പരിക്കില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡ് താരം പരേഷ് റാവല്‍

പരേഷ് ഇന്ത്യന്‍ വാട്‌സ്ആപ്പ് ബൂമര്‍ അങ്കിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കുള്ള മികച്ച ഉദാഹരണം

മുട്ട് ശസ്ത്രക്രിയയ്ക്ക് പകരം സ്വന്തം മൂത്രം കുടിച്ച് സുഖം പ്രാപിച്ചു. കേട്ടാല്‍ ഞെട്ടുന്ന ഈ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത് ബോളിവുഡ് അഭിനേതാവ് പരേഷ് റാവല്‍ ആണ്. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടി 15 ദിവസം തുടര്‍ച്ചയായി താന്‍ മൂത്രം കുടിച്ചെന്ന് പരേഷ് തുറന്നുപറഞ്ഞത് സ്വന്തം മൂത്രം ബീര്‍ പോലെ സിപ് ചെയ്തു കുടിക്കാന്‍ തീരുമാനിച്ചുവെന്നാണ് അദ്ദേഹം തന്റെ അനുഭവത്തെ വിവരിക്കുന്നത്.

സുഖംപ്രാപിച്ചുവെന്ന് പരേഷ് അവകാശപ്പെടുന്നുണ്ടെങ്കിലും പരേഷിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ലിവര്‍ ഡോക്ടര്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഡോ സിറിയക് എബ്ബി ഫിലിപ്‌സ് പരേഷിനെ വിമര്‍ശിച്ച് രംഗത്തെത്തി.'ഏതെങ്കിലും ഒരു ബോളിവുഡ് അഭിനേതാവ് പറയുന്നത് കേട്ട് നിങ്ങള്‍ സ്വന്തം മൂത്രം കുടിക്കാന്‍ ശ്രമിക്കരുത്. മൂത്രം കുടിക്കുന്നത് കൊണ്ട് ആരോഗ്യഗുണങ്ങളുണ്ടാകുമെന്നുള്ളതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.' ഡോക്ടര്‍ പറയുന്നു.

മൂത്രം കുടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.' മൂത്രം കുടിക്കുന്നത് ദോഷമാണ്. ബാക്ടീരിയ, ടോക്‌സിന്‍സ്, അപകടകാരിയായ മറ്റുവസ്തുക്കള്‍ എന്നിവ ഇത് നിങ്ങളുടെ രക്തത്തിലേക്ക് വിട്ടേക്കാം. നിങ്ങളുടെ ശരീരത്തിലെ വിഷമയമായ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്ക ചെയ്യുന്നത്. അത് വീണ്ടും ശരീരത്തിലേക്ക് തന്നെ പ്രവേശിപ്പിച്ച് വൃക്കയുടെ പ്രവര്‍ത്തനത്തെ അപമാനിക്കരുത്. മൂത്രം സ്റ്റെറൈല്‍ അല്ല. നിങ്ങളുടെ ശരീരം പുറന്തള്ളുന്ന ഉപ്പിന്റെയും കെമിക്കലുകളുടേയും ഒരു മിശ്രിതമാണ് മൂത്രം. അത് വീണ്ടും ശരീരത്തിലേക്കെത്തുകയാണെങ്കില്‍ അത് ശരീരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.'

മീഡിയയില്‍ സജീവമായി നില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പരേഷ് പറയുന്നതെന്നും ഇന്ത്യന്‍ വാട്‌സ്ആപ്പ് ബൂമര്‍ അങ്കിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കുള്ള മികച്ച ഉദാഹരണമാണ് പരേഷെന്നും ഡോക്ടര്‍ പരിഹസിക്കുന്നുണ്ട്.

Content Highlights: Liver Doc slams Paresh Rawal’s claims of drinking his own urine to recover from knee injury

To advertise here,contact us