതമായി വയര്‍ നിറഞ്ഞാല്‍ പൈനാപ്പിള്‍ കൂടി കഴിക്കുക. അല്പം ആശ്വാസം തോന്നും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പൈനാപ്പിള്‍ പ്രതിരോധത്തിനും മികച്ചതാണ്.

മിന്റ്

പെപ്പര്‍മിന്റ് ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ദഹനവ്യവസ്ഥയിലെ മസിലുകള്‍ റിലാക്‌സ് ആകുന്നതിന് സഹായിക്കും. വയറില്‍ ഗ്യാസ് നിറയുന്നത്, ദഹനക്കുറവിനുമെല്ലാം പ്രതിവിധിയാണ് മിന്റ്. പെപ്പര്‍മിന്റ് ടീ കുടിക്കുന്നതും നന്നായിരിക്കും.

പപ്പായ

ദഹനത്തെ സഹായിക്കുന്ന മറ്റൊരു ഫലമാണ് പപ്പായ. ഭക്ഷണത്തെ വേഗത്തില്‍ വിഘടിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ പൈനാപ്പിളില്‍ എന്ന പോലെ പപ്പായയിലും അടങ്ങിയിട്ടുണ്ട്. മാംസാഹാരം ഉള്‍പ്പെടെയുള്ളവ വളരെ വേഗത്തില്‍ ദഹിക്കുന്നതിന് ഇത് സഹായിക്കും.

പെരുഞ്ചീരകം

ഹോട്ടലുകളില്‍ ബില്‍ കൊടുക്കുന്ന കൗണ്ടറില്‍ പെരുഞ്ചീരകം വച്ചിട്ടുള്ളത് കണ്ടിട്ടില്ലേ. വളരെ ചെറുതാണെങ്കിലും ദഹനത്തെ സഹായിക്കുന്നതാണ് പെരുഞ്ചീരകം. വയറുവീര്‍ക്കല്‍, ഗ്യാസ്, ദഹനക്കുറവ് എന്നിവയ്ക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒറ്റമൂലിയാണ് പെരുഞ്ചീരകം. ദഹനവ്യവസ്ഥയിലെ മസിലുകള്‍ റിലാക്‌സ് ചെയ്യുന്നതിനും അസ്വസ്ഥകള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

യോഗര്‍ട്ട്

പ്രോബയോട്ടിക്‌സ് ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. യോഗര്‍ട്ടിലുള്ള ബാക്ടീരിയ നിങ്ങളുടെ കുടലിനെ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കും. ദഹനം എളുപ്പമാക്കും.

Content Highlights: foods to naturally improve digestion after a heavy meal​

To advertise here,contact us