പലതരത്തിലുള്ള റെക്കോര്ഡുകളുള്ള ആളുകളെ നമ്മള് കണ്ടിട്ടുണ്ട്. അത്തരത്തില് വ്യത്യസ്തമായ ഒരു റെക്കോര്ഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഉഗാണ്ടക്കാരനായ മൂസ ഹസാഹ്യകസേര. കിഴക്കന് ഉഗാണ്ടയിലെ മുകിസ ഗ്രാമത്തില് താമസിക്കുന്ന 70 വയസുകാരനായ വ്യക്തിയാണ് ഇദ്ദേഹം. 12 തവണ വിവാഹിതനായ അദ്ദേഹം 102 കുട്ടികളുടെ പിതാവാണ്. 578 പേരക്കുട്ടികളും ഇയാള്ക്കുണ്ട്. ട്രാവല് വ്ളോഗറായ കൈലാഷ്-മീണ ലോകത്തിലെ ഏറ്റവും കൂടുതല് കുട്ടികളുളള വ്യക്തിയെ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യുന്നതോടെയാണ് മൂസ ഹസാഹ്യകസേരയെ ലോകമറിയുന്നത്. വീഡിയോയ്ക്ക് താഴെ ഹാസ്യരൂപേണ പലരും കമന്റുകള് ഇട്ടെങ്കിലും ഇയാളുടെ യഥാര്ഥ ജീവിതം പട്ടിണിയും പരിവട്ടവും നിറഞ്ഞതാണ്.
1972 ല് ആയിരുന്നു മൂസ തന്റെ ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. ആദ്യ പുത്രിയായ സാന്ദ്ര നാബ്വയറിന് ഇപ്പോള് 50 വയസാണ് പ്രായം. 35 വയസുള്ള, ഏറ്റവും ഒടുവില് വിവാഹംകഴിച്ച ഭാര്യയോടൊപ്പമാണ് ഇയാള് ജീവിക്കുന്നത്. തന്റെ 102 കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള് സൂക്ഷിക്കാന് മൂസ ഒരു ഡയറി സൂക്ഷിച്ചു വയ്ക്കുന്നുണ്ടത്രേ. തന്റെ ഓര്മയില് ആദ്യം ജനിച്ച കുഞ്ഞുങ്ങളുടെയും അവസാനം ജനിച്ച കുഞ്ഞുങ്ങളുടെയും പേരുകള് മാത്രമേയുള്ളൂ എന്ന് മൂസ പറയുന്നു.
കാര്യങ്ങള് ഇങ്ങനെയൊക്കെയാണെങ്കിലും ഹസാഹ്യകസേരയുടെ കുടുംബം പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്നവരാണ്. തുരുമ്പ് പിടിച്ച മേല്ക്കൂരയുളള ജീര്ണിച്ച വീട്ടിലാണ് ഹസഹ്യയും കുടുംബവും താമസിക്കുന്നത്.കുടുംബത്തിലെ ബാക്കിയുള്ളവര് സമീപത്തുള്ള പുല്ല് മേഞ്ഞ കുടിലുകളിലാണ് താമസിക്കുന്നത്.
കുട്ടികള്ക്ക് ഭക്ഷണം കൊടുക്കാന് പോലും ബുദ്ധിമുട്ടാണെന്ന് ഹസാഹ്യയുടെ മൂന്നാമത്തെ ഭാര്യ സബീന പറയുന്നു. ഈ കഷ്ടപ്പാടുകളൊന്നും താങ്ങാനാവാതെ ഇതിനിടയില് അയാളുടെ രണ്ട് ഭാര്യമാര് ഉപേക്ഷിച്ച് പോവുകയും ചെയ്തു. പ്രൈമറി സ്കൂള് അധ്യാപകനായ 30 വയസുള്ള മകന് ഷാബാന് മാഗിനോ കുടുംബ കാര്യങ്ങളില് പ്രധാന പങ്ക് വഹിക്കുന്നുണ്ട് കഷ്ടപ്പാടുകള്ക്കിടയിലും ഇത്രയും വലിയ കുടുംബത്തെ സമാധാനപരമായി നോക്കിയതിന് ഹസാഹ്യയെ ഗ്രാമത്തിലെ ആളുകള് അഭിനന്ദിക്കുന്നു.