റീല്‍സ് കണ്ട് സമയം പോകുന്നോ... ഇങ്ങനെ ചെയ്തുനോക്കൂ

സാമൂഹ്യമാധ്യമങ്ങളെ കുറേക്കൂടി സമാധാനത്തോടെ കൈകാര്യം ചെയ്യാന്‍ ചെറിയ ചില വിദ്യകളുണ്ട്

ഒന്നിനും സമയമില്ല..ഈ സമയമെല്ലാം എവിടെ പോകുന്നു എന്നുചിന്തിച്ചിട്ടും ഉത്തരമില്ല. ഒടുവില്‍ ഫോണിലെ സെറ്റിങ്ങ്‌സില്‍ പോയി സ്‌ക്രീന്‍ ടൈം നോക്കുമ്പോഴായിരിക്കും ഈ സമയം മുഴുവന്‍ എവിടെപോകുന്നുവെന്നതിന് കൃത്യമായ ഉത്തരം കിട്ടുന്നത്. നിര്‍ദോഷമെന്ന് കരുതുന്ന റീല്‍സുകള്‍ കാണാന്‍ പലരും ചെലവഴിക്കുന്നത് നാലും അഞ്ചും മണിക്കൂറുകളാണ്. ഇത്രയും മണിക്കൂറുകള്‍ ചെലവഴിച്ച് കാണുന്ന റീല്‍സ് ഒടുവില്‍ തരുന്നത് മാനസികോല്ലാസത്തിന് പകരം മാനസിക സംഘര്‍ഷമാണെങ്കിലോ? മറ്റുള്ളവരുടെ സോഷ്യല്‍മീഡിയ ജീവിതം കണ്ട് ലോകത്തെല്ലാവരും സന്തോഷിക്കുന്നു സ്വന്തം ജീവിതമാണെങ്കില്‍ സംഘര്‍ഷക്കടല്‍ എന്ന് കരുതുന്നവരാണോ നിങ്ങള്‍? എങ്കില്‍ സാമൂഹ്യമാധ്യമങ്ങളെ കുറേക്കൂടി സമാധാനത്തോടെ കൈകാര്യം ചെയ്യാന്‍ ചെറിയ ചില വിദ്യകളുണ്ട്.

അണ്‍ഫോളോ ചെയ്യാന്‍ മടിക്കേണ്ട

നിങ്ങളുടെ മനസമാധാനം കളയുന്ന പോസ്റ്റുകള്‍ ആരുടേതുമാകട്ടെ മടിയൊന്നും കൂടാതെ അത് അണ്‍ഫോളൊ ചെയ്യുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട കാര്യം. വ്യാജ സൗഹൃദം നടിക്കുന്നവരെയും ഒഴിവാക്കാന്‍ മടിക്കേണ്ടതില്ല. ബ്രേക്കപ്പായെങ്കിലും എക്‌സിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോയി ഒളിഞ്ഞുനോക്കുന്ന പതിവുണ്ടെങ്കില്‍ അതും വൈകാതെ നിര്‍ത്താന്‍ ശ്രമിക്കണം.

Also Read:

Life Style
'അങ്ങോട്ട് നീങ്ങിയിരിക്ക്, ഇത് ഓയോ അല്ല...' ഈ ഓട്ടോയില്‍ പ്രണയം അനുവദിക്കില്ല!

നിങ്ങളുടെ സന്തോഷങ്ങളും പങ്കുവയ്ക്കപ്പെടണം

അതേ, മറ്റുള്ളവരുടെ പോസ്റ്റുകള്‍ കണ്ട് അവര്‍ എത്ര സന്തോഷത്തോടെയാണ് ജീവിതം ജീവിക്കുന്നതെന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കാതെ സ്വന്തം ജീവിതത്തിലേക്ക് നോക്കൂ..നിങ്ങളുടെ ജീവിതത്തിലുമില്ലേ സന്തോഷം നിറഞ്ഞ ചില നിമിഷങ്ങള്‍..ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കേട്ട നല്ലൊരു പാട്ട്, ബാല്‍ക്കണിയില്‍ സന്ധ്യക്ക് ചായയുമായി നില്‍ക്കുമ്പോള്‍ കണ്ട സൂര്യാസ്തമനം, വായിച്ച പുസ്തകത്തിലെ ഏതാനും വരികള്‍..പുതുതായി പൂവിട്ട നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടി..അങ്ങനെ എത്രയെത്ര കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍..വൈകണ്ട അവയെ കുറിച്ച് ഒരു കുഞ്ഞുകുറിപ്പോ..ചിത്രമോ പങ്കുവയ്ക്കു..നിങ്ങളുടെ സോഷ്യല്‍മീഡിയ ലോകവും കുഞ്ഞുകുഞ്ഞു സന്തോഷങ്ങളാല്‍ നിറഞ്ഞ് വലിയൊരു സന്തോഷത്തിലെത്തട്ടെ.

താരതമ്യം വേണ്ട

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സഹപാഠികളുമായി നിങ്ങളെ രക്ഷിതാക്കള്‍ താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരായിരുന്നില്ലേ നിങ്ങള്‍. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നോക്കി അവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത്? തന്നെയുമല്ല സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തിക്കാണിക്കുന്നത് പോലെയാകണമെന്നില്ല അവരുടെ യഥാര്‍ഥ ജീവിതം.

ഈ അക്കൗണ്ടുകള്‍ ഫോളോ ചെയ്യൂ

ചിലര്‍ക്ക് മനോഹരമായ പ്രകൃതി കാഴ്ചകള്‍ ഇഷ്ടമായിരിക്കും. മറ്റുചിലര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതുകാണാനായിരിക്കും ഇഷ്ടം. ചിലര്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന കോട്ടുകളായിരിക്കും ഇഷ്ടം. ഈ ഇഷ്ടങ്ങളെന്തെന്ന് തിരിച്ചറിഞ്ഞ് അവ പിന്തുടരുക. മാനസികാരോഗ്യത്തോടൊപ്പം വ്യക്തിയെന്ന നിലയിലും കാഴ്ചപ്പാടുകളിലും നിങ്ങളെ നിങ്ങള്‍ പോലുമറിയാതെ ഇവ മാറ്റിയെടുത്തേക്കാം.

Content Highlights: How can you use social media more healthier

To advertise here,contact us