മനുഷ്യന്റെ ഗര്‍ഭധാരണവും പ്രസവവും സ്വാഭാവികമായി റിസ്‌കുള്ളതാണ്; പ്രസവം വേദനാജനകമായതിന് കാരണം ഇതാണ്

'വീട്ടിലാണെങ്കില്‍ മരിക്കുമായിരുന്ന നൂറു പേര്‍ ആശുപത്രിയിലായതു കാരണം രക്ഷപ്പെട്ട കാര്യം ഇവര്‍ക്കറിയില്ല.'

മനുഷ്യ പരിണാമത്തിലെ ഗെയിം ചേഞ്ചര്‍ എന്ന് പറയാവുന്ന മാറ്റമാണ് നമ്മുടെ രണ്ടുകാലില്‍ നടക്കാനുള്ള കഴിവ്. നടക്കാന്‍ രണ്ട് കാലുകള്‍ മാത്രം മതിയെന്ന് വന്നപ്പോഴാണ് കൈകള്‍ ഫ്രീയായതും അതുപയോഗിച്ച് മറ്റ് ജോലികള്‍ ചെയ്യാന്‍ നമുക്ക് സാധിച്ചു തുടങ്ങിയതും. പക്ഷെ അവിടെ ചെറിയൊരു പ്രശ്‌നമുണ്ടായി. രണ്ടുകാലില്‍ നിവര്‍ന്ന് നടക്കാന്‍ മറ്റു പ്രൈമേറ്റുകളിലേത് പോലുള്ള വലിയ ഇടുപ്പെല്ല് തടസമായിരുന്നു. സ്വാഭാവികമായി അതും പരിണമിച്ച് ചെറുതായി.

ആ ഇടുപ്പെല്ലിന്റെ ചെറുതാവല്‍ പണി കൊടുത്തത് പെണ്ണുങ്ങള്‍ക്കാണ്. പൊതുവെ സ്ത്രീകളുടെ ഇടുപ്പെല്ല് പുരുഷന്മാരുടേതിനേക്കാള്‍ വലുതാണ്. പക്ഷെ മനുഷ്യശിശുവിന്റെ തലയുടെ വലിപ്പം വച്ച് നോക്കുമ്പോള്‍ അത് ചെറുതാണ്. അത്രയും വലിപ്പം പോര. ഇങ്ങനെ ചെറിയ ഇടുപ്പെല്ലിന് ഇടയിലൂടെ വലിയ തലയുള്ള ശിശുവിനെ പ്രസവിക്കേണ്ടി വരുന്നത് കൊണ്ടാണ് മനുഷ്യന്റെ പ്രസവം ഇത്രയും വേദനാജനകമായ ഒന്നായത്. ഇതിന് പരിണാമ ശാസ്ത്രത്തിന്റെ ഭാഷയില്‍ 'ഒബ്സ്റ്റട്രിക്കല്‍ ഡൈലമ' എന്നാണ് പറയുന്നത്. മലയാളത്തില്‍ 'പ്രസവ പ്രതിസന്ധി' എന്ന് വേണമെങ്കില്‍ പറയാം.

പറഞ്ഞു വന്നത് മനുഷ്യന്റെ ഗര്‍ഭധാരണവും പ്രസവവും സ്വാഭാവികമായി തന്നെ വളരെയധികം റിസ്‌കുള്ളതാണ് എന്നതാണ്. മുന്‍കാലങ്ങളില്‍ ഒരു പ്രസവം നടന്നാല്‍ ഒന്നുകില്‍ അമ്മ അല്ലെങ്കില്‍ കുഞ്ഞ്, ചിലപ്പോള്‍ രണ്ടും കിട്ടും, മറ്റു ചിലപ്പോള്‍ രണ്ടും പോകും എന്നൊക്കെയുള്ള അവസ്ഥയായിരുന്നു. ഇതിനൊക്കെ ഒരു മാറ്റം വന്ന് തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ മാത്രമാണായത്.

