50 കോടി രൂപയുടെ നായയെന്ന് വീരവാദം; പിന്നാലെ ഇഡി റെയ്ഡ്, ഒടുവിൽ ആ 'മഹാതള്ള്' പൊളിഞ്ഞു

കൂളിംഗ് ഗ്ലാസും കോട്ടുമിട്ട്, നായയെ പിടിച്ചുകൊണ്ട് സ്റ്റേജിൽ നിന്ന അയാളുടെ 'കള്ളത്തരം' ഇഡി കയ്യോടെ പൊളിച്ചുകൊടുത്തു

ഇന്റർനെറ്റിൽ വൈറലായ ഒന്നായിരുന്നു ഒരു ബെംഗളൂരുകാരൻ 50 കോടിക്ക് ഒരു നായയെ വാങ്ങിയെന്ന വാർത്ത. ഇയാൾ തന്നെ ഒരു പൊതുവേദിയിൽ ആ നായയുമായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 'വുൾഫ് ഡോഗ്' ഇനത്തിൽപ്പെട്ട നായയായിരുന്നു അത്. ഇതിന്റെ ചിത്രങ്ങൾ അടക്കം ആളുകളുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

എന്നാൽ ഈ വാർത്ത വെറും വ്യാജമാണെന്നും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നുമെന്നുമുള്ള സ്ഥിരീകരണം പുറത്തുവരികയാണ്. നായയെക്കുറിച്ചുള്ള വാർത്തകൾ വൈറലായതിന് പിന്നാലെ ഇഡി നടത്തിയ റെയ്ഡിലാണ് 'തള്ള്' പൊളിഞ്ഞത്.

നായയെ വാങ്ങിയ ബെംഗളൂരു സ്വദേശിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. എങ്ങനെയാണ് ഈ നായയ്ക്ക് 50 കോടി വില വന്നതന്നെയും പണം എവിടെ നിന്നാണെന്നുമെല്ലാമാണ് ഇഡി പരിശോധിച്ചത്. ഫെമ ആക്ടിന്റെ നിയമലംഘനം ഉണ്ടോ എന്നതും ഇഡിയ്ക്ക് അറിയണമായിരുന്നു. എന്നാൽ പരിശോധനകൾ എല്ലാം കഴിഞ്ഞപ്പോൾ ഈ നായയ്ക്ക് അത്രയും വിലയില്ലെന്നും, ഇയാൾക്ക് ഇത്രയും വലിയ തുകയ്ക്ക് ഒരു നായയെ വാങ്ങാനുള്ള സാമ്പത്തിക ചുറ്റുപാടുകൾ ഇല്ലെന്നും ഇഡി കണ്ടെത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയെ അടക്കിഭരിച്ചിരുന്ന വലിയ ഒരു കള്ളമാണ് പൊളിഞ്ഞുവീണത്.

യഥാർത്ഥത്തിൽ ഈ നായയ്ക്ക് ഒരു ലക്ഷം രൂപ പോലും വിലയില്ലെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വിദേശത്തുനിന്ന് കൊണ്ടുവന്നത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചതും നുണയാണെന്നും, തൊട്ടയൽക്കാരന്റെ പക്കൽ നിന്നാണ് നായയെ വാങ്ങിയതെന്നും ഇഡി കണ്ടെത്തി. എന്തായാലും കൂളിംഗ് ഗ്ലാസും കോട്ടുമിട്ട്, നായയെ പിടിച്ചുകൊണ്ട് സ്റ്റേജിൽ നിന്ന അയാളുടെ 'കള്ളത്തരം' ഇഡി കയ്യോടെ പൊളിച്ചുകൊടുത്തു.

Content Highlights: fifty crore dog claim of man proved false after ED raid

To advertise here,contact us