ദിവസം 40 സിഗരറ്റ് വലിച്ചിരുന്നു, മകളുടെ ഒറ്റച്ചോദ്യത്തില്‍ ശീലം ഉപേക്ഷിച്ചു: രാം കപൂര്‍

'പുകവലി ആളെ കൊല്ലുമെന്ന പരസ്യം ഞാന്‍ ടിവിയില്‍ കണ്ടു. അച്ഛന്‍ മരിക്കാന്‍ പോവുകയാണോ?' മകള്‍ ചോദിച്ചു

ശരീരഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് രാം കപൂര്‍. രാം കപൂറിന്റെ ആരോഗ്യകരമായ ജീവിതശൈലി പലര്‍ക്കും മാതൃകയുമായിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ നിന്ന് പുകവലി ശീലം ഒഴിവാക്കിയതിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് അദ്ദേഹം. ദിവസം 40 സിഗരറ്റുകള്‍ വലിച്ചിരുന്ന താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി പുകവലി നിര്‍ത്തിയെന്ന് രാം കപൂര്‍ പറയുന്നു. അതിന് കാരണമായത് മകള്‍ സിയയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'ദിവസം 40 സിഗരറ്റുകള്‍ വലിച്ചിരുന്ന ആളായിരുന്നു ഞാന്‍. പുകവലി നിര്‍ത്താന്‍ കാരണം മകള്‍ സിയയാണ്. പുകവലി ആളെ കൊല്ലുമെന്ന പരസ്യം അവള്‍ ടെലിവിഷനില്‍ കണ്ടിരുന്നു. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞെത്തിയ എന്നോട് മകള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. പുകവലി ആളെ കൊല്ലുമെന്ന പരസ്യം ഞാന്‍ ടിവിയില്‍ കണ്ടു. അച്ഛന്‍ മരിക്കാന്‍ പോവുകയാണോ? പുകവലി നിര്‍ത്തണമെന്നല്ല എന്നോട് അവള്‍ പറഞ്ഞത്, മറിച്ച് മരിക്കില്ലെന്ന് അവള്‍ക്ക് ഉറപ്പുകൊടുക്കണമെന്നായിരുന്നു ആവശ്യം. അവളുടെ ആ ചോദ്യത്തോടെ പുകവലി എന്നന്നേക്കുമായി ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് സെയ്ഫ് അലിഖാനുമൊത്ത് രണ്ടുതവണ പുകവലിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. സെയ്ഫും പുകവലി നിര്‍ത്തിയ വ്യക്തിയാണ്. എന്നാല്‍ ഡ്രിങ്ക്‌സ് കഴിക്കുമ്പോള്‍ സെയ്ഫിന് പുകവലിക്കാന്‍ ഇഷ്ടമാണ്. അങ്ങനെ ഒന്നിച്ചിരിക്കുമ്പോഴാണ് രണ്ടുതവണ പുകവലിച്ചത്', രാം കുമാര്‍ പറഞ്ഞു.

Also Read:

Life Style
'ഡിയര്‍ ഇഡ്‌ലി ചട്‌നി നോ സാമ്പാര്‍'; ചാറ്റ് ചെയ്യുമ്പോള്‍ മെയില്‍ അയയ്ക്കല്ലേ പണിപാളും

പുകവലി നിര്‍ത്തിയെങ്കിലും ഷൂട്ടിങ്ങിനിടയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പുകവലിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുകവലിയാണെങ്കിലും മദ്യമാണെങ്കിലും ലഹരിമരുന്നാണെങ്കിലും താന്‍ പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്ന് പറഞ്ഞ താരം അത് വേണ്ടെന്ന് വെച്ച നിമിഷം മുതല്‍ അവ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ജീവിതത്തില്‍ എല്ലാം അനുഭവിക്കണം. എന്നാല്‍ അതില്‍ നമുക്ക് നിയന്ത്രണം ഉണ്ടായിരിക്കണം. മറിച്ച് അവയെല്ലാം കൂടി നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥ വരരുതെന്നും രാം കപൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Ram Kapoor says he quit smoking on daughter Sia’s insistence

To advertise here,contact us