'ഇന്ത്യയിൽ ഏഴിൽ ഒരാൾ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു';ആന്റീഡിപ്രസന്റുകളുടെ വിൽപ്പന വർധിക്കുന്നതായി കണക്കുകൾ

ആഗോളതലത്തിൽ എട്ടിൽ ഒരാൾ എന്ന തോതിലും ഇന്ത്യയിൽ ഏഴ് ഇന്ത്യക്കാരിൽ ഒരാൾ എന്ന തോതിലും മാനസികപ്രശ്നങ്ങളുണ്ടെന്നും വിദഗ്ധര്‍

ഇന്ത്യയിൽ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളുടെ വിൽപ്പന കൂതിച്ചുയർന്നതായി കണക്കുകള്‍. വിഷാദം, OCD, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) തുടങ്ങി വിവിധ രോഗങ്ങൾക്കും അവസ്ഥകൾക്കുമുള്ള മരുന്നുകളുടെ വിൽപ്പനയാണ് വർധിച്ചത്.

മാനസിക പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സെർട്രലൈൻ എന്ന മരുന്നിന്റെ വിൽപ്പന 48.2 ശതമനത്തിലധികം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മസ്തിഷ്‌കത്തിലെ സെറോടോണിൻ വർദ്ധിപ്പിച്ച് വിഷാദവും ഉത്കണ്ഠയും ചികിത്സിക്കാൻ ഉപയോഗിക്കുന്ന എസ്സിറ്റലോപ്രാം, ഉത്കണ്ഠ, പരിഭ്രാന്തി, തുടങ്ങിയവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലോനാസെപാം തുടങ്ങിയ മരുന്നുകളുടെ വിൽപ്പനയും വർധിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ എട്ടിൽ ഒരാൾ എന്ന തോതിലും ഇന്ത്യയിൽ ഏഴ് ഇന്ത്യക്കാരിൽ ഒരാൾക്ക് എന്ന തോതിലും മാനസികപ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകള്‍. മാനസികാരോഗ്യ വിദഗ്ധരല്ലാതെ ഫാമിലി ഫിസിഷ്യൻമാരും ഇപ്പോൾ ആന്റീഡിപ്രസന്റുകൾ നിർദ്ദേശിക്കുന്നുണ്ടെന്നും സൈക്യാട്രിസ്റ്റ് ഡോ ഹരീഷ് ഷെട്ടി പറഞ്ഞു. മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം കൂടുന്നതിനാലാണ് മരുന്നുകളുടെ വിൽപ്പന വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Health
നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ…

കൂടുതൽ ആളുകൾ ചികിത്സ തേടുന്നതിനാൽ വിൽപ്പനയിലെ വർധന നല്ല പ്രവണതയാണെന്ന് കെഇഎം ഹോസ്പിറ്റലിലെ ഡോ നീന സാവന്ത് പറഞ്ഞു. 'ഇന്ത്യയിൽ നിരവധി പേർ വളരെക്കാലമായി ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, എന്നാൽ വൈദ്യ സഹായം തേടുന്നവർ കുറവായിരുന്നെന്നും അവർ അഭിപ്രായപ്പെട്ടു. ജനറൽ ഫിസിഷ്യൻമാർ ആന്റീഡിപ്രസന്റ്‌സ് നിർദ്ദേശിക്കുന്നത് നല്ലതാണ്, പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡോസേജുകൾ മിതമായ അളവിൽ നിർദ്ദേശിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും ഡോ നീന സാവന്ത് പറഞ്ഞു.

അതേസമയം മാനസികാരോഗ്യ അവബോധത്തിൽ ഒരു ക്ലാസ് വിഭജനം ഇപ്പോഴും ഉണ്ടെന്നും നീന സാവന്ത് ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ സേവനങ്ങളിലേക്കുള്ള പോസ്റ്റ്-പാൻഡെമിക് ഡിജിറ്റൽ ആക്സസിനെ കൂടുതലായി സമ്പന്നരായ വ്യക്തികൾ ഉപയോഗപ്പെടുത്തുമ്പോൾ പാവപ്പെട്ടവർ പലപ്പോഴും പൊതു ആശുപത്രികളിൽ മറ്റ് ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ചതിന് ശേഷമാണ് സൈക്യാട്രി വിഭാഗത്തിൽ എത്തുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.

സർക്കാർ നിയന്ത്രണത്തിലുള്ള മാനസികാരോഗ്യ ഹെൽപ്പ് ലൈനുകൾ 2022 മുതൽ 14.7 ലക്ഷം കോളുകൾ സ്വീകരിക്കുകയും കൗൺസിലിങിന് നിർദ്ദേശം നൽകുകയും ചെയ്തായും ഐകോൾ പ്രോഗ്രാം ഡയറക്ടർ ഡോക്ടർ അപർണ ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങൾ കുറവാണെന്ന സൂചനയാണ് മരുന്നുകളുടെ വിൽപ്പന കുത്തനെ വർധിക്കുന്നതിന് കാരണമെന്ന് സൈക്കോളജിസ്റ്റ് അഞ്ചൽ നാരംഗ് പറഞ്ഞു. 'കൂടുതൽ ആളുകൾ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും, അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഊന്നൽ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. മരുന്ന് നല്‍കിയുള്ള ചികിത്സകൾക്കൊപ്പം തെറാപ്പിയും ചികിത്സയിൽ സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: 1 in 7 suffer from mental health problems in India; antidepressants sales rise

To advertise here,contact us