യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് മണിക്കൂറിലെത്തിയാലോ? അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ കമ്പനി

ഇനി ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ വിമാന ടിക്കറ്റിനെ പേടിച്ച് നാട്ടിലേക്ക് വരാതിരിക്കേണ്ട. ദുബായില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ബുള്ളറ്റ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയുമായി യുഎഇ ആസ്ഥാനമായ നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ്. മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കാണ് ട്രെയിന്‍. വെള്ളത്തിനടിയിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല ഇന്ധനമുള്‍പ്പടെ കൊണ്ടുപോകാം.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യ-യുഎഇ യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. നിലവില്‍ വിമാനത്തില്‍ 4 മണിക്കൂറാണ് യാത്രാ സമയം. ഒരേ സമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്ക് മാത്രമല്ല റെയില്‍ കടന്നുപോകുന്ന ഇതര രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷനല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സല്‍റ്റന്റ് അബ്ദുല്ല അല്‍ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായിരിക്കും പദ്ധതി.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.

കടലിനടയിലൂടെയുള്ള അതിവേഗ റെയില്‍ ശ്യംഖല സ്ഥാപിക്കലാണ് വെല്ലുവിളി നിറഞ്ഞ ഘട്ടം. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കിമീ ദുരിത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍ വഴി ബന്ധിപ്പിക്കുക. പദ്ധതിയ്ക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം.

Content Highlights: UAE Company lauches underwater bullet train project from uae to india

To advertise here,contact us