അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയാം

അത്താഴം ഒഴിവാക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

ശരീരഭാരം കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കലോറിയുടെ ഉപയോ​ഗം കുറയ്ക്കൽ. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി അത്താഴം ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ട്. കാരണം ഈ ഭക്ഷണം ഒഴിവാക്കുന്നത് സ്വാഭാവികമായും കലോറി ഉപയോ​ഗം കുറയ്ക്കുകയും വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.

എന്നാൽ അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ​ഗുണത്തിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ ഇത് വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെങ്കിലും അത് സുസ്ഥിരമല്ലെന്നും വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

അത്താഴം ഒഴിവാക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

അത്താഴം കഴിക്കാത്തത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുമെന്നും ഇത് വിറയിലിനും സമ്മർദ്ദത്തിനും ഇടയാക്കുമെന്നും ബെം​ഗളൂരുവിലെ ​ഗ്ലെനീ​ഗിൾസ് ബിജിഎസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ കാർത്തി​ഗൈ സെൽവി എ വിശദീകരിക്കുന്നു. അത്താഴം കഴിക്കാതിരുന്നാല്‍ ശരീരം കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) ഉത്പാദനം വർധിപ്പിക്കാൻ തുടങ്ങുന്നു. ഇത് കൂടുതൽ സമ്മർദ്ദവും വിശപ്പും അനുഭവപ്പെടാൻ കാരണമാകുന്നു. ശരീരത്തിലെ മെറ്റബോളിസത്തെ മന്ദ​ഗതിയിലാക്കുന്നു. കൊഴുപ്പ് സംഭരിക്കുന്ന രീതിയിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ശരീര ഭാരം വർധിപ്പിക്കുകയോ ശരീരത്തിന് അത് കുറയ്ക്കാൻ പ്രയാസകരമാക്കുകയോ ചെയ്യുമെന്നും ഡോക്ടർ. സെൽവി എ വിശദീകരിച്ചു.

Also Read:

Life Style
സ്വർണക്കടത്തെന്ന പേരിൽ അഴിച്ചുവാങ്ങിയത് 11 പവന്റെ താലിമാല; 14 മാസത്തെ നിയമപോരാട്ടം, ഒടുവില്‍ ജയം

ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ ഡയറ്റീഷ്യൻ റാബിയ പറഞ്ഞു. 'അത്താഴം ഒഴിവാക്കുന്നത് ഹ്രസ്വകാലത്തേക്ക് ദിവസേനയുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം, പക്ഷേ അത് ശാശ്വതമായ ഒരു സമീപനമല്ല. ഇത് ഒരു ദീർഘകാല തന്ത്രമെന്ന നിലയിൽ ഫലപ്രദമല്ല കൂടാതെ പകലും രാത്രിയും അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമായേക്കാം. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാരക്കുറവിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും,' റാബിയ വിശദീകരിക്കുന്നു.

അത്താഴമില്ലാത്ത ദിനചര്യയുമായി പൊരുത്തപ്പെടാൻ തുടങ്ങിയാൽ ഒരാൾക്ക് കൂടുതൽ ദേഷ്യം തോന്നാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാരണം കുറഞ്ഞ ഊർജ്ജ നില മാനസികാവസ്ഥയെയും ബാധിക്കും. കുട്ടികൾ, കൗമാരക്കാർ, കായികതാരങ്ങൾ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹമുള്ളവർ, ഭക്ഷണക്രമക്കേടുകൾ, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവർ അത്താഴം കഴിക്കാതിരിക്കരുത്.

Also Read:

Travel
5000 വർഷം പഴക്കമുള്ള മമ്മികള്‍, പക്ഷേ പുറത്ത് വരുന്നത് സു​ഗന്ധം; സന്ദര്‍ശകര്‍ക്കും ആസ്വദിക്കാം

അത്താഴം ഒഴിവാക്കുന്നതിന് പകരം ലഘുവായ ഭക്ഷണം കഴിക്കുക. അതും നേരത്തെ കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. അത്താഴത്തിനും ഉറക്കസമയത്തിനും ഇടയിൽ 3 മണിക്കൂർ ഇടവേള നിലനിർത്തുന്നത് ദഹനം, ഉറക്കത്തിന്റെ ഗുണനിലവാരം, ഭാര നിയന്ത്രണം എന്നിവയെ സഹായിക്കുന്നു. നേരെമറിച്ച്, വൈകിയോ ഉറങ്ങുന്നതിന് തൊട്ടുമുമ്പോ ഭക്ഷണം കഴിക്കുന്നത് കാര്യമായ ദോഷം വരുത്തുകയും അസിഡിറ്റി, ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

നമ്മുടെ ആന്തരിക ശരീര ഘടികാരവും പോഷകങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും ഇടയിൽ എപ്പോഴും ഒരു ബന്ധമുണ്ട്. പകൽ ഭക്ഷണം കഴിക്കുന്നതും രാത്രി ഉറങ്ങുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന തരത്തിലാണ് നമ്മുടെ ശരീരത്തിന്റെ സർക്കാഡിയൻ താളങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ താളം തടസ്സപ്പെട്ടാൽ അത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. സെൽവി എ പറയുന്നു.

'രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കാമെന്നും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കുമെന്നതിനും ചില തെളിവുകളുണ്ട്. ഒരു രാത്രിയിലെ ചെറിയ ഇടവേള ശരീരഭാരം വർധിപ്പിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. 10 മണിക്കൂർ ഇടവേള ഒരു മികച്ച ഓപ്ഷനായിരിക്കും,' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

Health
രാത്രി സമയത്ത് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? മുന്നറിയിപ്പുമായി ഗവേഷകർ

ശരീരഭാരം കുറ‌യ്ക്കുകയാണ് ലക്ഷ്യമെങ്കിൽ പോർഷൻ നിയന്ത്രണവും കൃത്യസമയത്ത് ഭക്ഷണവും കഴിക്കുകയുമാണ് വേണ്ടത്. ആവശ്യ പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ശരിയായ പ്ലാനിനായി ഡയറ്റീഷനെ സമീപിക്കാവുന്നതാണ്.

Content Highlights: Does skipping dinner help with weight loss or make it difficult?

To advertise here,contact us