ഒരു കഥപോലെയാണ് അല്-വലീദ് ബിന് ഖാലിദ് ബിന് തലാല് രാജകുമാരന്റെ ജീവിതം. കഴിഞ്ഞ 20 വര്ഷമായി രാജകുമാരന് ഉറക്കത്തിലാണ്. ആരെയും കണ്ണുതുറന്ന് നോക്കാതെ… ആരോടും ഒരുവാക്കും മിണ്ടാതെ… അനക്കമില്ലാതെ… കിടക്കുകയാണ് അദ്ദേഹം. 20 വര്ഷം മുന്പ് നടന്ന ഒരു വാഹനാപകടത്തെത്തുടര്ന്ന് ഗുരുതരമായ പരിക്ക് പറ്റി കോമയിലായതാണ് അല്-വലീദ് ബിന് ഖാലിദ് ബിന് തലാല് രാജകുമാരന്. ഏപ്രില് 18 ന് രാജകുമാരന് 36 വയസ് തികഞ്ഞു.
2005 ല് മിലിട്ടറി കോളജില് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റോഡപകടത്തില്പ്പെട്ട് പ്രിന്സ് അല്-വലീദിന് തലച്ചോറില് രക്തസ്രാവമുണ്ടാകുന്നതും കോമയിലാകുന്നതും. റിയാദിലെ കിംഗ് അബ്ദുല് അസീസ് മെഡിക്കല് സിറ്റിയിലാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. ' റോയ ന്യൂസ്' ന്റെ റിപ്പോര്ട്ട് പ്രകാരം 20 വര്ഷമായി മെക്കാനിക്കല് വെന്റിലേഷന്റെയും ഫീഡിഗ് ട്യൂബിനെയും ആശ്രയിച്ച് രാജകുമാരന് ലൈഫ് സപ്പോര്ട്ടിലാണ് ജീവിക്കുന്നത്. അവസാനമായി അദ്ദേഹത്തിന് ചെറിയ അനക്കം ഉണ്ടായത് 2019ലാണ്. അന്ന് അദ്ദേഹം വിരല് അനക്കുകയും തല ചെറുതായി ചലിപ്പിക്കുകയും ചെയ്തിരുന്നു.
റിപ്പോര്ട്ടുകള് പ്രകാരം ആശുപത്രിയില് പ്രവേശിപ്പിച്ച സമയത്ത് ഡോക്ടര്മാര് രാജകുമാരനെ ലൈഫ് സപ്പോര്ട്ടില്നിന്ന് നീക്കം ചെയ്യാന് തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവ് അല്-വലീദ് ബിന് തലാല്അല് സൗദ് അത് സമ്മതിച്ചില്ല. പിതാവ് ഖാലിദ് ബിന് തലാലും അമ്മ രാജകുമാരി റീമ ബിന്ത് തലാലും ഉള്പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം രാജകുമാരന് ആരോഗ്യവാനായി തിരിച്ചുവരുമെന്ന് അചഞ്ചലമായ പ്രത്യാശ പ്രകടിപ്പിക്കുന്നത് തുടരുകയാണ്.
ഈ വര്ഷത്തെ ജന്മദിനത്തോടനുബന്ധിച്ച് കുടുംബം പുതിയ മെഡിക്കല് അപ്ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, സോഷ്യല് മീഡിയയില് രാജകുമാരന്റെ പിറന്നാള് വാര്ത്ത ഏറെ ജനശ്രദ്ധ ആകര്ഷിച്ചു. ഇത്രയും നീണ്ട കോമയ്ക്ക് ശേഷം ഒരാള് സുഖം പ്രാപിക്കുന്നത് വൈദ്യശാസ്ത്രപരമായി സാധ്യതയില്ലെന്ന് വിദഗ്ദ്ധര് സമ്മതിച്ചിട്ടുണ്ട്. എന്നാല് എപ്പോഴെങ്കിലും മാറ്റം ഉണ്ടാവുമെന്നാണ് കുടുംബത്തിന്റെ പ്രത്യാശ.
Content Highlights :The life of Prince Al-Waleed bin Khalid bin Talal is like a fairy tale. The prince has been asleep for the past 20 years