വര്‍ക്കൗട്ടിനിടെ ശരീരം തരുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്; സൂചന ഹൃദയാഘാതത്തിന്റേതാകാം

പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ വ്യായാമത്തെ തുടര്‍ന്നുള്ള ക്ഷീണമായി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് വ്യായാമത്തിനിടയില്‍ ഹൃദയാഘാതം വരുന്നത് തിരിച്ചറിയപ്പെടാതെ പോകുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ശാരീരികാരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കിയതോടെ ജിമ്മിലും അല്ലാതെയും വ്യായാമം ചെയ്യുന്നവര്‍ കുറവല്ല. എന്നാല്‍ ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ വ്യായാമത്തെ തുടര്‍ന്നുള്ള ക്ഷീണമായി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് വ്യായാമത്തിനിടയില്‍ ഹൃദയാഘാതം വരുന്നത് തിരിച്ചറിയപ്പെടാതെ പോകുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പതിവായി ജിമ്മില്‍ പോകുന്നവര്‍, അത്‌ലറ്റുകള്‍, സ്വന്തമായി വ്യായാമം ചെയ്യുന്നവര്‍ എല്ലാവരും ശരീരം നല്‍കുന്ന മുന്നറിയിപ്പുകളെ അറിയാതെ പോകരുത്. ഹൃദയം പണിമുടക്കിത്തുടങ്ങുമ്പോള്‍ തന്നെ ശരീരം മുന്നറിയിപ്പ് തരും. അത് തിരിച്ചറിയണം.

കടുത്ത വ്യയാമത്തെ തുടര്‍ന്ന് ചിലര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ആ വേദന മാറാതെ നിലനില്‍ക്കുകയും അത് കൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറത്തേക്കും വ്യാപിക്കുന്നുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്തോറും ആ വേദന കൂടി വരികയാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക. കാരണം അത് ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമായിരിക്കാം.

വ്യായാമത്തിനിടെ കിതയ്ക്കുന്നത് പതിവാണ്. ശരീരത്തിന് ആവശ്യമായ രക്തം നല്‍കാന്‍ ഹൃദയത്തിന് സാധിക്കുന്നില്ല, ശരീരത്തിന് ഓക്‌സിജന്‍ ലഭിക്കുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ശ്വാസം ലഭിക്കാതെ വരികയും അതിനൊപ്പം നെഞ്ചുവേദനയും തളര്‍ച്ചയും മന്ദതയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഒരുപക്ഷെ ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാം.

ക്രമരഹിതമായ ഹൃദയമിടിപ്പ് വ്യായാമത്തിനിടയില്‍ പതിവാണ്. മിനിറ്റില്‍ 150 എന്നതില്‍ കൂടുതലാണ് ഹൃദയമിടിപ്പെങ്കില്‍ ശ്രദ്ധിക്കണം. ഒരുപക്ഷേ ആട്രിയല്‍ ഫിബ്രിലേഷന്‍ ആയിരിക്കാം.

വ്യായാമത്തിന്‌ശേഷം തളര്‍ച്ച തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിശ്രമിച്ച ശേഷവും തളര്‍ച്ച കുറയുന്നില്ലെങ്കില്‍ അതത്ര നല്ല ലക്ഷണമല്ല. ഉടന്‍ ഡോക്ടറെ കാണുക.

Content Highlights :4 symptoms athletes, bodybuilders should never ignore

To advertise here,contact us