മുടി വളരാനും മുടി കൊഴിച്ചിൽ തടയാനും റോസ്മേരി; എങ്ങനെ തയ്യാറാക്കാമെന്നും ഉപയോഗിക്കാമെന്നും അറിയാം

താരന്‍ കുറയുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും റോസ്‌മേരി എണ്ണയും റോസ്മേരി വാട്ടറും ഉപയോഗപ്രദമാണ്

2 min read|07 Oct 2024, 09:38 am

പാചകത്തിനും ഔഷധമായും സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായും റോസ്‌മേരി ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഒരു സുഗന്ധ സസ്യമാണ് റോസ്മേരി. നമ്മുടെ നാട്ടിൽ ഇന്ന് വളരെ ട്രെന്‍ഡിങ്ങായ ഒരു ഹെയര്‍ കെയര്‍ പ്രോഡക്റ്റ് ആയി റോസ്‌മേരി മാറിയിട്ടുണ്ട്. മുടി വളരുന്നതിനും താരന്‍ കുറയുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും റോസ്‌മേരി എണ്ണയും റോസ്മേരി വാട്ടറും ഉപയോഗപ്രദമാണ്.

റോസ്‌മേരി ചെടിയുടെ ഇലകളില്‍ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന എസ്സെന്‍ഷ്യല്‍ ഓയില്‍ (റോസ്മേരി അരോമ ഓയില്‍ ) ഉപയോഗിച്ചാണ് മുടിയുടെ സംരക്ഷണത്തിനായുള്ള പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്നത്. രക്തയോട്ടം ഉത്തേജിപ്പിക്കുക വഴി മുടി വളര്‍ച്ച ത്വരിതപ്പെടുത്തുക, മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുക എന്നിവ കൂടാതെ താരന്‍ നിയന്ത്രിക്കുന്നതിനും പേന്‍ ശല്യം കുറയ്ക്കുന്നതിനും റോസ്‌മേരി ഉത്തമമാണ്.

മുടി വളര്‍ച്ചയെ സഹായിക്കുക എന്നത് കൂടാതെ മുടിയുടെ കനം കൂട്ടാനും (thickness) മുടി കൊഴിച്ചില്‍ കുറയ്ക്കാനും റോസ്മേരി നല്ലതാണ്. അകാലനര കുറയ്ക്കുന്ന ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമായ റോസ്‌മേരി ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമാണ്.റോസ്‌മേരി എസ്സെന്‍ഷ്യല്‍ ഓയില്‍ കടകയില്‍ നിന്നും വാങ്ങി നമുക്ക് വേണ്ട രീതിയില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ റോസ്മേരി ഓയില്‍, റോസ്‌മേരി വാട്ടര്‍ എന്നിവ വിവിധ കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്നുമുണ്ട്.

റോസ്മേരി എസ്സെന്‍ഷ്യല്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ചുവടെ ചേര്‍ക്കുന്നു.

റോസ്മേരി എസ്സെന്‍ഷ്യല്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാം

  • ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണറില്‍ ഔണ്‍സിന് 5-7 തുള്ളി ചേര്‍ത്ത് നാന്നായി മിക്‌സ് ചെയ്തു ഉപയോഗിക്കാം.
  • ഹെയര്‍ മാസ്‌ക്, ഡീപ് കണ്ടീഷനിംഗ് ക്രീം എന്നിവര്‍ക്കൊപ്പം 2 സ്‌കൂപ് ക്രീമില്‍ അഞ്ചോ ആറോ തുള്ളികള്‍ (drops ) ചേര്‍ക്കാം.
  • ഷാംപൂ ചെയ്യുന്നതിന് 30 മിനിറ്റ് മുന്‍പ് എണ്ണയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
  • തലയോട്ടിയില്‍ മസാജിനായി കാരിയര്‍ ഓയിലുകളായ വെര്‍ജിന്‍ കൊക്കോനട്ട്, ഒലിവ് അല്ലെങ്കില്‍ ജോജോബ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാന്‍ മറക്കരുത്. കാരണം അരോമ എസ്സെന്‍ഷ്യല്‍ ഓയിലുകള്‍ക്ക് ഗാഢത കൂടുതലാണ്. അവ നേരിട്ട് ഉപയോഗിക്കാന്‍ പാടുള്ളതല്ല. 100 ml കരിയര്‍ ഓയിലില്‍ 10 ഡ്രോപ്പ് എസ്സെന്‍ഷ്യല്‍ ഓയിലില്‍ കൂടുതല്‍ മിക്‌സ് ചെയ്യരുത് .
  • ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ റോസ്‌മേരി ഉപയോഗിക്കുന്നതിന് മുന്‍പ് പാച് ടെസ്റ്റ് നടത്താന്‍ മറക്കരുത്.

റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തയ്യാറാക്കുന്നത്തിനുള്ള വഴികള്‍

മാര്‍ഗ്ഗം ഒന്ന്

ആവശ്യമുള്ള സാധനങ്ങള്‍

  • 1കപ്പ് വെള്ളം
  • 2/3 തണ്ട് പുതിയ റോസ്‌മേരി ഇലകള്‍, അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ഉണങ്ങിയ റോസ്‌മേരി

ഉണ്ടാക്കുന്ന വിധം

തിളച്ച വെള്ളത്തില്‍ റോസ്മേരി ഇലകള്‍ ചേര്‍ത്തിളക്കി 15 മിനിറ്റ് അടച്ചു വെയ്ക്കുക. ശേഷം മൂടി തുറന്ന് വച്ച് തണുപ്പിക്കുക . അരിച്ചതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മാര്‍ഗ്ഗം രണ്ട്

1 കപ്പ് വെള്ളത്തില്‍ റോസ്‌മേരി ഇലകള്‍ (2/3 തണ്ട് പച്ച ഇലകള്‍ അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ) രാത്രി മുഴുവന്‍ ഇട്ടു വച്ചതിന് ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മാര്‍ഗ്ഗം മൂന്ന്

കപ്പ് വെള്ളത്തില്‍ 5-7 തുള്ളി റോസ്‌മേരി ഓയില്‍ മിക്‌സ് ചെയ്തു ഉപയോഗിക്കാം.

റോസ്മേരി വാട്ടര്‍ താഴെ പറയുന്ന രീതികളില്‍ ഉപയോഗിക്കാം

  • ഷാംപൂ ചെയ്ത ശേഷം അവസാനമായി റോസ്മേരി വാട്ടർ ഉപയോഗിച്ച് മുടി കഴുകുക.
  • റോസ്മേരി വാട്ടർ തലയോട്ടിയില്‍ പുരട്ടി മസ്സാജ് ചെയ്ത് 30 മിനിറ്റിന് ശേഷം കഴുകാം.

Content Highlights: How to use Rosemary for hair growth

To advertise here,contact us