പുതിയ പാമ്പന് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്പ്പിച്ചു. രാമനവമി ദിവസമായ ഇന്ന് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില് ദര്ശനം നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രി പാലം ഉദ്ഘാടനത്തിനെത്തിയത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുളള പുതിയ തീവണ്ടി സര്വ്വീസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെര്ട്ടിക്കല് ലിഫ്റ്റ് സ്പാന് ഉയര്ത്തി. അതിനുപിന്നാലെ തീരസംരക്ഷണസേനയുടെ കപ്പല് പാലത്തിനടിയിലൂടെ കടന്നുപോയി.
പഴയ പാമ്പന് പാലത്തിന്റെ നിര്മ്മാണം 1911-ല് ആരംഭിച്ച് 1914-ലാണ് പൂര്ത്തിയായത്. 1964-ല് രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റില് പാമ്പന് പാലം തകര്ന്നു. ധനുഷ്കോടിയുടെ ഭാഗങ്ങള് കടലില് മുങ്ങി. രണ്ട് കിലോമീറ്ററിലേറെ നീളമുളള പാലത്തില് കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള് അസാധ്യമായ സാഹചര്യത്തിലാണ് പുതിയ പാലം നിര്മ്മിക്കാന് തീരുമാനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള വ്യാപാരം വര്ധിപ്പിക്കാന് ബ്രിട്ടീഷ് ഭരണകൂടം വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു പഴയ പാമ്പന് പാലം. എല്ലാകാലത്തും സഞ്ചാരികള്ക്ക് കൗതുകക്കാഴ്ച്ചയായിരുന്ന പാലത്തില് 2022 ഡിസംബറില് അപകടമുന്നറിയിപ്പ് ലഭിച്ചതിനെതുടര്ന്നാണ് ട്രെയിന് ഗതാഗതം നിര്ത്തിവെച്ചത്.
ഇന്ത്യന് റെയില്വേയുടെ എഞ്ചിനീയറിംഗ് വിഭാഗമായ റെയില് വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചിലവില് പുതിയ പാലം നിര്മ്മിച്ചത്. 2.8 കിലോമീറ്ററാണ് പുതിയ പാമ്പന് പാലത്തിന്റെ നീളം. രാജ്യത്ത് ആദ്യമായി കപ്പലുകള്ക്ക് വഴിയൊരുക്കാനായി 'വെര്ട്ടിക്കല് ലിഫ്റ്റിംഗ്' സംവിധാനത്തോടെ നിര്മ്മിച്ച ആദ്യത്തെ പാലമാണ് പുതിയ പാമ്പന് പാലം. 18 മീറ്റര് അകലത്തില് 99 തൂണുകളും നടുവിലായി 72.5 മീറ്റര് നീളമുളള നാവിഗേഷന് സ്പാനുമാണ് പുതിയ പാലത്തിലുളളത്. ഈ ഭാഗം ഉയര്ത്തുമ്പോഴാണ് കപ്പലുകള്ക്ക് പാലത്തിനടിയിലൂടെ കടന്നുപോകാനാവുക. നാവിഗേഷന് സ്പാന് 17 മീറ്റര് വരെ ഉയര്ത്താനാകും. ഇത് പാലത്തിനടിയിലൂടെ വലിയ കപ്പലുകളുടെ ഗതാഗം സുഗമമാക്കുന്നു. പാലത്തിന്റെ ഇരുവശത്തുമുളള സെന്സറുകള് ഉപയോഗിച്ചാണ് നാവിഗേഷന് സ്പാന് പ്രവര്ത്തിക്കുക. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന് മൂന്നു മിനിറ്റും അടയ്ക്കാന് രണ്ടുമിനിറ്റും മതി.
കഠിനമായ സമുദ്രസാഹചര്യങ്ങളെ നേരിടാന് പാകത്തിലുളളതാണ് പുതിയ പാലം. ട്രെയിന് ഗതാഗതം കൂടുതല് വേഗത്തിലാക്കാന് പാലം സഹായിക്കും. പഴയ പാലത്തില് മണിക്കൂറില് 10 കിലോമീറ്റര് വേഗതയില് മാത്രമേ ട്രെയിനുകള് സര്വ്വീസ് നടത്തിയിരുന്നുളളു. എന്നാല് പുതിയ പാലത്തില് മണിക്കൂറില് 98 കിലോമീറ്റര് വേഗതയില് ട്രെയിനുകള്ക്ക് സര്വ്വീസ് നടത്താന് കഴിയും. 100 വര്ഷത്തിലധികം ആയുസാണ് പാലത്തിന് പ്രവചിക്കപ്പെടുന്നത്. തുരുമ്പ് പിടിക്കാത്ത സ്റ്റീല് റീഇന്ഫോഴ്സ്മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്സ്, കട്ടിംഗ് എഡ്ജ് ടെക്നോളജി, ദീര്ഘകാലം നിലനില്ക്കുന്ന പെയിന്റിംഗ് എന്നിവയും പുതിയ പാമ്പന് പാലത്തിന്റെ പ്രത്യേകതയാണ്.
Content Highlights: Why new pamban bridge is special