ഒബാമയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തയോട് ആദ്യമായി പ്രതികരിച്ച് മിഷേല്‍

ജീവിതവുമായി ബന്ധപ്പെട്ട് ചില തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മിഷേല്‍ ഒബാമ

പൊതുഇടകളിലും രാഷ്ട്രീയ പരിപാടികളിലുമുള്ള മിഷേല്‍ ഒബാമയുടെ അസാന്നിധ്യവും ബരാക് ഒബാമയുമായി വേര്‍പിരിയുന്നു എന്ന അഭ്യൂഹവും ചര്‍ച്ചയാകുന്നതിനിടെ ജീവിതവുമായി ബന്ധപ്പെട്ട് ചില തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മിഷേല്‍ ഒബാമ. അഭിനേത്രി സോഫിയ ബുഷുമായി നടത്തിയ പോഡ്കാസ്റ്റിലാണ് തിരക്കുകളില്‍ നിന്ന് ഇടവേളയെടുക്കുകയാണ് താനെന്ന് മിഷേല്‍ തുറന്നുപറഞ്ഞത്.

ജീവിതത്തില്‍ ക്ഷേമത്തോടെയിരിക്കുന്നതിനായി സ്വന്തം സമയത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തുവെന്നും ബോധപൂര്‍വമായ ചില തിരഞ്ഞെടുപ്പുകള്‍ നടത്തിവരികയാണെന്നുമാണ് മിഷേല്‍ പറഞ്ഞത്. ഒബാമയുമായുള്ള വിവാഹമോചന വാര്‍ത്തയും അവര്‍ നിഷേധിച്ചു. എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ജീവിതത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് പോഡ്കാസ്റ്റില്‍ മിഷേല്‍ വിശദമായി സംസാരിക്കുന്നുണ്ട്.

'ഇപ്പോള്‍ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങള്‍ നേരത്തേ എടുക്കാമായിരുന്നു. എന്നാല്‍ സ്വയം അതിന് മുതിര്‍ന്നില്ല. എന്റഎ ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിന് കുട്ടികളുടെ ജീവിതമാണ് ഞാന്‍ എല്ലായ്‌പ്പോഴും ചൂണ്ടിക്കാട്ടിയിരുന്നത്. അവര്‍ മുതിര്‍ന്നുകഴിഞ്ഞു. ഇന്ന് ഞാന്‍ എനിക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തെ കലണ്ടറിലേക്ക് നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. കാരണം എനിക്ക് ഏറ്റവും നല്ലത് എന്താണോ, എന്താണോ നാം ചെയ്യേണ്ടത് അതുമാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ മറ്റുള്ളവര്‍ ഞാന്‍ എന്തുചെയ്യണമെന്ന് ആഗ്രഹിക്കുന്നോ അതല്ല.' മിഷേല്‍ പറയുന്നു. സ്ത്രീകള്‍ മറ്റെന്തിനേക്കാളും തനിക്ക് പ്രധാന്യം നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്നതിലുള്ള തന്റെ അസ്വസ്ഥതയും പോഡ്കാസ്റ്റില്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. പൊതുവേദികളില്‍ നിന്ന് അകന്നെങ്കിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും അതില്‍ മുഴുകാനും സാധിച്ചതായി അവര്‍ പറയുന്നു. ഇന്നും പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. വിവിധ പദ്ധതികളുടെ ഭാഗമാണ്, കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

വിവാഹത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറയാന്‍ മിഷേല്‍ മടിച്ചിട്ടില്ല. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് വിവാഹജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അവര്‍ തുറന്നുപറയുന്നുണ്ട്. ആത്മകഥയായ ബികമിങ്ങില്‍ വൈറ്റ് ഹൗസില്‍ താമസിക്കവേ നേരിട്ട ഏകാന്തതയെ കുറിച്ചും തളര്‍ന്നിരുന്നതിനെ കുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്.

Content Highlights: Michelle Obama Opens Up About Divorce Rumours

To advertise here,contact us