രക്ഷിതാക്കളേക്കാള്‍ പൊക്കമുള്ളവരാണ് മക്കള്‍; എന്താണ് കാരണം എന്നറിയാമോ?

ഡിജിറ്റല്‍ ക്രിയേറ്ററായ ഗുര്‍ണീത് സിങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിതുറന്നത് പുതിയ ചര്‍ച്ചയിലേക്കാണ്.

ഡയറ്റും ഹൈറ്റും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഡിജിറ്റല്‍ ക്രിയേറ്ററായ ഗുര്‍ണീത് സിങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിതുറന്നത് പുതിയ ചര്‍ച്ചയിലേക്കാണ്. ബോളിവുഡ് താരങ്ങളെ ചൂണ്ടിക്കാണിച്ച്, പുതിയ തലമുറയിലെ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ പൊക്കമുള്ളവരായിരിക്കുന്നതിന്റെ പിന്നിലെ കാരണം വിശദീകരിക്കുന്നതായിരുന്നു ഗുര്‍ണീതിന്റെ പോസ്റ്റ്. 'ഡാഡ്: 5'6 സണ്‍:6'2 എന്തുകൊണ്ടാണിങ്ങനെ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഇന്നത്തെ കുട്ടികള്‍ പഴയ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നവരാണെന്ന് ഗുര്‍ണീത് പറയുന്നു.

പരമ്പരാഗതമായി, മിക്ക ഇന്ത്യന്‍ കുടുംബങ്ങളും അന്നത്തെ കാലത്ത് പാലുല്‍പന്നങ്ങളും മാംസവും എല്ലായ്‌പ്പോഴും കഴിച്ചിരുന്നില്ല. ഉദാഹരണത്തിന് പനീര്‍ ആണെങ്കില്‍ ഏതാനും കഷ്ണങ്ങള്‍ മാത്രമേ കറിയില്‍ കാണൂ. ചിലപ്പോള്‍ മിക്ക ദിവസങ്ങളിലും മുട്ട കാണുമായിരിക്കും. മാംസം എല്ലായ്‌പ്പോഴും ആഴ്ചാവസാനം കഴിക്കുന്ന വിശേഷ വിഭവമായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ ഭക്ഷണത്തിനൊപ്പം എന്നും മാംസാഹാരവും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നുണ്ട്. ഇത് അവര്‍ക്ക് ഉയര്‍ന്ന പ്രൊട്ടീന്‍ ആണ് നല്‍കുന്നത്. അത് അസ്ഥികളുടെ വികസനത്തിനും മസില്‍ കരുത്തിനും സഹായിക്കുമെന്ന് ഗുര്‍ണീത് പറയുന്നു. സസ്യാഹാരികളാണെങ്കില്‍ പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഉയരവുമായി ബന്ധപ്പെട്ട് പ്രോട്ടീന് വലിയ പങ്കുണ്ടെന്നാണ് ക്ലിനിക്കല്‍ ന്യൂട്ര്യീഷ്യനിസ്റ്റുകളും ഡയറ്റീഷ്യനും പറയുന്നത്. എന്നാല്‍ വളര്‍ച്ചയെ സഹായിക്കുന്നതില്‍ പല പോഷക ഘടകങ്ങള്‍ക്കും പങ്കുണ്ട്.വളര്‍ച്ചാ ഘട്ടങ്ങളില്‍ പേശികള്‍, അസ്ഥികള്‍, മറ്റ് കലകള്‍ എന്നിവയുടെ വികാസത്തിന് അടിസ്ഥാനഘടകമായി പ്രോട്ടീന്‍ പ്രവര്‍ത്തിക്കുന്നു. ജെനറ്റിക്‌സ്, ഹോര്‍മോണുകള്‍, ശാരീരിക വ്യായാമങ്ങള്‍, ന്യൂട്രീഷ്യന്‍ എന്നിവ അസ്ഥിവികാസത്തെ സ്വാധീനിക്കുമെങ്കിലും ഡയറ്റിനും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഡയറ്റീഷ്യന്‍ പ്രതീക്ഷ കാദം പറയുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഡയറ്റാണ് ഉയരം വയ്ക്കുന്നതിനായി കഴിക്കേണ്ടത്.

Content Highlights: Is this the reason why most kids of younger generation are much taller than their parents?

To advertise here,contact us