ബിപി കുറയ്ക്കാന്‍ വാഴപ്പഴം...കാരണങ്ങളറിയാം

വാഴപ്പഴം കഴിച്ചാല്‍ ബിപി കുറയുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നറിയാമോ...

പ്രമേഹം പോലെതന്നെ പലരേയും അലട്ടുന്ന മറ്റൊരു രോഗമാണ് ബിപി അല്ലെങ്കില്‍ ബ്ലഡ് പ്രഷര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങളൊന്നും ഇല്ല. പക്ഷേ ചികിത്സിച്ചില്ലെങ്കില്‍ അപകടകരവുമായിരിക്കും. രക്താതിമര്‍ദ്ദം നിങ്ങളെ പക്ഷാഘാതം, ഹൃദയാഘാതം മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇരയാക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, വ്യായാമം, മരുന്നുകള്‍ എന്നിവ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നോര്‍മലായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ കുറഞ്ഞത് ഒരു വാഴപ്പഴമെങ്കിലും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. വാഴപ്പഴം പതിവായി കഴിക്കുന്നവരില്‍ രക്ത സമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് വാഴപ്പഴം കഴിക്കുന്നവരില്‍ ബിപി കുറയുന്നത്

വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കുന്നു. പൊട്ടാസ്യം മാത്രമല്ല ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് വാഴപ്പഴം. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമായ മഗ്നീഷ്യം ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള സാധാരണ വഴികള്‍

  • ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക.
  • ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ഉദാഹരണത്തിന് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ അടങ്ങിയ ഒരു ഭക്ഷണരീതി.
  • ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. നിങ്ങളുടെ സോഡിയം ഉപഭോഗം പ്രതിദിനം 1,500 മില്ലിഗ്രാമില്‍ കവിയരുത്. ആദ്യം ഇത് വളരെ ബുദ്ധിമുട്ടാണെങ്കില്‍, നിങ്ങളുടെ ദൈനംദിന ഉപഭോഗം കുറഞ്ഞത് 1,000 മില്ലിഗ്രാം കുറച്ചുകൊണ്ട് ആരംഭിക്കാം.
  • ആവശ്യത്തിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. പൊട്ടാസ്യം കൂടുതലുള്ള ചില ഭക്ഷണങ്ങളില്‍ വാഴപ്പഴം, അവോക്കാഡോ, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നു.
  • വ്യായാമം ചെയ്യുക. പൊതുവേ, സാവധാനം ആരംഭിച്ച് ആഴ്ചയില്‍ 150 മിനിറ്റ് വരെ എയറോബിക് വ്യായാമം ചെയ്യുക.ലഘുവായ ഭാരം ഉയര്‍ത്തുന്നത് പോലുള്ള വ്യായാമങ്ങള്‍ സഹായകരമാണ്.
  • മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക.

( ഡോക്ടറെയോ ഡയറ്റീഷ്യനെയോ കണ്ടതിന് ശേഷം നിങ്ങളുടെ ശരീരത്തിനും ആരോഗ്യ അവസ്ഥയ്ക്കും ചേര്‍ന്നരീതിയിലുള്ള മരുന്നുകളോ ഭക്ഷണക്രമങ്ങളോ വ്യായാമങ്ങളോ ചെയ്യേണ്ടതാണ്)

Content Highlights :Do you know why it is said that eating bananas lowers BP?

To advertise here,contact us