'ജീവിതം തരുന്നത് നാരങ്ങയാണെങ്കില്‍ നാരങ്ങവെള്ളമുണ്ടാക്കണം'; വീണ്ടും സ്തനാര്‍ബുദം, പതറാതെ താഹിറ

വെന്‍ ലൈഫ് ഗീവ്‌സ് യു ലെമണ്‍, മേക്ക് എ ലെമണേയ്ഡ്'. തനിക്ക് സ്തനാര്‍ബുദം ബാധിച്ച കാര്യം എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്

'വെന്‍ ലൈഫ് ഗീവ്‌സ് യു ലെമണ്‍, മേക്ക് എ ലെമണേയ്ഡ്'. തനിക്ക് സ്തനാര്‍ബുദം ബാധിച്ച കാര്യം എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ലോകാരോഗ്യ ദിനത്തിലാണ് തനിക്ക് രണ്ടാമതും സ്തനാര്‍ബുദം ബാധിച്ച വിവരം താഹിറ വെളിപ്പെടുത്തിയത്. 2018-ലും അവര്‍ക്ക് ആദ്യ തവണ അര്‍ബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് ചികിത്സയിലൂടെ രോഗമുക്തി നേടിയ താഹിറയെ വീണ്ടും അര്‍ബുദം ബാധിച്ചിരിക്കുകയാണ്.

'ജീവിതം നിങ്ങള്‍ക്ക് പുളിപ്പേറിയ നാരങ്ങയാണ് തരുന്നതെങ്കില്‍ അതുപയോഗിച്ച് നാരങ്ങാവെളളമുണ്ടാക്കി കുടിക്കുക. എന്നാല്‍ വീണ്ടും ജീവിതം നിങ്ങള്‍ക്കുനേരെ നാരങ്ങകളെറിയുകയാണെങ്കില്‍ അതുകൊണ്ട് കാലാ ഖട്ട (ഞാവല്‍ പഴവും നാരങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയം) ജ്യൂസുണ്ടാക്കി കുടിക്കൂ. പോസിറ്റീവായ മനോഭാവത്തോടെ അത് ആസ്വദിക്കൂ. കാരണം അതൊരു മികച്ച പാനീയം മാത്രമല്ല, നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ചതാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. രസകരമെന്ന് പറയട്ടെ, എനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച ഇന്ന് ലോകാരോഗ്യ ദിനം കൂടിയാണ്. സ്വയം പരിപാലിക്കാനായി നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം'- താഹിറ കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

താഹിറയുടെ പോസ്റ്റിന് 'എന്റെ ഹീറോ' എന്നാണ് പങ്കാളിയും നടനുമായ ആയുഷ്മാന്‍ ഖുറാന നല്‍കിയ കമന്റ്. 2018-ല്‍ താഹിറയ്ക്ക് DCIS (ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിറ്റു) ഉണ്ടെന്നാണ് കണ്ടെത്തിയത്. സ്‌റ്റേജ് 0 അതായത് പ്രീ ക്യാന്‍സറസ് സ്റ്റേജിലായിരുന്നു ഇത് കണ്ടെത്തിയത്. നേരത്തെ ലോക ക്യാന്‍സര്‍ ദിനത്തില്‍ കീമോ തെറാപ്പിയെ തുടര്‍ന്ന് തല മൊട്ടയടിച്ച ചിത്രവും ചികിത്സക്കിടെ പകര്‍ത്തിയ നിരവധി ചിത്രങ്ങളും താഹിറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

'ഇതാണ് ജീവിതം. അതിനെ പരമാവധി പ്രയോജനപ്പെടുത്തുക. സകല ശക്തിയുമെടുത്ത് പോരാടിയ നിരവധി ധീരരായ സ്ത്രീകളെ എനിക്കറിയാം. അവര്‍ക്കുമുന്നില്‍ ഞാന്‍ തലകുനിക്കുകയാണ്. അവരുടെ അനുഭവം നമ്മുടെ ജീവിതം എത്ര വിലമതിക്കാനാവാത്തതാണ് എന്നതിനുളള ഓര്‍മ്മപ്പെടുത്തലാകട്ടെ. നമ്മളോരോരുത്തരും എത്രത്തോളം പ്രാധാന്യമുളളവരാണെന്ന് അറിയാന്‍, ഭൂമിയില്‍ മറ്റാര്‍ക്കും നിങ്ങള്‍ ചെയ്യുന്നത് ചെയ്യാന്‍ കഴിയില്ലെന്ന് അറിയാന്‍, അതിനെക്കുറിച്ചുളള അവബോധമുണ്ടാക്കുക. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ അത് ചികിത്സിക്കാമെന്ന് മാത്രമല്ല, ഭേദമാക്കുകയും ചെയ്യാം.'-എന്നാണ് താഹിറ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Content Highlights: Tahira kashyap diagnosed with breast cancer again, ayushman khurana reacts

To advertise here,contact us