മകളുടെ രൂപസാദൃശ്യത്തിൽ അച്ഛന് സംശയം; ഡിഎൻഎ ടെസ്റ്റിന് പിന്നാലെ സിനിമയെ വെല്ലുന്ന വമ്പൻ ട്വിസ്റ്റ്

വിയറ്റ്നാമിൽ ഒരാൾ തൻ്റെ മകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന് പിന്നാലെ നടന്ന ട്വിസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്

വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ ഒരാള്‍ തന്റെ മകളെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതും അതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. എസ്സിഎംപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഒരാള്‍ ഭാര്യ ഹോംഗിനും അവരുടെ ഇളയ മകള്‍ ലാനുമൊപ്പം ഹനോയില്‍ നിന്നും ഹോ ചി മിന്‍ സിറ്റിയിലേക്ക് മാറി. കുടുംബം വര്‍ഷങ്ങളോളം അവിടെ താമസിച്ചു. എന്നാല്‍ മകൾ ലാൻ അവളുടെ കൗമാരപ്രായത്തില്‍ പ്രവേശിച്ചപ്പോഴാണ് അയാൾ മകളുടെ രൂപം തന്നേപ്പോലെ അല്ലായെന്ന് ശ്രദ്ധിച്ചത്.

സംശയം മാറാത്തതിനെ തുടര്‍ന്ന് അയാള്‍ തന്റെ മകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍ട്ട് അയാളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ലാന്‍ അയാളുടെ ജൈവിക മകളായിരുന്നില്ല. വെളിപ്പെടുത്തലില്‍ തകര്‍ന്ന അദ്ദേഹം ഭാര്യയില്‍ നിന്നും മകളില്‍ നിന്നും വൈകാരികമായി അകന്നു. പലപ്പോഴും മദ്യപിച്ച് വീട്ടിലേക്ക് വരികയും ഭാര്യയുമായി അയാള്‍ വഴക്കിടാനും തുടങ്ങി. അയാള്‍ ഭാര്യയില്‍ അവിശ്വസ്തത ആരോപിക്കുകയും ഭാര്യ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

Also Read:

Health
ഉറക്കം കുറവാണോ? നിങ്ങൾ അറിയാതെ നിങ്ങളുടെ തലച്ചോർ വാർദ്ധക്യത്തിലേക്ക് അടുക്കുന്നുണ്ട്!

ഒടുവില്‍ ഹോങ് മകളുമായി ഹനോയിലേക്ക് മടങ്ങിപ്പോയി. പിന്നീട് പെണ്‍കുട്ടിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി. ഈ പുതിയ സ്‌കൂളിലെത്തിയതോടെയാണ് ലാന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള വിചിത്രമായ സാഹചര്യങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങിയത്. അവളുടെ പുതിയ സ്‌കൂളില്‍ ഒരു സഹപാഠിയുമായി ലാന്‍ സൗഹൃദത്തിലായി. അവരുടെ സൗഹൃദം ദൃഢമായതോടെ ലാന്റെ സുഹൃത്തായ ആ പെണ്‍കുട്ടി തന്റെ വീട്ടിലെ ഒരു പിറന്നാള്‍ ആഘോഷത്തിനായി ലാനെയും അമ്മയെയും ക്ഷണിച്ചു. ആ ബര്‍ത്തഡേ പാര്‍ട്ടിയില്‍ വച്ച് സുഹൃത്തിന്റെ അമ്മയെ കണ്ടപ്പോള്‍ ലാന്റെ അമ്മ ഞെട്ടി. കാരണം തന്റെ മകളുടെ അതേ രൂപ സാദൃശ്യമായിരുന്നു ആ സ്ത്രീക്ക്. രണ്ട് പെണ്‍കുട്ടികളും ഒരേ ദിവസത്തിലും ഒരേ ആശുപത്രിയിലും ജനിച്ചവരായിരുന്നു. ഒടുവില്‍ ഇരുകുടുംബങ്ങളും ഡിഎന്‍എ ടെസ്റ്റ ചെയ്യാമെന്ന തീരുമാനത്തിലെത്തി. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ജനന സമയത്ത് ഹോസ്പിറ്റലില്‍ നിന്നും മാതാപിതാക്കൾക്ക് പരസ്പരം മാറ്റി നൽകിയവരായിരുന്നു ആ പെൺകുട്ടികൾ എന്നും ഇരു കുടുംബങ്ങള്‍ക്കും വ്യക്തമായി.

ഇപ്പോള്‍ ആ കുടുംബങ്ങള്‍ തമ്മില്‍ വൈകാരികമായ ഒരു ബന്ധം സ്ഥാപിച്ചാണ് മുന്നോട്ട് പോകുന്നത്. ഇരു കുടുംബങ്ങളും ഇപ്പോള്‍ ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്. പെണ്‍കുട്ടികള്‍ പക്വതയിലെത്തുമ്പോള്‍ അവരെ പറഞ്ഞു മനസിലാക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം. ആശുപത്രിക്കെതിരെ ഇരു കുടുംബങ്ങളും ഇതുവരെ കേസ് കൊടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Content Highlights: Man suspects wife of cheating over 'too pretty' daughter, DNA test reveals unexpected truth

To advertise here,contact us