വരന്‍റെ സിബില്‍ സ്കോര്‍ മോശം; വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങി വധുവിന്‍റെ വീട്ടുകാര്‍

സിബില്‍ സ്‌കോര്‍ പരിശോധിക്കവേയാണ് വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെടുന്നത്.

യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താന്‍ എന്തെങ്കിലും കുറുക്കുവഴിയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് മാത്രമാണ് ഉത്തരം. തങ്ങളുടെ അഭിരുചിക്ക് അനുയോജിച്ച വരനെയോ വധുവിനെയോ കണ്ടെത്തുന്നതിനായി ചെറുക്കന്റെയും പെണ്ണിന്റെയും സ്വഭാവവും ജോലിയും ഇഷ്ടങ്ങളും കുടുംബപശ്ചാത്തലവും ചോദിച്ചറിയുന്നത് അറേഞ്ച്ഡ് മാരേജില്‍ പതിവുരീതിയുമാണ്. ചെറുക്കന്റെ സ്വഭാവം അത്ര ശരിയല്ല, ജോലി പോര തുടങ്ങിയ കാരണങ്ങള്‍ നിരത്തി വിവാഹം മുടങ്ങുന്നതും പതിവാണ്. എന്നാല്‍ വരന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കുടുംബം. പ്രണയം അന്ധമായിരിക്കും പക്ഷെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അന്ധരായിരുന്നാല്‍ ജീവിക്കാന്‍ കഷ്ടപ്പെടുമെന്നാണ് വധുവിന്റെ വീട്ടുകാരുടെ ന്യായം.

Also Read:

Life Style
ഭര്‍ത്താവ്, ഭാര്യ, അമ്മ, അച്ഛന്‍, മക്കള്‍… ഈ രാജ്യത്ത് നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും വാടകയ്ക്ക് എടുക്കാം

മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായാറായപ്പോഴാണ് വധുവിന്‍റെ അമ്മാവന്‍ വിചിത്ര നിര്‍ദേശം മുന്നോട്ടുവച്ചത്. സിബില്‍ സ്‌കോര്‍ ചെക്കുചെയ്യണമെന്ന് അമ്മാവന്‍ നിര്‍ബന്ധം വച്ചു. സിബില്‍ സ്‌കോര്‍ പരിശോധിക്കവേയാണ് വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെടുന്നത്. താഴ്ന്ന സിബില്‍ സ്‌കോര്‍ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണ്. അതുകൊണ്ടുതന്നെ യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നുന്നത് ശക്തമായി എതിര്‍ത്തു. നിലവില്‍ തന്നെ തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹശേഷം എങ്ങനെ പെണ്‍കുട്ടിയെ നല്ലരീതിയില്‍ നോക്കുമെന്നായിരുന്നു അമ്മാവന്റെ ചോദ്യം. അതോടെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

വിവാഹത്തിന് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ബെംഗളുരുവില്‍ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയത് അടുത്തിടെയാണ്. വരന്‍ ചോളി കെ പീച്ചെ ക്യാ ഹെ എന്ന ഗാനത്തിന് ചുവടുവച്ചതിനെ തുടര്‍ന്ന് വിവാഹം നിര്‍ത്തിവച്ച വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.

Content Highlights: Maharashtra Wedding Cancelled Over Groom’s Poor CIBIL Score

To advertise here,contact us