വ്യത്യസ്തങ്ങളായ ജോലികള് ചെയ്ത് പണം സമ്പാദിക്കുന്ന ആളുകളെ നമ്മള് കണ്ടിട്ടുണ്ട്. ഇക്കാലത്ത് എന്ത് തരത്തിലുളള തൊഴിലുകള് ചെയ്യാനും ആളുകള്ക്ക് മടിയില്ല. എന്നാല് 31 വയസുകാരനായ ജാപ്പനീസ് യുവാവ് തകുയ ഇക്കോമയുടെ ജോലിയെക്കുറിച്ച് കേട്ടാല് നിങ്ങള് അല്പ്പം ആശ്ചര്യം തോന്നും. കാരണം സ്ത്രീകള്ക്ക് വൈകാരികമായ പിന്തുണ നല്കിയാണ് ഇയാള് പണം സമ്പാദിക്കുന്നത്. 15 ഓളം ധനികരായ സ്ത്രീകള്ക്ക് വൈകാരിക പിന്തുണ കൊടുത്ത് താന് ഒരുമാസം സമ്പാദിച്ചത് ആറ് ലക്ഷം രൂപയാണെന്നാണ് തകുയ ഇക്കോമ വെളിപ്പെടുത്തിയിരിക്കുന്നത്.
വൈകാരിക പിന്തുണ നല്കുന്നത് എപ്രകാരമാണെന്നല്ലേ?. അവരോടൊപ്പം സംസാരിക്കുക, ഭക്ഷണം കഴിക്കുക, വീട് വൃത്തിയാക്കുക, നായയെ നടക്കാന് കൊണ്ടുപോകുക തുടങ്ങി മറ്റ് സേവന പ്രവര്ത്തനങ്ങളും വീട്ടുജോലികളും ഒക്കെ ഇയാള് ചെയ്യാറുണ്ട്. മൂന്ന് മണിക്കൂര് ഒരാള്ക്ക് വേണ്ടി ചെലവഴിക്കുമ്പോള് താന് 160,000 യെന് അതായത് 95,000 രൂപ സമ്പാദിച്ചുവെന്നും 2019 ല് ഈ ജോലി ആരംഭിച്ചപ്പോള് എട്ട് ദിവസം 15 പേര്ക്ക് വേണ്ടി ജോലിചെയത് മാസം ഒരു ലക്ഷം രൂപ സമ്പാദിച്ചതായും ഇയാള് അവകാശപ്പെടുന്നു.
(Kept-man )കെപ്റ്റ് -മാന് ആവുക എന്നത് ഭൂമിയിലെ ഏറ്റവും എളുപ്പമുള്ള ജോലിയാണെന്ന് ചിലര് കരുതുമെങ്കിലും ഇക്കോമയ്ക്ക് അക്കാര്യത്തില് തികച്ചും വിപരീതമായ വീക്ഷണമാണുള്ളത്. 'പണവും ഒഴിവ് സമയവും ഉള്ളവര്ക്കാണ് കെപ്റ്റ് -മാന് ആകാന് കഴിയുക എന്നാണ് പലരുടെയും വിചാരം. എന്നാല് 15 സ്ത്രീകളെ ഒരേസമയം കൈകാര്യം ചെയ്യുന്ന ഈ ജോലി ഒട്ടും ആസ്വാദ്യകരമല്ല മടുപ്പിക്കുന്നതുമാണ്' ഇക്കോമ ഒരു ചൈനീസ് മാധ്യമത്തോട് പറഞ്ഞു.പക്ഷേ തന്റെ ജോലിയെ ഇക്കോമ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നല്ല സ്വഭാവമുള്ള ക്ലയന്റുകളോടൊപ്പം മാത്രമേ താന് ജോലി ചെയ്യാന് ഇഷ്ടപ്പെടുന്നുള്ളൂ എന്നും ഇക്കോമ കൂട്ടിച്ചേര്ത്തു.
പതിനെട്ടാം വയസിലാണ് ഇക്കോമ ജോലിയിലേക്കിറങ്ങിയതും പണം സമ്പാദിക്കാന് ആരംഭിച്ചതും. പിന്നീട് പ്രായമായ സമ്പന്നരായ സ്ത്രീകളെ ആകര്ഷിക്കാനുള്ള തന്റെ കഴിവ് തിരിച്ചറിയുകയായിരുന്നു. അവരോടൊപ്പം ഷോപ്പിംഗ്, യാത്രകള് ഒക്കെ ആരംഭിക്കുകയും പിന്നീട് കെപ്റ്റ്-മാന്റെ ജോലിയിലേക്ക് തിരിയുകയും ചെയ്തു. തുടര്ന്ന് ഇക്കോമ ഒരു യൂട്യൂബ് ചാനല് തുടങ്ങി. തന്റെ വിശേഷങ്ങളും മറ്റും ആളുകളോട് പങ്കിടാന് തുടങ്ങി. മാത്രമല്ല കെപ്റ്റ്-മാന് ട്രെയിനിംഗ് കോഴ്സ് ആരംഭിക്കുകയും ചെയ്തു.
Content Highlights :Young man earns lakhs by providing emotional support to women