'പ്രണയത്തിൽ എനിക്ക് ഉപാധികളില്ല, മാതൃത്വം അനുഭവിക്കണമെന്ന് എപ്പോഴും ആ​ഗ്രഹിച്ചിരുന്നു'; തുറന്നുപറഞ്ഞ് ശോഭിത

നാ​ഗചൈതന്യയോടുള്ള തന്റെ പ്രണയത്തിന് ഉപാധികളുണ്ടെന്ന് കരുതുന്നില്ലെന്നാണ് ശോഭിത പറയുന്നത്.

നാഗചൈതന്യയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹം, മാതൃത്വം എന്നിവയെ കുറിച്ചുമെല്ലാം തുറന്നുപറഞ്ഞ് നടി ശോഭിത ധുലിപാല. കഴിഞ്ഞയിടയ്ക്കാണ് തെലുങ്ക് താരം നാഗചൈതന്യയുമായുള്ള ശോഭിതയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. നാ​ഗചൈതന്യയോടുള്ള തന്റെ പ്രണയത്തിന് ഉപാധികളുണ്ടെന്ന് കരുതുന്നില്ലെന്നാണ് ശോഭിത പറയുന്നത്.

തന്നെക്കുറിച്ച് മൂന്ന് വാക്കുകളില്‍ സ്വയം വിവരിക്കുക, ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം ഇതാണ് തുടങ്ങിയ നിബന്ധനങ്ങളിലോ നിര്‍വചനങ്ങളിലോ താന്‍ വിശ്വസിക്കുന്നില്ലെന്ന് ശോഭിത പറയുന്നു. 'ആരെങ്കിലും എനിക്കുവേണ്ടി എന്തെങ്കിലും ചെയ്താല്‍ അവരോട് എനിക്ക് കടപ്പാടുണ്ടാകും. എന്നെ സ്‌നേഹിക്കുന്നവരാണ് എനിക്കുവേണ്ടി എന്തെങ്കിലും ചെയ്തതെങ്കില്‍ ഞാന്‍ ആ സ്‌നേഹം തുടരും. ഞാന്‍ ആരാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും വൈകാരികമായി സമീപിക്കുന്ന കാര്യങ്ങളെക്കുറിച്ചും എനിക്ക് നിങ്ങളോട് പറയാന്‍ സാധിക്കും. എനിക്കുവേണ്ടി എന്തെങ്കിലും സ്നേഹത്തോടെ ചെയ്യുന്ന ഒരാളെ എനിക്ക് ഇഷ്ടമല്ലെന്ന് പറയില്ല. പ്രിയപ്പെട്ട ഒരു വ്യക്തിയോ കുടുംബമോ എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്തെന്നുവച്ച് അവരെ തള്ളിപ്പറയില്ല, അപ്പോഴും അവരെ സ്‌നേഹിക്കുന്ന വ്യക്തിയായിത്തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' ശോഭിത ഇൻഡ്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഒരാളുടെ പ്രവൃത്തികളെ ആശ്രയിച്ചല്ല എനിക്ക് അവരോടുള്ള പ്രണയമിരിക്കുന്നത്. എന്നെ സംബന്ധിച്ച് അതാണ് ഒരു ബന്ധത്തിലെ വിശ്വാസ്യത. എന്റെ പ്രണയം അത്തരത്തില്‍ ഉപാധികളില്ലാത്തതാണ്. കാര്യങ്ങള്‍ അതുപോലെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാതൃത്വം അനുഭവിക്കണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അമ്മയാവുന്നത് ഞാനാ​ഗ്രഹിച്ചിരുന്നു. വിവാഹിതയായി ജീവിക്കുന്നതിനെ കുറിച്ച് ഞാന്‍ സങ്കല്‍പിച്ചിട്ടുണ്ട്. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായല്ല വിവാഹനിശ്ചയം ചെയ്തത്. വളരെ ശാന്തവും ലളിതവുമായ ചടങ്ങായിരുന്നു അത്. ഇത്തരം ചടങ്ങുകളില്‍ തെലുങ്ക് സംസ്‌കാരം വേണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തോടും മാതാപിതാക്കളോടും വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. നിശ്ചയത്തിനായി ഒന്നും ആസൂത്രണം ചെയ്തിരുന്നില്ല. അവിസ്മരണീയമായ ചടങ്ങായിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചി‌ട്ടില്ല'. ശോഭിത പറഞ്ഞു.

To advertise here,contact us