ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരത്തിലെ വെളുത്ത ഒറ്റ റോസാപ്പൂവിന്റെ രഹസ്യം

ഫ്രാന്‍സിസ് മാര്‍പാപ്പയും ആ വെളുത്ത റോസാപ്പൂവും തമ്മിലുള്ള ബന്ധം

റോമന്‍ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായ ഫ്രാന്‍സിസ് മാര്‍പാപ്പയെ 2025 ഏപ്രില്‍ 26നാണ് ഇറ്റലിയിലെ റോമിലുള്ള സാന്താമരിയ മാഗിയോര്‍ ബസലിക്കയില്‍ അടക്കുന്നത്. പരേതനായ പോപ്പിന്റെ ശവകുടീരം സന്ദര്‍ശിക്കാനും പ്രാര്‍ഥനകള്‍ നടത്താനും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. കല്ലറയുടെ ആദ്യ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരത്തില്‍ ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. മുകളിലെ ചുവരില്‍ ഒരു കുരിശും. ഫോട്ടോകളില്‍ കാണുന്നതുപോലെ ശവകുടീരം ഒരു വെളുത്ത റോസാപ്പൂവ് മാത്രം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. എന്താണ് പാപ്പയുടെ ശവകുടീരത്തിലെ വെളുത്ത ഒറ്റ റോസാപ്പൂവിന്റെ അര്‍ത്ഥമെന്ന് പലര്‍ക്കും ആശ്ചര്യമുണ്ടാകാം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരത്തിലെ ഒറ്റ റോസാപ്പൂവിന്റെ അര്‍ത്ഥം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരത്തിലെ വെളുത്ത ഒറ്റ റോസാപ്പൂവ് ലിസ്യൂക്‌സിലെ വിശുദ്ധ തെരേസയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ പ്രതീകമാണ്. പല അഭിമുഖങ്ങളിലും വിശുദ്ധ തെരേസയോള്ള സ്‌നേഹത്തെക്കുറിച്ചും തനിക്ക് റോസാപ്പൂക്കള്‍ അയക്കാന്‍ വിശുദ്ധയോട് ഇടക്ക് ആവശ്യപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിശുദ്ധ ലിസ്യൂക്‌സില്‍നിന്ന് ഒരു വെളുത്ത റോസാപ്പൂവ് ലഭിച്ചതായി ഹോളി സീയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം അത് കിടക്കയ്ക്ക് അടുത്തുള്ള ഒരു നൈറ്റ് സ്റ്റാന്‍ഡിലാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1897 ല്‍ 24 വയസുള്ളപ്പോഴാണ് സെന്റ് തെരേസ മരിക്കുന്നത്. അവര്‍ നല്‍കിയ ഒരു വാഗ്ദാനത്തില്‍ വേരൂന്നിയതാണ് വെളുത്ത റോസാപ്പൂവുമായുള്ള ബന്ധം. 'ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌റോസാപ്പൂക്കളുടെ ഒരു മഴ പെയ്യിക്കും. എന്റെ സ്വര്‍ഗ്ഗം ഭൂമിയില്‍ നന്മ ചെയ്യുന്നതിനായി ഞാന്‍ ചെലവഴിക്കുന്നു', എന്നായിരുന്നു അവര്‍ പറഞ്ഞത്.

വിശുദ്ധയോടുള്ള പ്രാര്‍ഥനയുടെ മറുപടിയായിട്ടാണ് യഥാര്‍ഥ റോസാപ്പൂക്കള്‍ എത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു. മാര്‍പാപ്പ മുന്‍പ് നടത്തിയ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു, 'കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാത്ത സാഹചര്യത്തില്‍ ഉണ്ണിയേശുവിന്റെ വിശുദ്ധ തെരേസയോട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ശീലം എനിക്കുണ്ട്. അതുപോലെ എന്റെ അവസാനയാത്രയില്‍ എനിക്ക് കാവല്‍നില്‍ക്കാനും എനിക്ക് ഒരു റോസാപ്പൂവ് അയച്ചുതരാനും ഞാന്‍ വിശുദ്ധ തെരേസയോട് ആവശ്യപ്പെട്ടിട്ടുണ്ട്.' അതുകൊണ്ടുതന്നെ വിശുദ്ധയോടുള്ള അദ്ദേഹത്തിന്റെ ഭക്തിയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് കല്ലറയിലെ വെളുത്ത റോസാപുഷ്പം എന്ന് കരുതുന്നു.

Content Highlights :What is the secret of the single white rose on Pope Francis' tomb?

To advertise here,contact us