മരണപ്പെട്ടയാളുടെ പേരില്‍ 3.2 കോടി ലോണ്‍; കേസന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് വന്‍തട്ടിപ്പ്

മരണപ്പെട്ടയാളുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

മരണപ്പെട്ടയാളുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) മാസങ്ങളായി ഈ ബാങ്ക് തട്ടിപ്പ് അന്വേഷിച്ചുവരികയായിരുന്നു. കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ നന്ദ് നഗരി പ്രദേശവാസിയായ സുരേഷ് കുമാര്‍ (45) ആണ് അറസ്റ്റിലായത്. വ്യാജ രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷ് കുമാര്‍. സൈബര്‍ കഫേ നടത്തുന്ന ഇയാള്‍ ഒന്നിലധികം സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ നിരീക്ഷണത്തിലായിരുന്നു.

2015-ല്‍ സരിത വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 2025 ഏപ്രില്‍ രണ്ടിന് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്ന് 3.2 കോടി രൂപയുടെ വായ്പ ലഭിക്കാനായി വ്യാജ രേഖകള്‍ ഉപയോഗിച്ചുവെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്. സൊണാല്‍ ജെയിന്‍ എന്ന യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി കൊടുത്തത്. തന്റെ മരണപ്പെട്ട ഭര്‍ത്താവ് മഹേന്ദ്രകുമാര്‍ ജെയിന്റെ പേരില്‍ സുരേഷ് കുമാര്‍ വ്യാജ രേഖ നിര്‍മ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൊണാല്‍ പരാതി നല്‍കിയത്. കേസില്‍ വര്‍ഷങ്ങളോളം അന്വേഷണം നടന്നു. എന്നാല്‍ വ്യാജ രേഖകളിലെ വിരലടയാളങ്ങളുടെ ഫോറന്‍സിക് വിശകലനമാണ് പ്രതിയിലേക്കെത്താന്‍ വഴിത്തിരിവായത്.

പൊലീസ് പറയുന്നതനുസരിച്ച് സുരേഷ് കുമാറിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം ഇഒയുവും 13 എണ്ണം സിബിഐയുമാണ് അന്വേഷിക്കുന്നത്. ചോദ്യംചെയ്യലില്‍ താന്‍ വ്യാജ രേഖകളും സ്റ്റാംപുകളും ഇ സ്റ്റാംപ് പേപ്പറുകളും നിര്‍മ്മിച്ചുനല്‍കാറുണ്ടെന്നും ബാങ്ക് വായ്പ ലഭിക്കുന്നതിനായി നിരവധി ഉപയോക്താക്കള്‍ക്ക് വ്യാജ രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും സുരേഷ് കുമാര്‍ സമ്മതിച്ചു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണ്.

Content Highlights: Dead man took 3 crore loan delhi eow arrest bank fraud accused

To advertise here,contact us