പ്രണവിനെ പോലെ നിങ്ങൾക്കും യാത്രപോകാം,ജോലി ചെയ്യാം, പണച്ചെലവ് ഇല്ലാതെ; 'വോളണ്ടിയർ ട്രാവലിങ്ങ്' സഹായിക്കും!!

പ്രണവിനെ പോലെ യാത്രകൾ ചെയ്തും ജോലി ചെയ്തും ജീവിക്കാൻ അധികം പണച്ചെലവ് ഇല്ല എന്നതാണ് സത്യം

പ്രണവ് മോഹൻലാലിന്റെ യാത്രകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. പ്രണവിന്റെ അമ്മയും നിർമാതാവുമായ സുചിത്ര മോഹൻലാലിന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് പ്രണവ് മോഹൻലാലിന്റെ യാത്രകളെ കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. പ്രണവ് ഇപ്പോൾ സ്‌പെയിനിൽ ഒരു ഫാമിൽ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കുന്ന ജോലി ചെയ്യുകയാണെന്നും ചെയ്യുന്ന ജോലിക്ക് പണമൊന്നും ലഭിക്കില്ലെങ്കിലും താമസവും ഭക്ഷണവും ലഭിക്കുമെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.

ഇതിന് പിന്നാലെ പ്രണവിന്റെ ആഗ്രഹങ്ങളെയും യാത്രകളെയും രീതികളെയും കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയാണ് വേണ്ടതെന്നും പ്രണവിനെ പോലെ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും ചിലർ കമന്റ് ചെയ്തിരുന്നു. അതേ സമയം അച്ഛൻ മോഹൻലാൽ കോടീശ്വരനായത് കൊണ്ടാണ് പ്രണവിന് ഇത്തരത്തിൽ യാത്ര പോകാൻ സാധിക്കുന്നതെന്നും യാത്രകൾക്കുള്ള പണച്ചെലവ് കൂടുതലാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ പ്രണവിനെ പോലെ യാത്രകൾ ചെയ്തും ജോലി ചെയ്തും ജീവിക്കാൻ അധികം പണച്ചെലവ് ഇല്ല എന്നതാണ് സത്യം. നിലവിൽ സ്‌പെയിനിലേക്ക് പ്രണവ് യാത്ര പോയതു പോലെ അധിക ചെലവുകൾ ഇല്ലാതെ ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യാനും ജോലി എടുക്കാനും സാധിക്കും. താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുകയും ചെയ്യും. എങ്ങനെയെന്നല്ലേ? പറഞ്ഞു തരാം.

Also Read:

Travel
യാത്രക്കാരെ സന്തോഷിപ്പിക്കാൻ വിമാനത്താവളത്തില്‍ 'ലാമ തെറാപ്പി'യുമായി അമേരിക്ക

ലോകമെമ്പാടും പ്രശസ്തമായ വോളണ്ടിയർ ട്രാവലിങ്ങിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ യാത്ര പോവുകയും അതേസമയം യാത്ര പോയ സ്ഥലത്ത് വോളണ്ടിയർ ആയി എന്തെങ്കിലും ചെറു ജോലികൾ ചെയ്യുകയും ചെയ്യാം. ജോലിക്ക് പ്രതിഫലമായി ഭക്ഷണവും താമസവും യാത്രാ ചെലവും ലഭിക്കും. ചില സ്ഥലങ്ങളിൽ ചെറിയ പോക്കറ്റ് മണിയും ലഭിക്കും.

നിങ്ങൾക്ക് ഉള്ള എന്ത് കഴിവും ഇത്തരത്തിൽ വോളണ്ടയറിങ് ആയി നൽകാൻ സാധിക്കും. ഗായകനായോ, അധ്യാപകനായോ, കോൺടെന്റ് ക്രിയേറ്റർ ആയോ, കൃഷിക്കാരനായോ, പാചകക്കാരനായോ ഒക്കെ ഇത്തരത്തിൽ ജോലി ചെയ്യാൻ സാധിക്കും. ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂറുകളോ ആഴ്ചയിൽ ഒരിക്കലോ ഇത്തരത്തിൽ ജോലി ചെയ്താൽ മതിയാവും. മിച്ചമുള്ള സമയങ്ങളിൽ നിങ്ങൾക്ക് ആ പ്രദേശത്തെ കാഴ്ച്ചകൾ കാണാൻ സാധിക്കും.

