ഒന്നിലേറെ അലാറം വയ്ക്കാറുണ്ടോ? ഗുണത്തേക്കാളേറെ ഇത് ദോഷം ചെയ്യും

ചിലരാകട്ടെ പത്തുമിനിട്ട് ഇടവിട്ട് അലാറം അടിക്കുന്ന രീതിയില്‍ അലാറത്തിന്റെ ഒരു ശൃംഖല തന്നെ സെറ്റ് ചെയ്തുവയ്ക്കും

നേരം വൈകി ഉറങ്ങി നേരത്തേ എണീക്കുന്നതാണ് പലരുടെയും ഇപ്പോഴത്തെ ശീലം. ഓഫീസില്‍ നിന്ന് മടങ്ങി വന്നശേഷവും മെയിലുകള്‍ നോക്കാനിരുന്നും പിറ്റേന്നത്തേക്കുള്ള പ്രസന്റേഷന്‍ തയ്യാറാക്കിയും വീട്ടുജോലികള്‍ തീര്‍ത്തും കിടക്കുമ്പോള്‍ വല്ലാതെ വൈകുന്നത് പതിവാണ്. അതുകൊണ്ട് നേരത്തേ എണീക്കാന്‍ അലാറത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ചിലരാകട്ടെ പത്തുമിനിട്ട് ഇടവിട്ട് അലാറം അടിക്കുന്ന രീതിയില്‍ അലാറത്തിന്റെ ഒരു ചെയിന്‍ തന്നെ സെറ്റ് ചെയ്തുവയ്ക്കും.

എന്തുകൊണ്ടാണ് ഇങ്ങനെ ഒന്നിലധികം അലാറം ആളുകള്‍ വയ്ക്കുന്നത്. ഉറങ്ങിപ്പോകാതെ കൃത്യസമയത്ത് എണീക്കാനാകുമെന്നും ജോലി സ്ഥലത്തോ, കോളേജിലോ എത്താന്‍ വൈകില്ലെന്നും കരുതിയാണ് ചിലരെങ്കിലും ഒന്നിലേറെ അലാറം വയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് സത്യത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

പലതവണയായി അലാറം ഓഫ് ചെയ്യുന്നതിനായി എണീക്കേണ്ടി വരികയും വീണ്ടും കിടന്നുറങ്ങുകയും ചെയ്യുന്നത് ഉറക്കത്തിന്‍റെ ഗുണമേന്മയെ സാരമായി ബാധിക്കും. അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്‌മെന്റിനെ ഇത് അലോസരപ്പെടുത്തും. തളര്‍ച്ചയ്ക്കും മാനസികനിലയിലെ വ്യത്യയാനങ്ങങ്ങള്‍ക്കും സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ലെവല്‍ ഉയരുന്നതിനും ഇത് കാരണമാകും.

രാവിലെയുള്ള ആദ്യ അലാറം നിങ്ങളുടെ REM സ്ലീപ് സൈക്കിളിനെ അലോസരപ്പെടുത്തും. ശ്വാസഗതി, രക്തസമ്മര്‍ദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉയര്‍ന്നുനില്‍ക്കുന്ന സമയാണ് ഇത്. സാധാരണയായി പുലര്‍ച്ചയോടടുത്തായിരിക്കും സ്ലീപ് സൈക്കിളിലെ ഈ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നത്.

സാധാരണായായി 7-8 മണിക്കൂര്‍ ഉറക്കം ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നന്നായി ഉറങ്ങുന്നതിനിടയില്‍ അലാറം കേള്‍ക്കുന്നത് ശരീരത്തെ സമ്മര്‍ദത്തിലാഴ്ത്തും. തുടര്‍ച്ചയായുള്ള അലാറം സ്‌ട്രെസ് ലെവല്‍ വര്‍ധിപ്പിക്കും.

Content Highlights: Set Multiple Alarms To Wake Up

To advertise here,contact us