അഭിമാനമുഹൂർത്തം; ശ്രീനഗറിനെ 'തൊടാനൊ'രുങ്ങി വന്ദേ ഭാരത്, സർവീസ് ഉടൻ തുടങ്ങും

സർവീസ് ആരംഭിക്കുന്നതോടെ കശ്മീർ താഴ്വരയിലേക്ക്‌ ടൂറിസ്റ്റുകൾക്ക് എളുപ്പം എത്താൻ സാധിക്കും

ഇന്ത്യൻ റെയിൽവേയിൽ സുവർണ അധ്യായമെഴുതി ശ്രീനഗറിലേക്ക് വന്ദേ ഭാരത് സർവീസ് ഉടൻ. ഫെബ്രുവരി 21നോ, 22നോ സർവീസിന്റെ ഫ്ലാഗ് ഓഫ് ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഫെബ്രുവരി 17നായിരുന്നു സർവീസിന്റെ ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ മാറ്റിവെക്കുകയായിരുന്നു. എട്ട് കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് ശ്രീനഗർ വരെയുള്ള 150 കിലോമീറ്റർ ദൂരം വെറും രണ്ടര മണിക്കൂറിലാണ് ട്രെയിൻ പിന്നിടുക. വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ കശ്മീർ താഴ്വരയിലേക്ക്‌ ടൂറിസ്റ്റുകൾക്ക് എളുപ്പം എത്താൻ സാധിക്കും.

Also Read:

Tech
രണ്ടും കല്പിച്ച് ഇലോൺ മസ്ക്: ഇനി എഐ യുദ്ധം, ‘ഗ്രോക് ത്രീ' ഇന്ന് പുറത്തിറങ്ങും

ഉദ്ധംപൂർ - ബാരാമുള്ള റെയിൽ ലിങ്ക് പാതയിലൂടെയായിരിക്കും സർവീസ് കടന്നുപോകുക. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീറിങ് അത്ഭുതമായ ചെനാബ് പാലത്തിലൂടെയും സർവീസ് കടന്നുപോകും. ഈഫൽ ടവറിനേക്കാൾ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലമാണ് ചെനാബ് പാലം. നേരത്തെതന്നെ ഈ പാതയിലൂടെ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ശ്രീനഗറിലെ ജനങ്ങൾ ആഘോഷപൂർവമായാണ് താഴ്വരയിലേക്കുള്ള ആദ്യത്തെ വന്ദേ ഭാരതിനെ സ്വീകരിച്ചത്. റൈസി, ബനിഹാൽ എന്നിവയായിരിക്കും സർവീസിനുള്ള ഔദ്യോഗിക സ്റ്റോപ്പുകൾ. കാശ്മീരിൽ ഉണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ചയിലും മുടങ്ങാതെ സർവീസ് നടത്താനുള്ള സംവിധാനങ്ങൾ ട്രെയിനിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Vande Bharat to srinagar to start service soon

To advertise here,contact us