മൂന്ന് ബെഡ്‌റൂം ഫ്ളാറ്റിന് വാടക 64,000 രൂപ! സംസ്ഥാനം തന്നെ മാറി യുവാവ്; 'ഇപ്പോൾ ഉള്ളത് സമാധാനം'

രാജ് എന്ന എൻജിനീയറാണ് തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്

ഇന്നത്തെ കാലത്ത് ഒരു വീട് വാടകയ്ക്ക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ നമ്മൾ വിചാരിക്കുന്ന തുകയ്ക്ക് ലഭിക്കുക എന്നത് എപ്പോഴും സാധ്യമായ കാര്യമല്ല. പലരും മനസ്സിൽ ഒരു വാടകത്തുക വിചാരിക്കുമ്പോൾ കെട്ടിട ഉടമ ചിലപ്പോൾ അതിനും അപ്പുറമായിരിക്കും കണക്കുകൂട്ടിയിട്ടുണ്ടാകുക. ഈ പ്രശ്നം ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും ഉണ്ട്. ബെംഗളൂരു, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ ഇവ വ്യാപകമാണ് താനും.

ഇപ്പോളിതാ നോയിഡയിൽ നിന്നുള്ള ഒരു യുവാവ്, തന്റെ ഫ്ലാറ്റിന്റെ വാടകയും അത് മൂലം താൻ ചെയ്ത ഒരു കാര്യവും തുറന്നുപറഞ്ഞിരിക്കുകയാണ്.

രാജ് എന്ന എൻജിനീയറാണ് തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. വെബ്3 സ്പേസ് എന്ന കമ്പനിയിലെ എൻജിനീയറാണ് രാജ്. ഇയാൾ മാസവാടകയായി തന്റെ മൂന്ന് ബെഡ്‌റൂം ഫ്ളാറ്റിന് കൊടുക്കുന്ന തുക 64000 രൂപയാണ് ! കൂടെ സുഹൃത്തുക്കൾ കുറച്ചുപേർ ഉണ്ടെങ്കിലും, മെയിന്റനൻസ് ചാർജുകളും കൂട്ടി മാസവാടക 70000ത്തിനടുത്തുവരും എന്നതാണ് കാര്യം. മാത്രമല്ല, മറ്റൊരു അപ്പാർട്മെന്റിനെ നോക്കിയാണ് ഈ ഫ്ലാറ്റ് ഉള്ളത് എന്നതുകൊണ്ടുതന്നെ ഈ യൂണിറ്റ് ലാഭകരമല്ല എന്നും രാജ് പറയുന്നു.

എന്നാൽ രാജ് ഒരു വഴിയും കണ്ടിട്ടുണ്ട്. ആ വഴി വളരെ സിംപിൾ ആണ്‌. ചെറുതായി രാജ് സംസ്ഥാനം ഒന്ന് വിട്ടു ! എന്നിട്ട് നേരെ പോയത് ഗോവയിലേക്കാണ്. അവിടെ വെറും 19000 രൂപയ്ക്ക് മികച്ച സൗകര്യങ്ങളുള്ള, നല്ല കാഴ്ചകൾ കാണാൻ സാധിക്കുന്ന ബാൽക്കണിയുള്ള ഒരു വീട് രാജ് എടുത്തു.

'എനിക്ക് ഒരു ചെറിയ പട്ടണത്തിലേക്ക് മാറണമായിരുന്നു. ബെംഗളൂരുവും ഗോവയുമായിരുന്നു എന്റെ ചോയ്‌സ്. ഒരു പുതിയ സ്ഥലം എന്നതായിരുന്നില്ല, ഒരു പുതിയ ജീവിതമായിരുന്നു എന്റെ ലക്ഷ്യം.' എന്ന് രാജ് പറയുന്നുണ്ട്. ഇപ്പോൾ തനിക്ക് പണം ഒരുപാട് ലാഭിക്കാൻ സാധിക്കുന്നുണ്ടെന്നും പുതിയ ഒരു ജീവിതരീതി തുടങ്ങുകയാണെന്നും രാജ് പറയുന്നു.

രാജ് ഗോവയിൽ വാടകയ്‌ക്കെടുത്ത വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇൻവെർട്ടർ, കെട്ടിട ഉടമ തന്നെ ഇൻസ്റ്റാൾ ചെയ്ത വൈഫൈ അങ്ങനെയങ്ങനെ എല്ലാമുണ്ട്. നോയിഡയെപ്പോലെ ട്രാഫിക് ഇല്ലാത്ത, മലിനീകരണം ഇല്ലാത്ത ഒരു സ്ഥലത്തേയ്ക് മാറിയതിൽ ഇപ്പോൾ രാജ് സന്തോഷത്തിലാണ്.

Content Highlights: Man moves to another state after high rent at Noida

To advertise here,contact us