നിങ്ങള്‍ ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥരാകുന്നവരാണോ?

ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥരാകുന്നവരുടെ സ്വഭാവവിശേഷങ്ങള്‍

ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി അസ്വസ്ഥരാകാന്‍. മറ്റുളളവരേക്കാള്‍ ആഴത്തില്‍ അവരുടെ ഉള്ളില്‍ വാക്കുകളും പ്രവൃത്തികളുമൊക്കെ ഇറങ്ങിച്ചെല്ലും. ചെറിയ വാക്കുകള്‍ക്കോ പ്രവൃത്തികള്‍ക്കോ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കാനോ വലിയ രീതിയില്‍ വേദനിപ്പിക്കാനോ കഴിയും.

ചിന്തകള്‍ക്ക് കടിഞ്ഞാണില്ല

ഇത്തരത്തിലുള്ള ആളുകള്‍ എപ്പോഴും പല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഏതൊരു ചെറിയ പ്രശ്‌നവും അവരുടെ മനസില്‍ കിടന്ന് വളരും. അവര്‍ക്ക് ചിന്തകളെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ സാധിക്കില്ല.

ഉയര്‍ന്ന പ്രതീക്ഷകള്‍

ഇത്തരത്തിലുള്ള ആളുകള്‍ എല്ലാ കാര്യങ്ങളിലും ഉയര്‍ന്ന പ്രതീക്ഷകള്‍ വയ്ക്കുന്നവരാണ്. സ്വന്തം കാര്യത്തിലും മറ്റുള്ളവരില്‍ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു. അവര്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കിലോ, എന്തെങ്കിലും ചെറിയ തെറ്റുകളോ പോലും ഈ വ്യക്തികളെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും അവരെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും.

തെറ്റുകളെ വലിയ പരാജയമായി കാണുന്നു

ഇങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ പൂര്‍ണ്ണതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് അതൊരു പരാജയമായി തോന്നുന്നു.

ക്ഷമയില്ലായ്മ

കാത്തിരിക്കാനോ ശാന്തത പാലിക്കാനോ അവര്‍ക്ക് ബുദ്ധിമിട്ട് തോന്നിയേക്കാം. ചെറിയ കാലതാമസങ്ങള്‍ പോലും അവരെ പെട്ടന്ന് ദേഷ്യപ്പെടാനോ നിരാശരാക്കാനോ ഇടയാക്കും. അവര്‍ കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ചെറിയ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നാം.

വേദനകള്‍ മറക്കാതിരിക്കുക

പഴയ വൈകാരികമായ മുറിവുകള്‍ ഇവരെ ഇപ്പോഴും വേദനിപ്പിച്ചേക്കാം. വര്‍ത്തമാന കാലത്തെ ചെറിയ കാര്യങ്ങള്‍ പോലും മുന്നറിയിപ്പില്ലാതെ പഴയ വികാരങ്ങളെ തിരികെ കൊണ്ടുവന്നേക്കാം.

കാര്യങ്ങള്‍ വ്യക്തിപരമായി എടുക്കുന്നു

ഇങ്ങനെയുള്ള ആളുകള്‍ കാര്യങ്ങളെ വ്യക്തിപരമായി എടുക്കുന്നവരാണ്. പറയുന്നവര്‍ അങ്ങനെ ഉദ്ദേശിച്ചില്ലെങ്കില്‍ക്കൂടി ചെറിയ കാര്യങ്ങളെ വലുതായി കണ്ട് അത് മനസില്‍ കൊണ്ടുനടക്കുകയും ചെയ്യും.

Content Highlights :Do you get upset over small things?

To advertise here,contact us