മദ്യലഹരിയില്‍ വിമാനത്തില്‍ യാത്രക്കാരന്റെ പരാക്രമം, ഒടുവില്‍ സീറ്റില്‍ കെട്ടിയിട്ട് ജീവനക്കാര്‍; വീഡിയോ

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ചതോടെ വിമാനത്തിന്റെ ലാന്‍ഡിങുള്‍പ്പടെ വൈകി

മദ്യ ലഹരിയിലും അല്ലാതെയും ചില യാത്രക്കാര്‍ വിമാനത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്തയാകാറുണ്ട്. മദ്യലഹരിയില്‍ ഒരാള്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം ഉണ്ടായത് അടുത്തിടെയാണ്. പലപ്പോഴും യാത്രകള്‍ക്ക് വലിയ തടസ്സങ്ങളും ഇത്തരം സംഭവങ്ങളുണ്ടാക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നിന്ന് റോഡ്‌സിലേക്ക് പറന്നുയര്‍ന്ന റയാനെയര്‍ വിമാനത്തിലുണ്ടായത്. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ചതോടെ വിമാനത്തിന്റെ ലാന്‍ഡിങുള്‍പ്പടെ വൈകി.

മദ്യലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ ബഹളം വെക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ട് കുപ്പി മദ്യം വിമാനജീവനക്കാര്‍ പിടിച്ചെടുത്തു. വീണ്ടും ഇയാള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരന്‍ കൂടുതല്‍ അക്രമാസക്തനായെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വിമാനം റോഡ്‌സില്‍ ഇറങ്ങാന്‍ സമയമായിട്ടും യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല. ജീവനക്കാര്‍ ഏറെ തവണ ഇതാവശ്യപ്പെട്ടിട്ടും യാത്രക്കാരന്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ജീവനക്കാര്‍ക്കൊപ്പം മറ്റ് യാത്രക്കാരും ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ ആളെ പിടിച്ചിരുത്താന്‍ നോക്കിയെങ്കിലും ഇയാള്‍ ഇതിനെ ചെറുക്കുകയായിരുന്നു. ഒടുവില്‍ സ്‌പെയര്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ കെട്ടിയിട്ടതിന് ശേഷമാണ് വിമാനം നിലത്തിറക്കിയത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവം സ്ഥിരീകരിച്ച് റയാനെയര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറയിക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എല്ലാവര്‍ക്കും സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ കര്‍ശനമായ സീറോ ടോളറന്‍സ് നയമാണ് എയര്‍ലൈന്‍സ് പുലര്‍ത്തുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Ryanair staff strap "unruly" man to seat during chaotic flight pic.twitter.com/MnDwSaBjaK

Content Highlights: Drunk passenger tied down with seat belts but still breaks free mid-flight, causes delay in landing

To advertise here,contact us