വളരട്ടങ്ങനെ വളരട്ടെ...ബ്ലൂ ഫ്‌ളാഗ് കിട്ടിയ കേരളത്തിലെ ബീച്ചുകള്‍

സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്കാണ് അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചത്

കേരള ടൂറിസത്തിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി. കേരളത്തിലെ രണ്ട് ബീച്ചുകള്‍ക്ക് പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകയ്ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റര്‍നാഷണല്‍ ബ്‌ളൂഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിനും കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ചിനുമാണ് ഈ ബഹുമതി ലഭിച്ചത്. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍ക്കും ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍ക്കും മെറീനകള്‍ക്കുമാണ് ഡെന്‍മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ (FEE) ആണ് ഈ അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നത്.

ഈ ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തില്‍ ഈ രണ്ട് ബീച്ചുകളുടെ ആകര്‍ഷണീയത വര്‍ധിക്കുകയും സുസ്ഥിര ടൂറിസം കേന്ദ്രമെന്ന കേരളത്തിന്റെ പെരുമ കരുത്താര്‍ജിക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി പി. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ യാത്രാനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന കേരളത്തിന്റെ രീതി തുടരുമെന്നും മന്ത്രി പറഞ്ഞു.

Also Read:

Health
HMPV വൈറസ് വൃക്കയെ ബാധിക്കുമോ? ഡോക്ടര്‍മാര്‍ പറയുന്നു

പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സൗഹൃദ രീതികള്‍ക്കും പ്രസിദ്ധിയാര്‍ജിച്ച കാപ്പാട്, ചാല്‍ ബീച്ചുകള്‍ ഉത്തരവാദിത്വ ടൂറിസത്തിന്റെ മാതൃകകളാണെന്നും ഈ ബഹുമതി ശുചിത്വം , പരിസ്ഥിതി പരിപാലനം, സന്ദര്‍ശകരുടെ സുരക്ഷ എന്നിവയില്‍ ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനത്തിന്റെ ഉദ്യമത്തിനുളള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി അവബോധമുള്ള സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ടേക്കെത്തിച്ച് പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രധാന ചുവടുവയ്പ്പായിട്ടാണ് ടൂറിസം അധികൃതരും സമൂഹവും ഈ നേട്ടത്തെ നോക്കിക്കാണുന്നത്.

Content Highlights : Two beaches in the state have received international Blue Flag certification

To advertise here,contact us