പിശുക്കിക്കോ പിശുക്കിക്കോ.. അവസാനം ചൊറിയുമ്പോള്‍ മനസിലാകും

കാലാവധി കഴിഞ്ഞ സോപ്പുകള്‍ ഉപയോഗിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയാമോ?

ചില ആളുകളുണ്ട് നല്ല പിശുക്കായിരിക്കും. എക്‌സ്പയറി ഡേറ്റിന്റെ അന്ന് വരെ എന്ത് സാധനവും ഉപയോഗിക്കും. അത് പോട്ടെ എന്ന് വയ്ക്കാം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഭക്ഷണ പദാര്‍ഥങ്ങളും അരിയും പയറും ഒക്കെ ഉപയോഗിക്കുന്ന ചില ആളുകളുണ്ട്. അതൊക്കെ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്നറിഞ്ഞിട്ടും അവരാ പതിവ് തുടരാറുണ്ട്. അത്തരത്തില്‍ കാലാവധി കഴിഞ്ഞാലും മിക്കവരും കളയാന്‍ മടിക്കുന്ന ഒന്നാണ് സോപ്പ് . കാലാവധി കഴിഞ്ഞ സോപ്പ് ശരീരത്തില്‍ തേച്ചാല്‍ എന്ത് സംഭവിക്കുമെന്ന് പറയുകയാണ് കോസ്മെറ്റിക് സ്കിന്‍ ആന്‍ഡ് ഹോമിയോ ക്ലിനിക്കിലെ കോസ്മറ്റോളജിസ്റ്റായ ഡോ. കരുണ മല്‍ഹോത്ര.

പെട്ടെന്ന് കേടുവരുന്ന വസ്തുക്കളില്‍നിന്ന് വ്യത്യസ്തമായി സോപ്പ് കാലക്രമേണ കേടാകുകയോ മോശമാവുകയോ ചെയ്യുന്നില്ല. പക്ഷേ ഗുണം കുറയും. കാലഹരണപ്പെട്ട സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കാലങ്ങള്‍ കഴിയുന്തോറും സോപ്പുകളുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നഷ്ടമാകും. കൂടാതെ അവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ PH ലെവലില്‍ മാറ്റം വരും.ഇത് ചര്‍മ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും വരള്‍ച്ച, അലര്‍ജി, പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. സെന്‍സിറ്റീവായുളള ചര്‍മ്മമാണെങ്കില്‍ കാലാവധി കഴിഞ്ഞ സോപ്പുകള്‍ ബാക്ടീരിയ, ഫംഗസ് വളര്‍ച്ചയ്ക്ക് കാരണമാകുകയും അണുബാധയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഡോ. മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

സോപ്പ് കാലഹരണപ്പെട്ടോ എന്ന് എങ്ങനെ അറിയാം

സോപ്പ് ബാറിലെ കാലാവധി കഴിഞ്ഞോ എന്ന് നിര്‍ണ്ണയിക്കാന്‍ നിറം മങ്ങുക, ഗന്ധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ നോക്കാം. മാത്രമല്ല നിങ്ങളുടെ സോപ്പില്‍ പൂപ്പലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഒരിക്കലും ഉപയോഗിക്കരുത്. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സുഗന്ധം കുറവുള്ള സോപ്പുകള്‍ തിരഞ്ഞെടുക്കുക. കൂടാതെ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുകയും വേണം. സോപ്പ് സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈര്‍പ്പം കുറഞ്ഞ സ്ഥലത്ത് വേണം സോപ്പ് സൂക്ഷിക്കാന്‍.

Content Highlights :Do you know what happens to your body if you use expired soaps?

To advertise here,contact us