യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിലേക്കും, ഈ വര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ട്

10 സ്ലീപ്പര്‍ ട്രെയിനുകളാണ് പുറത്തിറക്കുക

കേരളത്തില്‍ ഈ വര്‍ഷം തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ മോഡല്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്. രാത്രി സര്‍വീസിന് കൂടി വന്ദേഭാരത് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. 10 സ്ലീപ്പര്‍ ട്രെയിനുകളാണ് പുറത്തിറക്കുക. ആദ്യത്തേത് ഉത്തര റെയില്‍വേക്കാകും. ശേഷിക്കുന്ന ഒന്‍പതില്‍ ഒരെണ്ണം കേരളത്തിനുമായിരിക്കും ലഭിക്കുകയെന്നാണ് സൂചന.

രാജ്യത്ത് തന്നെ വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച ഒക്യുപെന്‍സി റേറ്റുള്ളത് കേരളത്തിലായതിനാല്‍ തന്നെ ഈ വര്‍ഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് മുന്‍ഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിന്‍ ആകും സ്ലീപ്പര്‍ ആയി സര്‍വീസ് നടത്തുക. 1128 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം -മംഗളൂരു റൂട്ടിലാകും സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍സോണ്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലേക്കും അധിക റൂട്ടുകള്‍ പരിഗണനയിലുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകല്‍പ്പന ചെയ്ത വന്ദേ സ്ലീപ്പര്‍ ട്രെയിന്‍, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മ്മിക്കുന്നത്. എയര്‍ കണ്ടീഷന്‍ ചെയ്ത സ്ലീപ്പര്‍ ട്രെയിനിന് 1,128 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

യാത്രാനുഭവം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സ്ലീപ്പിംഗ് ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയര്‍ ഡിസൈനുകള്‍, യാത്രക്കാര്‍ക്ക് വായനയില്‍ മുഴുകുന്നതിന് പ്രത്യേക ലൈറ്റിംഗ് സംവിധാനം, ഓരോ കോച്ചിലും ജിപിഎസ് അധിഷ്ഠിത എല്‍ഇഡി ഡിസ്‌പ്ലേ സംവിധാനം എന്നിവ പുതിയ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഉണ്ടായിരിക്കും.

മോഡുലാര്‍ പാൻട്രി സൗകര്യത്തോടെ കാറ്ററിംഗ് സേവനങ്ങള്‍ ഉറപ്പാക്കും. ഓട്ടോമാറ്റിക് വാതിലുകളും യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കവച് എന്നിയപ്പെടുന്ന സമഗ്ര സുരക്ഷാ സംവിധാനവും കോച്ചുകളില്‍ ഉണ്ടായിരിക്കും.

Content Highlights: Kerala to get one of indians first vande bharat sleeper train in 2025

To advertise here,contact us