പാതിവഴിയില്‍ നഷ്ടപ്പെട്ട ഉറക്കം എങ്ങനെ വീണ്ടെടുക്കാം

രാത്രിയില്‍ ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ പിന്നെ ഉറങ്ങാന്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇതൊന്ന് അറിഞ്ഞോളൂ...

രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റാല്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാന്‍ പാടുപെടുന്നവരാണോ നിങ്ങള്‍. ഉറക്കം പാതിവഴിയില്‍ മുറിഞ്ഞ് വല്ലാത്ത നിരാശ അനുഭവിക്കുന്നുണ്ടോ?എന്നാല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1 ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ തടയുക. മുറിക്ക് വെളിയിലോ ജനാലയ്ക്ക് പുറത്തോ ശല്യപ്പെടുത്തുന്ന ശബ്ദം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക.

2 ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് 15 മിനിറ്റിനുള്ളില്‍ ഉറക്കം വന്നില്ലെങ്കില്‍ മറ്റൊരു മുറിയിലേക്ക് മാറാന്‍ നോക്കുക. പിന്നീട് മനസിനെ ശാന്തമാക്കുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. തിരികെ കിടക്കയിലേക്ക് മടങ്ങുമ്പോള്‍ ഉറങ്ങുന്നത് എളുപ്പമാക്കാന്‍ ഇത് സഹായിച്ചേക്കും

3 ക്ലോക്കിലേക്ക് നോക്കി നെടുവീര്‍പ്പെടുന്നത് ഒഴിവാക്കുക. ക്ലോക്കിലേക്ക് നോക്കിയാല്‍ ഉറങ്ങാത്തതില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നാന്‍ ഇടയാക്കും.

4 സ്‌ക്രീനുകള്‍ ഒഴിവാക്കുക. സ്മാര്‍ട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നീല വെളിച്ചമുണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ മെലാടോണിന്‍ ഉത്പാദനത്തെ കുറയ്ക്കും. മെലാടോണിന്‍ നിങ്ങളുടെ ഉറക്ക ചക്രങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണാണ്. ഗവേഷണം പറയുന്നതനുസരിച്ച് ഈ നീല വെളിച്ചം നിങ്ങളുടെ ഉറക്കം തടയുന്നു.

5 ധ്യാനവും ശ്വസന വ്യായാമങ്ങളും പരീക്ഷിക്കാം. ശ്വസന വ്യായാമങ്ങളും ധ്യാനവും ഉറക്ക അസ്വസ്ഥതയുടെ ചില വശങ്ങള്‍ ചികിത്സിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

6 പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണുകള്‍ അടച്ച് സാവധാനം ശ്വസിക്കുക. മുഖത്തുനിന്ന് പാദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ശാന്തമായി ഉറങ്ങാന്‍ ശ്രമിക്കുക.

7 ഉറങ്ങുമ്പോള്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുക. ഇടയ്ക്ക് എഴുന്നേറ്റാലും ലൈറ്റുകള്‍ ഓണാക്കാനുള്ള പ്രലോഭനത്തെ ചെറുക്കുക. വെളിച്ചം നിങ്ങളുടെ ശരീരത്തിലെ മെലാടോണിന്‍ ഉത്പാദനത്തെ തടസപ്പെടുത്തുകയും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും

8 വിശ്രമിക്കുന്നതിനിടയില്‍ സംഗീതം കേള്‍ക്കുന്നത് മനസിനെ ശാന്തമാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശബ്ദങ്ങളെ തടയാനും സഹായിക്കും. ഏത് തരം സംഗീതമാണ് ഏറ്റവും നല്ലതെന്ന് നിര്‍ണ്ണയിക്കുന്നതില്‍ നിങ്ങളുടെ ഇഷ്ടംതന്നെയാണ് വലുത്.

Content Highlights :How to recover lost sleep halfway through

To advertise here,contact us