ആശുപത്രിയില്‍ വച്ചുള്ള പ്രസവങ്ങളില്‍ പോലും എത്ര കെയര്‍ഫുള്‍ ആയാലും ചില അപ്രതീക്ഷിത സങ്കീര്‍ണതകള്‍ ഉണ്ടാവാം. അമിത രക്തസ്രാവമാണ് പ്രസവത്തില്‍ കാണാറുള്ള ഏറ്റവും സാധാരണ കോംപ്ലിക്കേഷന്‍. നിയന്ത്രിച്ചില്ലെങ്കില്‍ മിനിട്ടുകള്‍ക്കുള്ളില്‍ അമ്മ അബോധാവസ്ഥയിലേക്ക് പോകാം. രക്തസ്രാവം നില്‍ക്കാനുള്ളതും ഗര്‍ഭപാത്രം ചുരുങ്ങാനുമുള്ളതുമായ മരുന്നുകള്‍ ആദ്യമേ കൊടുക്കും. വേണ്ടി വന്നാല്‍ രക്തമടയ്ക്കും. ഗര്‍ഭപാത്രത്തെ 'പാക്ക്' ചെയ്യും. പിന്നെയും ബ്ലീഡിംഗ് നിന്നില്ലെങ്കില്‍ ഗര്‍ഭപാത്രത്തിലേക്കുള്ള രക്തക്കുഴലില്‍ കെട്ടിടും. അതും പറ്റാത്ത അവസ്ഥയാണെങ്കില്‍ ഗര്‍ഭപാത്രം തന്നെ എടുത്ത് മാറ്റേണ്ടി വരും, ജീവന്‍ രക്ഷിക്കാനായി.

പ്രസവ സമയത്ത് അമ്മയ്ക്ക് 'അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം' എന്ന ഗുരുതരാവസ്ഥ വരാന്‍ സാധ്യതയുണ്ടോ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ലക്ഷണങ്ങള്‍ നോക്കി, അറിവുള്ള ഒരു ഡോക്ടര്‍ രോഗമിതാണെന്ന് തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കകം ചികിത്സ തുടങ്ങിയത് കൊണ്ടു മാത്രം രക്ഷപ്പെട്ട എത്രയോ അമ്മമാര്‍ നമുക്കിടയില്‍ ഇന്നും ജീവിച്ചിരിക്കുന്നു.

മറ്റൊന്ന്, വേദന വന്നു. പക്ഷെ പ്രസവിക്കുന്നില്ല എന്ന അവസ്ഥ. 'ഫെയിലര്‍ ഓഫ് പ്രോഗ്രസ്' എന്ന് പറയും. ഇത് തിരിച്ചറിയാനും പ്രസവിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാനും അറിവുള്ള ഡോക്ടര്‍മാരും ഭൗതിക സൗകര്യങ്ങളും ആവശ്യമാണ്. വീട്ടിലാണെങ്കില്‍ അമ്മയും കുഞ്ഞും നഷ്ടപ്പെടാം.

അതുപോലെ കുഞ്ഞ് കരയാതിരുന്നാല്‍ എന്ത് ചെയ്യും? ആശുപത്രികളിലാണെങ്കില്‍ പ്രസവസമയത്ത് ഒരു പീഡിയാട്രീഷന്‍ ലേബര്‍ റൂമില്‍ ഉണ്ടാവും. എന്തെങ്കിലും ചെറിയ പ്രശ്‌നം ഉണ്ടെങ്കില്‍ പോലും തിരിച്ചറിയാനും അതിന് പരിഹാരം കാണാനും അറിവും കഴിവും ഉള്ള ഒരാള്‍ വേണം. എന്നാല്‍ പോലും നമ്മള്‍ നിസഹായരായി പോകുന്ന സാഹചര്യങ്ങള്‍ വരാം.

ഇനിയുമുണ്ട് കുറേ. ഇതൊക്കെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത പ്രഗ്‌നന്‍സിയില്‍ പോലും ഉണ്ടാവാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. ഇനി അമ്മയ്ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കില്‍, ആവര്‍ത്തിച്ചുള്ള പ്രസവമാണെങ്കില്‍ ഒക്കെ കാര്യങ്ങള്‍ വളരെയധികം സീരിയസാവും.

മുകളില്‍ പറഞ്ഞതൊക്കെ പറഞ്ഞാലും തിരികെ ചോദിക്കും, ആശുപത്രിയില്‍ പ്രസവിക്കുന്നവരും മരിക്കുന്നില്ലേ, സങ്കീര്‍ണതകള്‍ ഉണ്ടാവുന്നില്ലേ എന്ന്. വീട്ടിലാണെങ്കില്‍ മരിക്കുമായിരുന്ന നൂറു പേര്‍ ആശുപത്രിയിലായതു കാരണം രക്ഷപ്പെട്ട കാര്യം ഇവര്‍ക്കറിയില്ല. ആശുപത്രിയില്‍ വച്ചും ഒരാള്‍ മരിച്ചുവെങ്കില്‍ അത്രയും ഗുരുതരമായ എന്തോ കുഴപ്പമുള്ളത് കൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള, ആവര്‍ത്തിച്ച് പറഞ്ഞാലെങ്കിലും മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും നാം കാണിക്കണം.

Content highlights:Home Birth and its pros and cons Dr Manoj Vellanad writes

To advertise here,contact us