കടുത്ത ചൂടില്‍ തണുത്ത വെള്ളം കുടിക്കല്ലേ..;ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം

കടുത്തചൂടില്‍ തണുത്തവെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

കടുത്ത ചൂടില്‍ എത്ര വെള്ളം കുടിച്ചാലും മതിയാകില്ല. അതിന് പരിഹാരമെന്നോണം പലരും സ്വീകരിക്കുന്ന എളുപ്പമാര്‍ഗമാണ് നല്ല തണുത്തവെള്ളം കുടിക്കുക എന്നുള്ളത്. ദാഹം മാറി, പെട്ടെന്നൊരു ഊര്‍ജം കൈവരുന്നത് പോലെ സ്വഭാവികമായും അനുഭവപ്പെടാറുമുണ്ട്. എന്നാല്‍ കടുത്തചൂടില്‍ തണുത്തവെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

കടുത്തചൂടില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് തണുത്തവെള്ളം കുടിക്കുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാകും. തന്നെയുമല്ല ഭക്ഷണത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന കൊഴിപ്പിനെ ഇത് ഘനീഭവിപ്പിക്കും. ഇതോടെ ദഹനം മന്ദഗതിയിലാകും. ഭക്ഷണശേഷം പതിവായി തണുത്തവെള്ളം കുടിക്കുന്നവരാണെങ്കില്‍ അത് ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനുമെല്ലാം കാരണമാകാറുണ്ട്. ചിലര്‍ക്ക് വയറുവേദനയും അനുഭവപ്പെടും.

അതുപോലെ കടുത്ത ചൂടില്‍ നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് നല്ല തണുത്തവെള്ളം തൊണ്ടയിലെത്തുന്നത് തൊണ്ടവേദനയ്ക്ക് കാരണമാകും. പെട്ടെന്നുള്ള താപനിലയിലെ വ്യതിയാനം തൊണ്ടയ്ക്ക് താങ്ങാനാകില്ല. അതിനാല്‍ നേരിയ ജലദോഷം, തൊണ്ട കാറല്‍, ശബ്ദം അടയുക തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ചിലരില്‍ താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം തൊണ്ടയിലെ നേരിയ പാളിയെ അസ്വസ്ഥതപ്പെടുത്തും. സൈനസിനെ ബാധിക്കുകയും സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ അധികരിക്കാനും കാരണമാകും.

തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പിനെ വരെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍ തലകറക്കമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വളരെ വേഗത്തില്‍ തണുത്തവെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. പെട്ടെന്ന് താപനിലയിലുണ്ടാകുന്ന വ്യതിയാനം അപകടസൂചനയായി കണ്ട് പാലറ്റ് നെര്‍വുകള്‍ തലച്ചോറിലേക്ക് വേദനയുടെ സിഗ്നലുകള്‍ അയക്കുന്നതാണ് അതിനുള്ള കാരണം.

മുറിയിലെ താപനിലയിലുള്ളതോ ചെറുതായി തണുത്തതോ ആയ വെള്ളം തണുത്ത വെള്ളത്തേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കും. വളരെ തണുത്ത വെള്ളം ശരീര താപനിലയിലേക്ക് കൊണ്ടുവരാന്‍ നിങ്ങളുടെ ശരീരം അധിക ഊര്‍ജം ചെലവഴിക്കാന്‍ ഇടയാക്കും, ഇത് ആഗിരണം മന്ദഗതിയിലാക്കും.

Content Highlights: Side Effects of Drinking Cold Water in Summer

To advertise here,contact us