മാനിപുലേറ്റ് ചെയ്യുക എന്ന വാക്ക് പലപ്പോഴും കേള്ക്കുന്ന ഒന്നാണ്. പലരും പലരാലും മാനിപുലേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ടാവാം. ഇന്നത്തെകാലത്ത് ഭൂരിഭാഗം ആളുകളും സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന് വേണ്ടി എന്തും ചെയ്യാന് തയ്യാറായിട്ടുളളവരാണ്. പലരും നമ്മുടെ അഭ്യുദയകാംക്ഷിയായി അഭിനയിക്കുകയും പിന്നീട് അപകടത്തില്പ്പെടുത്താറുമുണ്ട്. നിങ്ങള്ക്കൊപ്പമുള്ളവര്ക്കൊന്നും നല്ല ഉദ്ദേശ്യങ്ങള് ഉണ്ടായിക്കൊള്ളണമെന്നില്ല. കൂടെയുണ്ട് എന്ന് തോന്നിപ്പിച്ച ശേഷം തെറ്റിദ്ധരിപ്പിച്ച് അപകടത്തില്പ്പെടുത്തി കടന്നുപോകുന്ന ഇത്തരക്കാരെ തിരിച്ചറിയാന് വഴിയുണ്ട്.
ഒരു വ്യാജ വ്യക്തിത്വമുള്ളയാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് വസ്തുതകളെ അവര്ക്ക് അനുയോജ്യമായ രീതിയില് വളച്ചൊടിക്കും എന്നത്. പലപ്പോഴും ഇവര് പറയുന്നതാണ് ശരിയെന്ന് കാണിക്കാനും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും, കള്ളം പറയാനും, കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കാനോ, സഹതാപം നേടാനോ, ആശയക്കുഴപ്പത്തിലാക്കാനോ ഒക്കെ വേണ്ടി സത്യത്തെ വളച്ചൊടിക്കും. ഇത്തരം കാര്യങ്ങള് ശ്രദ്ധയില്പ്പെട്ടാല് അവരോട് അകന്നുനില്ക്കുക.
മറ്റുളളവരെ സ്വാധീനിക്കാനായി പലപ്പോഴും കൃത്രിമത്വം കാണിച്ച് തെറ്റ് ചെയ്തത് മറ്റുള്ളവരാണെന്ന് വരുത്തിത്തീര്ത്ത് അവരില് കുറ്റബോധം ജനിപ്പിക്കുന്ന തരത്തിലുള്ള സൂത്രപണികള് ഇവര്ക്കറിയാം.തെറ്റ് ചെയ്തത് അവരാണെങ്കിലും പറഞ്ഞ് പറഞ്ഞ് നിങ്ങള്ക്ക് തന്നെ തോന്നും കുറ്റക്കാര് നിങ്ങളാണെന്ന്. മനശാസ്ത്രമനുസരിച്ച് കുറ്റബോധം ശക്തമായ ഒരു വൈകാരിക പ്രേരകമാണ്.
കൃത്രിമത്വം കാണിക്കുന്നവര്ക്ക് കുറ്റം അംഗീകരിക്കാനോ സമ്മതിച്ചുതരാനോ കഴിയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടോ, ഇരയെ കളിപ്പിച്ചോ , ഒഴിവുകഴിവുകള് പറഞ്ഞുകൊണ്ടോ അവര് പലപ്പോഴും ഉത്തരവാദിത്തങ്ങളില് നിന്ന് വ്യതിചലിക്കുന്നു. അവരുടെ തെറ്റുകള് നേരിടേണ്ടി വരുമ്പോള് അവര് പ്രതിരോധാത്മകമായി പ്രതികരിക്കുകയോ , സാഹചര്യം വളച്ചൊടിക്കുകയോ , നിങ്ങള് അമിതമയി കാര്യത്തില് ഇടപെടുന്നു എന്ന് ആരോപിക്കുകയും ചെയ്തേക്കാം. ഇതെല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെയോ വ്യക്തിത്വത്തെയോ ദുര്ബലപ്പെടുത്തിക്കൊണ്ട് അവരുടെ തെറ്റിനെ സംരക്ഷിക്കുന്നതിനാണ്.
വൈകാരികമായ ആശയക്കുഴപ്പങ്ങള് സൃഷ്ടിക്കുന്നത് ഇത്തരക്കാരുടെ പ്രത്യേകതയാണ്. അവര് പലപ്പോഴും സമ്മിശ്രമായ സിഗ്നലുകളാണ് അയക്കുന്നത്. പറഞ്ഞ കാര്യങ്ങള് വിദഗ്ധമായി മാറ്റിപറയാന് ഇവര് മിടുക്കരാണ്. മറ്റുള്ളവരുടെമേല് നിയന്ത്രണം ചെലുത്താന് ശ്രമിക്കുന്നതിന് തുല്യമാണിത്.
മറ്റുള്ളവരുടെ സഹാനുഭൂതി നേടുക, തന്നെക്കാള് മേലെ ആരും വളരാതിരിക്കുക, ആളുകളെ പ്രീതിപ്പെടുത്തുക എന്നിങ്ങനെയുള്ള സ്വഭാവമുള്ളവര് കൃത്രിമത്വം കാണിക്കാന് വിദഗ്ധരാണ്. നിങ്ങളുടെ ബലഹീനത മനസിലാക്കി അതനുസരിച്ച് അവര് നിങ്ങളെ വരുതിയിലാക്കുകയും അവരുടെ കയ്യിലെ കളിപ്പാട്ടമാക്കുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും നിങ്ങളുടെ എല്ലാകാര്യങ്ങളും, ബലഹീനതകളും എത്ര അടുപ്പമുള്ളവരോടും വെളിപ്പെടുത്തരുത്.
Content Highlights :How to spot people who are intentionally misleading you