എങ്ങനെ വോളണ്ടിയർ യാത്രക്കാരനാവാം ?

ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തമായ നിരവധി വോളണ്ടിയർ ട്രിപ്പ് സർവീസുകള്‍ ഉണ്ട്. ഗുഗിൾ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഇവരെ കണ്ടെത്താം. ഗ്ലോബൽ വോളണ്ടിയർസ്, ഡെവലപ്പിങ് വേൾഡ് കണക്ഷൻസ്, വോളണ്ടിയർ യാത്ര, വേൾഡ് പാക്കേഴ്‌സ്, കായവോളണ്ടിയർ, വോളണ്ടിയർ ഇന്ത്യ പോലുള്ള ഗ്രൂപ്പുകൾ ഇത്തരത്തിൽ വോളണ്ടിയർ യാത്രകൾ നൽകുന്ന സംഘടനകളോ ഗ്രൂപ്പുകളോ ആണ്. ഇവയിൽ രജിസ്റ്റർ ചെയ്ത ശേഷം ഇവരുടെ സൈറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും ജോലികളും ഒത്തുനോക്കി നിങ്ങൾക്ക് ചേരുന്ന താൽപ്പര്യമുള്ള തിരഞ്ഞെടുക്കാം.

Also Read:

Entertainment News
പകൽ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളി, രാത്രി L 360 യിലെ കാർ ഡ്രൈവർ; ബാക്ക് ടു ബാക്ക് ചിത്രീകരണവുമായി മോഹൻലാൽ

എന്തൊക്കെ ശ്രദ്ധിക്കണം.

നിങ്ങൾ തിരഞ്ഞെടുക്കുന്ന ജോലികളുടെ സമയം, അവർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ, ജോലികൾ ചെയ്യുന്നതിനൊപ്പം നിങ്ങൾക്ക് ലഭിക്കുന്ന അവധികൾ, മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ പരിശോധിക്കണം. നിങ്ങളുടെ നാട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് എത്തുന്നതിനുള്ള യാത്ര ചെലവ് ആരാണ് വഹിക്കുന്നത് എന്നതും പരിശോധിക്കാവുന്നതാണ്. ഇത്തരം വോളണ്ടിയർ യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്.

എന്തൊക്കെ തരത്തിലുള്ള ജോലികൾ തിരഞ്ഞെടുക്കാം ?

വോളണ്ടിയർ യാത്രകളിൽ നിങ്ങൾ യാത്ര പോകുന്ന സ്ഥലത്തിന് അനുയോജ്യമായ, അതേസമയം നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന എന്ത് ജോലിയും തിരഞ്ഞെടുക്കാം. വിയറ്റ്‌നാമിലെ തേയില വിളവെടുപ്പ്, കാനഡയിലെ വിവിധ ദ്വീപുകളിൽ ലാൻഡ്സ്‌കേപ്പിങ്, റോഡ് നിർമാണം, സാക്ഷരത പ്രവർത്തനങ്ങൾ, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, സംഗീതം, വന്യജീവി സംരക്ഷണം, വളർത്തുമൃഗങ്ങളുടെ പരിപാലനം, കെയർ ഹോം ജോലികൾ, പാചകം, ഫാമിങ്, വന-ജല പുനർ സംരക്ഷണം, ഡൈവിങ്, കൃഷി, നൈപുണ്യ വികസനം, തുടങ്ങി ഏത് മേഖലകളിലും പ്രവർത്തിക്കാൻ സാധിക്കും.

ഒരാഴ്ച മുതൽ 12 ആഴ്ച വരെ നീണ്ടുനിൽക്കുന്ന വോളണ്ടിയർ സേവനങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇത്തരത്തിൽ യാത്ര ചെയ്യാൻ സാധിക്കും. ജോലി ആരംഭിക്കുന്ന ദിവസവും അവസാനിപ്പിക്കുന്ന ദിവസവും മുൻ കൂട്ടി തീരുമാനിക്കാനും സാധിക്കും. ഇത്തരത്തിൽ വോളണ്ടിയർ യാത്ര പോകുന്നവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഘങ്ങളുമുണ്ട്. 16 വയസ് മുതൽ മുകളിലേക്കുള്ളവർക്ക് ഇത്തരത്തിൽ വോളണ്ടിയർ യാത്ര പോകാൻ സാധിക്കും.Content Highlights: you can live and travel and work like Pranav Mohanlal without spending too much money, Volunteer Trip details

To advertise here,contact us