സ്ത്രീകള്ക്ക് പുരുഷന്മാരെക്കാള് ചൂടുള്ള വസ്തുക്കള് എളുപ്പത്തില് കൈകാര്യം ചെയ്യാന് കഴിയുമെന്ന് പഠനം. കുക്ക്മിന് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കല് ഉപകരണ ലാബില് നിന്നുള്ള ഒരു പുതിയ പഠനം ഈ വ്യത്യാസം നിലനില്ക്കുന്നു എന്നതിനു തെളിവ് നല്കുന്നതിലുപരി, അതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും, ഈ കണ്ടെത്തലുകള് ഉല്പ്പന്ന രൂപകല്പ്പനയിലും സുരക്ഷയിലും എങ്ങനെ സഹായിക്കാം എന്നും വ്യക്തമാക്കുന്നു. ഈ ഗവേഷണത്തിന് നേതൃത്വം നല്കിയത് മലയാളിയായ ജിനു സുധാകരനാണ്. ദക്ഷിണ കൊറിയയിലെ കുക്ക്മിന് യൂണിവേഴ്സിറ്റിയില്, പ്രൊഫസര് ജങ് ക്യുങ് കിമ്മിന്റെ മേല്നോട്ടത്തില് മെക്കാനിക്കല് എഞ്ചിനീയറിംഗില് ഡോക്ടറല് പഠനം നടത്തുകയാണ് ജിനു.
ഉയര്ന്ന താപനിലയെ അഭിമുഖീകരിക്കുമ്പോള് സ്ത്രീകള്ക്ക് പുരുഷന്മാരേക്കാള് വൈകിയാണ് അസ്വസ്ഥതയോ, വേദനയോ ഉണ്ടാകുന്നതെന്ന് പഠനത്തില് ചൂണ്ടിക്കാണിക്കുന്നു. ഉയര്ന്ന താപനിലയില് പുരുഷന്മാരുടെ വിരല് ചര്മ്മം വേഗത്തില് ചൂടാകുകയും പെട്ടെന്ന് ചൂട് വിതരണം ഉണ്ടാകുകയും ചെയ്യുന്നു. ഈ 'ഹോട്ട് സ്പോട്ടുകള്' കാരണം അവര് വേദനയുടെ പരിധിയിലേക്ക് വേഗത്തില് എത്തുകയും കൈ പിടിച്ചുവലിച്ചെടുക്കാന് പ്രേരിപ്പിക്കുകയും ചെയ്തു.
അതേസമയം സ്ത്രീകളുടെ ചര്മ്മം കൂടുതല് ഫലപ്രദമായി ചൂട് സഹിക്കുകയും ചെയ്തു, ഒരേ ചൂട് നേരിടുമ്പോഴും അവര്ക്ക് വൈകിയിട്ടാണ് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നത്. '70% പുരുഷന്മാര്ക്ക് ഒരു മിനിറ്റിനുള്ളില് തന്നെ വേദന അനുഭവപ്പെട്ടു,പക്ഷേ, സ്ത്രീകളില് അത് വെറും 30% മാത്രമായിരുന്നു.'' ജിനു സുധാകരന് പറയുന്നു. പ്രോസ്തറ്റിക്സ്, ഹീറ്റഡ് സീറ്റുകള്, സ്മാര്ട്ട്വാച്ചുകള്, വിര്ച്ച്വല് റിയാലിറ്റി ഉപകരണങ്ങള് എന്നിവ പോലുള്ള ഉപകരണങ്ങള് കൂടുതല് സുരക്ഷിതവും സുഖപ്രദവുമാക്കാന് ഈ കണ്ടുപിടിത്തം സഹായിക്കും.Journal of Thermal Biology-ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Highlights: Why women can handle hot objects better than men