ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത് തലച്ചോറിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉറക്കക്കുറവ് തലച്ചോറിനെ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മോശം ഉറക്കവും തലച്ചോറിന്റെ സങ്കോചവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ ഈ പഠനത്തിൽ ആണ് ഉറക്കക്കുറവ് വാർദ്ധക്യത്തിലേക്ക് എളുപ്പം നയിക്കുമെന്ന് കണ്ടെത്തിയത്.

മനുഷ്യർക്ക് പ്രായമാകുന്തോറും തലച്ചോർ ചുരുങ്ങുന്നത് എന്തുകൊണ്ടാണെന്ന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. പ്രായമാവുന്നതിന് അനുസരിച്ച് തലച്ചോർ സങ്കോചിക്കാറുണ്ട്. അതേസമയം പുതിയ പഠനത്തിൽ ശരിയായി ഉറങ്ങാത്തത് തലച്ചോറിനെ ചുരുക്കാനും എളുപ്പം വാർദ്ധക്യത്തിലേക്ക് തള്ളാനും കാരണമാവുന്നുണ്ടെന്നാണ് കണ്ടെത്തൽ.

2024-ൽ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി വർഷങ്ങളോളം ഏകദേശം അറുന്നൂറോളം മുതിർന്നവരിൽ അവരുടെ ഉറക്ക ശീലങ്ങളെക്കുറിച്ച് സർവേ നടത്തിയിരുന്നു. തുടർന്ന് നടത്തിയ ബ്രെയിൻ സ്‌കാനിങുകളിൽ നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് മോശം ഉറക്കമുള്ളവരുടെ തലച്ചോർ സങ്കോചിക്കുമെന്നും അവ കൂടുതൽ ക്ഷീണിതമായിരിക്കുമെന്നുമാണ് കണ്ടെത്തിയത്. ഉറക്കക്കുറവ് പ്രായമാകുന്നതിനെയും തലച്ചോർ ചുരുക്കുന്നതിനെയും വേഗത്തിൽ ആക്കുമെന്നും കണ്ടെത്തി.

വിവിധ പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം, ജീവിതശൈലി ഘടകങ്ങൾ എന്നിവ കണക്കിലെടുത്താലും, മോശം ഉറക്കമുള്ളവരുടെ തലച്ചോറുകൾ നന്നായി വിശ്രമിക്കുന്ന മറ്റുള്ളവരെക്കാൾ ശരാശരി 1.6 മുതൽ 2.6 വർഷം വരെ പ്രായമുള്ളതായും പഠനം സൂചിപ്പിക്കുന്നു. ഇതോടെ തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ പഠനങ്ങളിലേക്ക് ഇത് നയിക്കുന്നുണ്ടെന്ന് യുസിഎസ്എഫ് സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് വകുപ്പിലെ ഗവേഷകയായ ക്ലെമെൻസ് കാവൈല്ലെസ് പറഞ്ഞു.

Content Highlights: new study says Lack of sleep It affects the brain and accelerates aging

To advertise here,contact us