അമ്മയോട് പരാതി പറയരുത്, എക്‌സിനെ കുറിച്ച് മിണ്ടരുത്, കിടപ്പുമുറിയില്‍ മാന്യത പാലിക്കണം… എഗ്രിമെന്റ് വൈറല്‍

ആരെങ്കിലും ഒരാള്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എഗ്രിമെന്റ് റദ്ദാക്കപ്പെടും. മാത്രമല്ല പിന്നീടുള്ള മൂന്ന് മാസത്തേക്ക് വീട്ടിലെ എല്ലാ ജോലികളും ഇയാള്‍ ചെയ്യേണ്ടിയും വരും

പല രീതിയില്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ദിവസം 'സമാധാനം' നിറഞ്ഞ ജീവിതത്തിന് എഗ്രിമെന്റ് ഉണ്ടാക്കിയ ദമ്പതികളെ കുറിച്ചുള്ള വാര്‍ത്തയാണ് പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവരുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന തര്‍ക്കങ്ങളും വഴക്കും ഒഴിവാക്കാനായി 500 രൂപയുടെ സ്റ്റാമ്പ് പേപ്പറിലാണ് എഗ്രിമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ സ്വദേശികളായ അനയ, ഭര്‍ത്താവ് ശുഭം എന്നിവരാണ് വിവാഹിതരായി രണ്ട് വര്‍ഷത്തിന് ശേഷം സന്തോഷകരമായ ഭാവി ജീവിതത്തിനായി എഗ്രിമെന്റുണ്ടാക്കിയത്. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം, തങ്ങള്‍ക്കിടയിലെ സ്‌നേഹം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് എഗ്രിമെന്റില്‍ പറയുന്നു. എഗ്രിമെന്റില്‍ ഇരുവരും പാലിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു റെഡ്ഡിറ്റ് യൂസറാണ് ഈ എഗ്രിമെന്റ് പങ്കുവെച്ചിരിക്കുന്നത്.

ക്രിപ്‌റ്റോകറന്‍സി വ്യാപാരത്തിലുള്ള അമിത താല്‍പര്യത്തെ നിയന്ത്രിക്കുന്നതിനാണ് ശുഭത്തിനായുള്ള കൂടുതല്‍ നിബന്ധനകളും. ഡൈനിങ് ടേബിളിലും ബെഡ്‌റൂമിലും ട്രേഡിങ് മാര്‍ക്കറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണം, കിടപ്പുമുറിയില്‍ മാന്യത പാലിക്കണം, ഭാര്യയെ 'മൈ ബ്യൂട്ടികോയിന്‍, മൈ ക്രിപ്‌റ്റോപൈ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് വിളിക്കരുത്, രാത്രി 9 മണിക്ക് ശേഷം ട്രേഡിങ് ആപ്പുകള്‍ ഉപയോഗിക്കുകയോ യൂട്യൂബ് വീഡിയോ കാണുകയോ ചെയ്യരുത് എന്നിങ്ങനെയാണ് ശുഭത്തിനായുള്ള നിബന്ധനകള്‍.

അനന്യക്കുള്ള നിബന്ധനകള്‍ ഇങ്ങനെ, ശുഭത്തെ കുറിച്ചുള്ള പരാതികള്‍ അമ്മയെ വിളിച്ചു പറയരുത്, തര്‍ക്കമുണ്ടാകുമ്പോള്‍ ശുഭത്തിന്റെ മുന്‍ കാമുകിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തരുത്, വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യരുത്, രാത്രി വൈകി സൊമാറ്റോയില്‍ നിന്നും സ്വിഗ്ഗിയില്‍ നിന്നും ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യരുത്…

നിബന്ധനകള്‍ പാലിക്കാത്തവര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എഗ്രിമെന്റില്‍ പരാമര്‍ശമുണ്ട്. ആരെങ്കിലും ഒരാള്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എഗ്രിമെന്റ് റദ്ദാക്കപ്പെടും. മാത്രമല്ല പിന്നീടുള്ള മൂന്ന് മാസത്തേക്ക് തുണി കഴുകല്‍, ബാത്‌റൂം വൃത്തിയാക്കല്‍, സാധനങ്ങള്‍ വാങ്ങല്‍ തുടങ്ങി വീട്ടിലെ എല്ലാ ജോലികളും ഇയാള്‍ ചെയ്യേണ്ടിയും വരും. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ എഗ്രിമെന്റ് വൈറലായിട്ടുണ്ട്.

Content Highlights: Bengal Couple Signs Valentine's Day Agreement

To advertise here,contact us